സുശക്തമായ സാമ്പത്തിക അടിത്തറയില്‍ നിന്ന് രാജ്യത്തെ നയിക്കാനുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയാണ് നിര്‍മ്മല സീതാരാമന് അവതരിപ്പിച്ച ബജറ്റില്‍ നിഴലിക്കുന്നത്. വികസനത്തിന് ഉതകുന്ന പദ്ധതികള്‍ ആവിഷ്കരിക്കുന്നതിനൊപ്പം ക്ഷേമ കാര്യങ്ങളില്‍ വിട്ടുവീഴ്ച വേണ്ടതില്ലെന്ന വിചാരവും പ്രകടമാണ്. അതിലേറെ ശ്രദ്ധിക്കേണ്ടത് മധ്യ – ഇടത്തരം വരുമാനക്കാര്‍ക്ക് കൂടുതലായി അനുവദിച്ച ഇളവുകളാണ്. ആദായ നികുതി നിരക്കുകളില്‍ വരുത്തിയ മാറ്റം സര്‍ക്കാരിന്റെ ദിശ വ്യക്തമാക്കുന്നുണ്ടല്ലോ.
പുതിയ ദശാബ്ദത്തിലെ ആദ്യ ബജറ്റ്,അതുകൊണ്ടുതന്നെ ശ്രദ്ധേയമായി. കഴിഞ്ഞ ആറു വര്‍ഷത്തെ നയ പരിപാടികളുടെയും പദ്ധതികളുടെയും തുടര്‍ച്ചയാണ് ബജറ്റ്. നയം മാറ്റമില്ല, ദിശയും മാറുന്നില്ല. കൊട്ടിഘോഷിക്കാനല്ല മറിച്ച്, മുന്നോട്ടുള്ള യാത്ര വേഗത്തിലാക്കാനാണ് ശ്രമിച്ചിട്ടുള്ളത്. 2025-ഓടെ അഞ്ചു ട്രില്യണ്‍ എക്കണോമി എന്ന ലക്ഷ്യവും ധനമന്ത്രി മനസ്സില്‍ കരുതിയിരിക്കുന്നു.
2014ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റത് മുതല്‍ ഊന്നല്‍ നല്‍കിയത് സമ്പദ്ഘടനയെ സുശക്തവും സുതാര്യവുമാക്കുക എന്നതിലാണ്. അനവധി തട്ടിപ്പുകള്‍ക്കു സാക്ഷ്യം വഹിച്ച സര്‍ക്കാരിന്റെ പിന്തുടര്ച്ചയായിട്ടാണല്ലോ മോദി അധികാരമേല്‍ക്കുന്നത്. അതുകൊണ്ടുതന്നെ, ഏറെ കരുതലോടെയാണ് നീങ്ങിയിരുന്നത്. സമ്പദ്രംഗത്തെ കരുത്തുറ്റതാക്കാനാണ് അദ്ദേഹം ശ്രമിച്ചത്. അതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചു. പുഴുക്കുത്തുകളെ തിരിച്ചറിയാന്‍ ശ്രമിച്ചു. പഴയ സര്‍ക്കാരിന്റെ കാലത്തെ അഴിമതികള്‍ ഓരോന്നായി ഉയര്‍ന്നുവന്നപ്പോള്‍ അതിനെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ നോക്കിയില്ല. മറിച്ച്,നിയമം നിയമത്തിന്റെ വഴിയെ പോകട്ടെ എന്നാണ് അദ്ദേഹം തീരുമാനിച്ചത്. അഴിമതി നടത്തിയതായി വ്യക്തതയുള്ള ഒരാളെപ്പോലും, ഒരു ഘട്ടത്തിലും, വേട്ടയാടിയതായി അദ്ദേഹത്തിന്റെ ശത്രുക്കള്‍ പോലും പറയുമെന്ന് തോന്നുന്നില്ല. അതാണല്ലോ പലരും ഇപ്പോഴും മിടുക്കരായി നമ്മുടെ മുന്നില്‍ നടക്കുന്നത്. സര്‍ക്കാര്‍ ശ്രദ്ധിച്ചത് സമ്പദ്ഘടനയെ കരുത്തുറ്റതാക്കുന്നതിലാണ്. സുതാര്യത ഉറപ്പുവരുത്തി. നികുതി ചോര്‍ച്ച ഒഴിവാക്കാന്‍ എല്ലാ ശ്രമവും നടത്തി. പിന്നെ ദീര്‍ഘകാലമായി രാജ്യം ആവശ്യപ്പെട്ടിരുന്ന ശുദ്ധീകരണ പ്രക്രിയയും.
സമ്പദ് രംഗത്തെ ശുദ്ധീകരിക്കുക എന്നതില്‍ വലിയ ഊന്നലാണ് നല്‍കിയത്. എത്രയോ പരിഷ്കരണ നടപടികള്‍ നാം കണ്ടു. നോട്ട് റദ്ദാക്കല്‍, ജിഎസ്ടി, ബാങ്കിങ് മേഖലയിലെ നിയമ പരിഷ്കരണങ്ങള്‍, ബാങ്കുകളുടെ ലയനം, കോര്‍പ്പറേറ്റ് മേഖലയിലെ നികുതി – നിയമ ഘടനകളിലെ മാറ്റങ്ങള്‍ അങ്ങനെ പലതും. അതിന്റെയൊക്കെ പിന്തുടര്ച്ചയാണ് നിര്‍മ്മല സീതാരാമന്റെ പുതിയ ബജറ്റ്.
ആദായ നികുതി നിരക്കുകളിലെ വ്യത്യാസമാണ് പ്രധാന തീരുമാനം. മധ്യ – ഇടത്തരം വരുമാനക്കാര്‍ക്ക് സഹായകരമാവുന്നതാണ് അതൊക്കെയും. നികുതി ഇളവുകള്‍ നല്കുന്ന കുറെ വ്യവസ്ഥകള്‍ ഒഴിവാക്കാന്‍ മന്ത്രി തയാറായിരിക്കുന്നു. നൂറില്‍ ഏതാണ്ട് എഴുപതും ഇനി ഉണ്ടാവില്ല എന്നതാണ് പ്രത്യേകത. നികുതി കണക്കാക്കാന്‍, റിട്ടേണ്‍ ഫയലാക്കാന്‍ ഒക്കെ അത് എളുപ്പമാക്കുകയും ചെയ്യും. പുതിയ സംവിധാനമനുസരിച്ച് അഞ്ച് മുതല്‍ ഏഴര ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ വേറെ യാതൊരു കിഴിവും തേടുന്നില്ലെങ്കില്‍ വെറും പത്ത് ശതമാനം നികുതി നല്കിയാല് മതി. നിലവില്‍ അത് ഇരുപത് ശതമാനമാണ്. ഏഴര മുതല്‍ പത്ത് ലക്ഷം വരെ നികുതി 15 ശതമാനവും (നിലവില്‍ 20%), പന്ത്രണ്ടര ലക്ഷം മുതല്‍ പതിനഞ്ചു ലക്ഷം രൂപ വരെ 25 ശതമാനവുമാവും (നിലവില്‍ അത് 30%). അതിനപ്പുറം, 15 ലക്ഷത്തിന് മേല്‍, 30%. ഇതുകൊണ്ട് ജനങ്ങളുടെ കയ്യില്‍ പണമുണ്ടാവുമെന്നതാണ് പ്രത്യേകത. 40,000 കോടി ജനങ്ങളുടെ കയ്യിലെത്തുമെന്നും അതിനനുസൃതമായി അവര്‍ക്ക് ചെലവഴിക്കാനാവുമെന്നുമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
കാര്‍ഷിക – ഗ്രാമീണ മേഖലയ്ക്ക് ഇത്രയേറെ ഊന്നല്‍ നല്കിയ ബജറ്റ് കുറവാകും. 2022-ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ ഉദ്ദേശിച്ചുള്ള പദ്ധതികള്‍ ലക്ഷ്യമിടുന്നു. അതിലൊരു സമഗ്രതയുണ്ട്. 2.83 ലക്ഷം കോടി രൂപ കാര്‍ഷിക മേഖലയ്ക്കായി മാറ്റിവെച്ചു. അതില്‍ത്തന്നെ 1.6 ലക്ഷം കോടി കാര്‍ഷിക മേഖലക്കും അതുമായി ബന്ധപ്പെട്ട ജലസേചന പദ്ധതികള്‍ക്കുമാണ്. ഭാവനാപൂര്‍ണമായ ചില ‘നോവല്‍ പദ്ധതി’കള്‍ അതിലുള്ക്കൊള്ളിച്ചിരിക്കുന്നു. ഗ്രാമങ്ങളില്‍ കാര്‍ഷിക വിളകള്‍ സൂക്ഷിക്കാന്‍ കഴിയാത്ത പോരായ്മയ്ക്ക് പരിഹാരവും നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നു. ഗോഡൗണ്‍ ശീതീകരണ സംവിധാനങ്ങള്‍ ഒക്കെ വാജ്പേയി സര്‍ക്കാരിന്റെ കാലത്തുണ്ടായ നിര്‍ദ്ദേശങ്ങളാണ്. കുറെയൊക്കെ ഉണ്ടായിട്ടുണ്ട്. എന്നാലിപ്പോള്‍ ‘മുദ്ര’ വായ്പയുടെ സഹായത്തോടെ സ്വയം സഹായ സംഘങ്ങള്‍ക്ക് ഓരോ ഗ്രാമത്തിലും അതുണ്ടാക്കാന്‍ വഴിയൊരുക്കുകയാണ്. ‘കിസാന്‍ റെയില്‍’, ‘കൃഷി ഉഡാന്‍’ പദ്ധതികളും ഇതോടൊപ്പം കാണണം. കാര്‍ഷിക മേഖലയില്‍ വലിയ മാറ്റമാണ് ഇതൊക്കെ സൃഷ്ടിക്കുക.
അടിസ്ഥാന വികസന മേഖലയ്ക്കായി മാറ്റിവച്ച പണവും വലിയ മാറ്റമുണ്ടാക്കും. 103 ലക്ഷം കോടി രൂപയാണ് ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതിക്കെങ്കില് റോഡ് വികസനത്തിനു നീക്കിവച്ചത് ഏതാണ്ട് 1.7 ലക്ഷം കോടിയാണ്. വിദ്യാഭ്യാസ നയം താമസിക്കാതെ പ്രഖ്യാപിക്കുമെന്ന അറിയിപ്പും നമുക്ക് ലഭിക്കുന്നത് ബജറ്റ് പ്രസംഗത്തിലൂടെയാണ്. ആറു വര്‍ഷമായി അത് സംബന്ധിച്ച ചര്‍ച്ചകളും കൂടിയാലോചനകളും നടക്കുന്നു. വിദ്യാഭ്യാസ രംഗത്തുണ്ടാവേണ്ട കുതിപ്പിനെക്കുറിച്ചു നടത്തിയ പരാമര്‍ശങ്ങള്‍ ശ്രദ്ധേയമാണ് താനും.
ഇന്ത്യയുടെ സമ്പദ്ഘടനയെ ശക്തമാക്കിയത് തന്നെയാണ് മോദി സര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടം. അത് വെറുമൊരു നടപടിയായിരുന്നില്ല. ഈ മേഖലയിലെ പുഴുക്കുത്തുകളെ പിഴുതെറിഞ്ഞാണ് അതിന് സര്‍ക്കാര്‍ തയാറായത്. നിലയ്ക്ക് നിര്‍ത്തേണ്ടവരെ നിലയ്ക്ക് നിര്‍ത്തി. പറഞ്ഞയക്കേണ്ടവരെ പറഞ്ഞയച്ചു. മാത്രമല്ല, ആറാം വര്‍ഷത്തിലേക്ക് ഈ സര്‍ക്കാര്‍ കടക്കുമ്പോഴും സാധൂകരിക്കപ്പെട്ട ഒരു അഴിമതി ആരോപണം പോലും നേരിടേണ്ടിവന്നിട്ടില്ല. അതായത്, ഇപ്പോഴുള്ളത് സംശുദ്ധമായ കരുത്തുറ്റ സമ്പദ്ഘടന തന്നെയാണ്. 461.2 ബില്യണ്‍ യുഎസ് ഡോളര്‍ വിദേശ നാണ്യ ശേഖരമുള്ള, സെന്‍സെക്സ് ഏതാണ്ട് 40,000ന് മുകളില്‍ നില്ക്കുന്ന, ധനക്കമ്മി, പണപ്പെരുപ്പം എന്നിവ നിയന്ത്രണ വിധേയമായ, വിലക്കയറ്റം നിയന്ത്രിക്കപ്പെട്ട, പ്രതീക്ഷിച്ചതിലേറെ വിദേശ നിക്ഷേപം ലഭിക്കുന്ന ഒരു രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്ക് അങ്ങനെയേ ആകാനാവൂ. അതിനൊക്കെ പുറമേ, നിര്‍മ്മല സീതാരാമന് പറഞ്ഞത് പോലെ, നമ്മുടെ ബാങ്കുകളെ ഇതിനകം ശുദ്ധീകരിച്ചിരിക്കുന്നു. അതിനാവശ്യമായ മൂലധനവും കൊടുത്തു. ഇത്തരമൊരു സാഹചര്യത്തില്‍ പത്തു ശതമാനം ജിഡിപി വളര്‍ച്ച നേടുക എന്ന് ലക്ഷ്യമിടുന്നത് സ്വപ്നമല്ല, മറിച്ച് ആര്‍ജിക്കേണ്ടുന്ന ലക്ഷ്യമാണ്. ഇത് ഇന്ത്യയുടെ മുഴുവന്‍ ലക്ഷ്യമാണ്. എല്ലാവരും ചേര്ന്നുണ്ടാക്കേണ്ട നേട്ടമാണ്. ആ ബോധം പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൂടി ഉണ്ടാവേണ്ടതുണ്ട്. എന്തിനെയും കുറ്റം പറയുകയും വികസന പദ്ധതികള്‍ അട്ടിമറിക്കുകയും രാജ്യത്ത് സമാധാനമുണ്ടാവാതിരിക്കാന് അയലത്തെ ശത്രുരാജ്യത്തോട് പോലും സഹകരിക്കുകയും ചെയ്യുന്നവര്‍ക്ക് സദ്ബുദ്ധി തോന്നേണ്ടതും നമ്മുടെ വളര്‍ച്ചയ്ക്ക് അനിവാര്യമാണ്.
എന്നാല്‍ ചില വിമര്‍ശനങ്ങള്‍ ശ്രദ്ധിക്കാതെ പോകാനാവില്ലല്ലോ. അതിലൊന്ന് കേരളത്തിലെ ധനമന്ത്രി തോമസ് ഐസക്കിന്റേതാണ്. സാമ്പത്തിക കെടുകാര്യസ്ഥതയുടെ കാര്യത്തില്‍ ഇതുപോലെ ഒരു സംസ്ഥാനം രാജ്യത്തുണ്ടാവുമോ എന്നു സംശയമാണ്. അതിന്റെ ധനകാര്യ വകുപ്പിന്റെ കപ്പിത്താനാണ് കരുത്തുറ്റ എക്കണോമിയുടെ ഉടമയായ ഇന്ത്യയുടെ സര്‍ക്കാരിനെതിരെ ഉറഞ്ഞുതുള്ളുന്നത്. പ്രകൃതിക്ഷോഭത്തിന് ഇരയായ സംസ്ഥാനത്തിന് പ്രത്യേകമായി ഒന്നും തന്നില്ല, കൂടുതലായി കടമെടുക്കാന്‍ അനുവാദമില്ല, പദ്ധതികള്‍ ഒന്നുമില്ല എന്നിങ്ങനെ പോകുന്നു. വെള്ളപ്പൊക്ക കെടുതിയുണ്ടായപ്പോള് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച പണം കേരളം ഇനിയും ചെലവഴിച്ചിട്ടില്ല അല്ലെങ്കില്‍ ചെലവിട്ടതിന്റെ കണക്ക് കൊടുത്തിട്ടില്ല. കടമെടുത്ത് ഭരണം നടത്താനാണ് ഐസക്കിന്റെ ഉദ്ദേശ്യം. എന്നാല്‍ അതിന് നിയമപരമായിത്തന്നെ പരിധി നിശ്ചയിച്ചിട്ടുണ്ട്. ധനക്കമ്മി നിയന്ത്രിക്കണമെന്നതാണ് ആ വ്യവസ്ഥ. ഈ വര്‍ഷം 0.50% കണ്ട് ധനക്കമ്മി കൂടുമെന്നാണ് ബജറ്റില്‍ പറയുന്നത്. എന്നാല്‍ അത് നിയന്ത്രണവിധേയമാക്കാന്‍ ശ്രമിക്കുമെന്ന വാഗ്ദാനവും നല്‍കുന്നുണ്ട്. ഇത്തരം കാര്യങ്ങളില്‍ നിയന്ത്രണം കൊണ്ടുവന്നത് രാജ്യതാല്പര്യം നോക്കിയിട്ടാണ്. സംസ്ഥാനങ്ങള്‍ കടക്കെണിയില്‍ അകപ്പെടുന്നത് തടയാനും കൂടിയാണ്. കേരളം ഇപ്പോള്‍ തന്നെ കടക്കെണിയിലാണ്. വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനായി ലോക ബാങ്കില്‍ നിന്നെടുത്ത കോടികള്‍ പോലും നിത്യനിദാനത്തിനായി ഉപയോഗിച്ച ധനമന്ത്രിയാണ് കേന്ദ്രത്തിനെതിരെ ആക്ഷേപമുന്നയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: