അയോധ്യയിലെ രാമജന്മ ഭൂമിയില്‍ അതിഗംഭീരമായ ക്ഷേത്രം നിര്‍മിക്കാനുള്ള ട്രസ്റ്റ് രൂപീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ നടത്തിയ പ്രഖ്യാപനം ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ദേശസ്‌നേഹികളായ ഭാരതീയര്‍ സ്വന്തം ഹൃദയ കമലങ്ങളിലാണ് ഏറ്റുവാങ്ങിയത്. അയോധ്യയില്‍ രാമക്ഷേത്രത്തിന് അനുമതി നല്‍കിക്കൊണ്ടുള്ള ഇക്കഴിഞ്ഞ നവംബര്‍ ഒന്‍പതിലെ ചരിത്രപരമായ സുപ്രീംകോടതി വിധിയുടെ നിര്‍ദ്ദേശ പ്രകാരം രൂപീകരിക്കപ്പെട്ട ട്രസ്റ്റില്‍ പതിനഞ്ച് അംഗങ്ങളാണുള്ളത്. രാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര എന്ന പേരിലുള്ള ട്രസ്റ്റില്‍ രാഷ്‌ട്രത്തിന്റെ ഏകത ഊട്ടിയുറപ്പിക്കാന്‍ ആദി ശങ്കരാചാര്യര്‍ സ്ഥാപിച്ച ദ്വാരക, പുരി, ശൃംഗേരി, ബദരി എന്നീ മഠങ്ങളിലെ ശങ്കരാചാര്യന്മാര്‍ അംഗങ്ങളായിരിക്കും. മറ്റു മഠങ്ങളില്‍നിന്നുള്ളവരും അംഗങ്ങളാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരംഗം ദളിത് വിഭാഗത്തില്‍നിന്നുള്ളയാളായിരിക്കും. സ്വയംഭരണാവകാശമുള്ള ട്രസ്റ്റിന്റെ അധ്യക്ഷന്‍ ആരായിരിക്കുമെന്ന് അറിവായിട്ടില്ലെങ്കിലും രാജ്യത്തെ പ്രമുഖ നിയമജ്ഞനായ കെ. പരാശരന്റെ മേല്‍വിലാസത്തിലായിരിക്കും ട്രസ്റ്റ് പ്രവര്‍ത്തിക്കുക. അയോധ്യകേസില്‍ രാമജന്മഭൂമിയിലെ പ്രതിഷ്ഠയായ രാമവിഗ്രഹത്തിനു വേണ്ടി സുപ്രീംകോടതിയില്‍ വാദിച്ച പരാശരന്‍തന്നെ ട്രസ്റ്റിനെ നയിക്കാനാണ് സാധ്യത.
ട്രസ്റ്റ് രൂപീകരിക്കാന്‍ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് നിര്‍ദ്ദേശിച്ച സമയ പരിധി തീരാന്‍ മൂന്നുദിവസം അവശേഷിക്കെയാണ് ലോക്‌സഭയില്‍ പ്രധാനമന്ത്രി മോദി ട്രസ്റ്റ് രൂപീകരിച്ചതായുള്ള പ്രഖ്യാപനം നടത്തിയത്. ജയ് ശ്രീറാം വിളികളോടെയാണ് അംഗങ്ങള്‍ ഇതിനെ എതിരേറ്റത്. സ്വാതന്ത്ര്യസമരത്തിനു ശേഷം രാജ്യം കണ്ട ഏറ്റവും ജനപങ്കാളിത്തമുള്ള മുന്നേറ്റമായിരുന്നു അയോധ്യാ പ്രക്ഷോഭം. വര്‍ഷങ്ങളായി ഇതിന്റെ പ്രതിധ്വനികള്‍ അലയടിക്കുന്ന സഭാതലം ഈയൊരു ദിവസത്തിനുവേണ്ടി കാത്തിരിക്കുകയായിരുന്നു. രാമജന്മഭൂമിയില്‍ ക്ഷേത്രം നിര്‍മിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടു പോരുകയും, ഇത് സ്വന്തം പ്രകടന പത്രികകളില്‍ ഉള്‍പ്പെടുത്തുകയും ചെയ്ത പാര്‍ട്ടിയാണ് ബിജെപി. ആ പാര്‍ട്ടിയുടെ പ്രധാനമന്ത്രി തന്നെ രാജ്യം ഭരിക്കുമ്പോള്‍ ഇങ്ങനെയൊരു പ്രഖ്യാപനം നടത്താന്‍ കഴിഞ്ഞത് ചരിത്രത്തിന്റെ ചാരുതയാണ്. മറ്റ് രാഷ്‌ട്രീയ പാര്‍ട്ടികളുടെയും, അവര്‍ നേതൃത്വം നല്‍കിയ ഭരണകൂടങ്ങളുടെയും എതിര്‍പ്പുകളെ നേരിട്ട് രാമക്ഷേത്രത്തിനുവേണ്ടി നിലകൊണ്ടപ്പോഴും ഇതൊരു രാഷ്‌ട്രീയ വിഷയമല്ലെന്നും, ദേശീയതയുടെയും ദേശാഭിമാനത്തിന്റെയും പ്രശ്‌നമാണെന്നും ബിജെപി ഉള്‍പ്പെടുന്ന സംഘപരിവാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ ക്ഷേത്രനിര്‍മാണത്തിന് ട്രസ്റ്റ് രൂപീകരിച്ചപ്പോള്‍ അതില്‍നിന്ന് രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികളെ ഒഴിവാക്കി ആത്മാര്‍ത്ഥത തെളിയിച്ചിരിക്കുകയാണ് മോദി സര്‍ക്കാര്‍.
സുപ്രീംകോടതി വിധിയനുസരിച്ച് മുസ്ലിങ്ങള്‍ക്ക് പള്ളിനിര്‍മിക്കുന്നതിനുവേണ്ടി രാമജന്മഭൂമിക്ക് പുറത്ത്, അവിടെനിന്ന് 25 കിലോമീറ്റര്‍ അകലെ അഞ്ച് ഏക്കര്‍ സ്ഥലം അനുവദിച്ച് ഉത്തര്‍പ്രദേശിലെ ബിജെപി സര്‍ക്കാര്‍ ഉത്തരവിറക്കി കഴിഞ്ഞു. ഈ സ്ഥലം സ്വീകരിക്കുന്ന കാര്യത്തില്‍ മുസ്ലിം സംഘടനകളില്‍ തര്‍ക്കം നില നില്‍ക്കുകയാണ്. ഇതു സംബന്ധിച്ച തീരുമാനം അവരുടെ വിവേചനാധികാരത്തിനുവിടാം. അയോധ്യ പ്രക്ഷോഭം ഒരിക്കലും മുസ്ലിം വിരുദ്ധമായിരുന്നില്ല. യുഗങ്ങളായി ഭാരതം എന്ന മഹാസംസ്‌കൃതിയുടെ ആത്മസ്വരൂപമായി നിലനില്‍ക്കുന്ന തേജോബിംബമാണ് ശ്രീരാമന്‍. ധര്‍മത്തിന്റെ പ്രതിരൂപമായ രാമന്‍ ജനിച്ചുവെന്ന് ഹിന്ദു ജനത വിശ്വസിക്കുന്ന പുണ്യഭൂമിയില്‍ അടിമത്വത്തിന്റെ കളങ്കം പേറുന്ന ‘ബാബറി മസ്ജിദ്’ നിലനില്‍ക്കുന്നതിലായിരുന്നു എതിര്‍പ്പ്. വിദേശ ആക്രമണകാരിയായ ബാബര്‍ രാമക്ഷേത്രം തകര്‍ത്ത് നിര്‍മിച്ചതായിരുന്നു ഈ തര്‍ക്ക മന്ദിരം എന്നത് ദേശാഭിമാനികള്‍ക്ക് ഒരിക്കലും പൊറുക്കാവുന്നതായിരുന്നില്ല. ഭാരതത്തിന്റെ മഹാഗുരുവായ രാമനില്‍ അഭിമാനിക്കുന്നുവെന്ന് ഉറുദു കവി മുഹമ്മദ് ഇക്ബാല്‍ തന്നെ വാഴ്‌ത്തിയ അവതാര പുരുഷനോട് മുസ്ലിങ്ങള്‍ക്ക് എന്തിനാണ് എതിര്‍പ്പ്? പകരം ലഭിച്ച ഭൂമിയില്‍ പള്ളി നിര്‍മിക്കുമ്പോള്‍ അതിന് ‘ബാബറി മസ്ജിദ്’ എന്ന പേരിടരുത് എന്നാണ് ഹിന്ദുക്കള്‍ ആഗ്രഹിക്കുന്നത്. കാരണം ദേശസ്‌നേഹികളായ പുതിയ തലമുറ അതിനോട് പൊരുത്തപ്പെടില്ല.
പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന അയോധ്യ പ്രക്ഷോഭത്തിന് നെടുനായകത്വം വഹിച്ചത് വിശ്വഹിന്ദു പരിഷത്ത് എന്ന പ്രസ്ഥാനമാണ്. മഹന്ത് അവൈദ്യനാഥിനെയും അശോക് സിംഗാളിനെയും പോലുള്ളവര്‍ ഈ മഹനീയ ലക്ഷ്യത്തിനുവേണ്ടി ആത്മത്യാഗം ചെയ്തവരാണ്. രാമജന്മഭൂമി ന്യാസ് നിര്‍ദ്ദേശിച്ച മാതൃകയില്‍ ക്ഷേത്രം നിര്‍മിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പുതുതായി രൂപീകരിക്കപ്പെട്ട ട്രസ്റ്റ് ഈ അഭ്യര്‍ത്ഥന മാനിക്കുമെന്നും, എത്രയും വേഗം അംബരചുംബിയായ രാമക്ഷേത്രം അയോധ്യയില്‍ ഉയര്‍ന്നുവരുമെന്നും ഏവര്‍ക്കും പ്രതീക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: