കണ്ണൂര്‍: കൊറോണ രോഗലക്ഷണങ്ങളുമായി ഒരാളെ കൂടി കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ഇതോടെ ജില്ലയില്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം മൂന്നായി. പുതുതായി രണ്ടുപേരുടെ സാമ്പിളുകള്‍ കൂടി പരിശോധനക്കായി ലാബിലേക്കയച്ചു. ആകെ ആറുപേരുടെ സാമ്പിളുകളാണ് ഇതിനകം ജില്ലയില്‍ നിന്നും അയച്ചിരിക്കുന്നത്.
ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 161 ആയി. 153 പേരാണ് ഇതില്‍ വീടുകളില്‍ നിരീക്ഷണത്തിലുള്ളത്. ചൈനയുള്‍പ്പടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ 15 പേരും പുതുതായി ആരോഗ്യ വകുപ്പില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ഇവരും നിരീക്ഷണത്തിലാണെന്നും അരോഗ്യ വകുപ്പ് അറിയിച്ചു.
വൈറസ് ബാധ തടയുന്നതിന് മാഹിയിലും ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചതായി മാഹി റീജ്യണല്‍ അഡ്മിനിസ്‌ട്രേറ്റര്‍ അമന്‍ ശര്‍മ്മ മാഹി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മാഹി ആരോഗ്യ വകുപ്പ് മേഖലയില്‍ മുഴുവന്‍ ഇത് സംബദ്ധിച്ച ബോധവല്‍ക്കണ പരിപാടികള്‍ നടത്തി വരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മാഹി സർക്കാർ ജനറല്‍ ആശുപത്രിയില്‍ പ്രത്യേക ഐസൊലേറ്റഡ് വാര്‍ഡ് തയ്യാറാക്കിയിട്ടണ്ട്.
ചൈനയില്‍ നിന്ന് മാഹിയില്‍ എത്തിയവര്‍ നിരീക്ഷണത്തിലാണ്. മൂന്ന് പേര്‍ അവരുടെ വീടുകളില്‍ തന്നെ ഐസൊലേറ്റഡ് മുറികളില്‍ നിരീക്ഷണത്തിലാണുളളത്. മുന്‍കരുതല്‍ സംബന്ധിച്ച വിവരങ്ങളടങ്ങിയ ലഘുലേഖകള്‍ ആശാവര്‍ക്കര്‍മാര്‍ വീടുവീടാന്തരം വിതരണം ചെയ്യുന്നുണ്ട്. കൊറോണ സംബന്ധിച്ച എല്ലാ വിവരങ്ങളും 04902334042, 6282861944, 8592861000 എന്നീ നമ്പറുകളില്‍ അറിയിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: