തിരുവനന്തപുരം: കേരളം അപ്പൂപ്പന്മാരുടെ നാടാകുന്നു. ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് അതിവേഗം കേരളം പ്രായമുള്ളവരുടെ സംസ്ഥാനമായി മാറുകയാണെന്ന് സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്.
ജനസംഖ്യാപരമായ മാറ്റം കണക്കിലെടുത്താല്‍ കേരളത്തിന് മറ്റു സംസ്ഥാനങ്ങളേക്കാള്‍ പ്രായമേറുന്നു. 1961ല്‍ കേരളത്തില്‍ 60 കഴിഞ്ഞവരുടെ ജനസംഖ്യ 5.1 ശതമാനമായിരുന്നു. അന്ന് ഇക്കാര്യത്തില്‍ ദേശീയ ശരാശരി 5.6 ശതമാനവും. 80 നുശേഷം കേരളം ഇതര സംസ്ഥാനങ്ങളെ മറികടന്നു. 2001 ആയപ്പോഴേക്കും കേരളത്തിലെ ജനസംഖ്യയില്‍ 60 കഴിഞ്ഞവര്‍ 10.5 ശതമാനമായി. (ദേശീയ ശരാശരി 7.5 ശതമാനം.)
2011ല്‍ കേരളത്തിലെ ജനങ്ങളില്‍ 12.5 ശതമാനവും 60 കഴിഞ്ഞവരായി. ദേശീയ ശരാശരി 8.6 ശതമാനം. 2015ല്‍ ദേശീയ ശരാശരി 8.3 ശതമാനമായി, കേരളത്തില്‍ 13.1 ശതമാനവും. ഇപ്പോള്‍ (2018ലെ കണക്ക്) കേരളത്തിലെ 48 ലക്ഷം പേരും 60 വയസ്കഴിഞ്ഞവരാണ്. അവരില്‍ 15 ശതമാനം 80 വയസ്കഴിഞ്ഞവരും. കേരളത്തിന്റെ ആരോഗ്യ മേഖല കൈവരിച്ച നേട്ടത്തിന്റെ ഫലമാണിതെന്ന് വാദിക്കാം. പക്ഷെ, യുവജനതയുടെ എണ്ണമാണ് (ജോലി ചെയ്യാന്‍ പറ്റുന്ന പ്രായക്കാര്‍) സംസ്ഥാനത്തിന്റെ വികസനത്തിനും മുന്നേറ്റത്തിനും അനിവാര്യം.
മലയാളികളില്‍ 60 കഴിഞ്ഞവര്‍ കൂടുതലും സ്ത്രീകളാണ്. ഇവരില്‍ വലിയൊരു ഭാഗവും വിധവകളും. 60 മുതല്‍ 69 വരെയുള്ള സ്ത്രീകളില്‍ 23 ശതമാനവും വിധവകളാണ്. 70 കഴിഞ്ഞ സ്ത്രീകളില്‍ 43.06 ശതമാനവും വിധവകളാണ്. 2025 ഓടെ കേരളത്തിലെ ജനങ്ങളില്‍ 20 ശതമാനവും വൃദ്ധരായി മാറുമെന്നും അതോടെ സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ക്കുള്ള ആവശ്യകത വന്‍തോതില്‍ വര്‍ദ്ധിക്കുമെന്നും സാമ്പത്തിക അവലോകനത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: