ന്യൂഡല്‍ഹി:അഭിലഷണീയ ഇന്ത്യയ്ക്ക് ആവശ്യമായഎല്ലാ വിഭാഗങ്ങള്‍ക്കും വിദ്യാഭ്യാസം, ആരോഗ്യം, മികച്ച തൊഴില്‍ എന്നിവയുടെ ലഭ്യതയാണ് 2020-21ലെ കേന്ദ്ര ബജറ്റിന്റെ പ്രധാന ആശയം. തൊഴില്ലഭ്യതയ്ക്കും വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരമേഖലയ്ക്കും ബജറ്റ് പ്രത്യേക ഊന്നല്‍ നല്കുന്നു.
വിദ്യാഭ്യാസമേഖലയ്ക്ക് 2020-21ലേക്ക് മൊത്തം 99,300 കോടി രൂപ നീക്കിവയ്ക്കുകയും 3000 കോടി രൂപ നൈപുണ്യവികസനത്തിനും നീക്കിവച്ചിട്ടുള്ളതായി 2020-21ലെ കേന്ദ്ര ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചുകൊണ്ട് കേന്ദ്ര ധനകാര്യ കോര്‍പ്പറേറ്റ് കാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍പറഞ്ഞു. ”2030 ഓടെ ലോകത്ത് തൊഴിലെടുക്കാവുന്ന പ്രായത്തി ലുള്ള ഏറ്റവും വലിയ ജനതയെ ഇന്ത്യ സജ്ജമാക്കണം. അതിന് അവര്‍ക്ക് സാക്ഷരതമാത്രം പോര, അവര്‍ക്ക് തൊഴില്‍, ജീവിത നൈപുണ്യവും വേണം” ധനകാര്യ മന്ത്രി വിശദീകരിച്ചു.
ഏകദേശം 150 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ 2020-21 മാര്‍ച്ചോടെ തൊഴില്‍പരീശീലനം കൂടിചേര്‍ന്ന ബിരുദ/ഡിപ്ലമോ കോഴ്സുകള്‍ ആരംഭിക്കുമെന്ന് ശ്രീമതി നിര്‍മലാ സീതാരാമന് പ്രഖ്യാപിച്ചു. ഇത് പൊതുസംവിധാനത്തില്‍ വിദ്യാര്‍ത്ഥികളുടെ തൊഴില്‍ശേഷി വര്‍ദ്ധിപ്പിക്കും (താരതമ്യേന സാങ്കേതിക-സേവന ധാരകളില്‍). രാജ്യത്ത് അങ്ങോളമിങ്ങോളമുള്ള നഗര തദ്ദേശസ്ഥാപനങ്ങള്‍ പുതിയതായി എഞ്ചിനീയറിംഗ് ബിരുദം നേടിയവര്‍ക്ക് ഒരുവര്‍ഷം വരെ പരിശീലനം നല്കുന്ന (ഇന്റേണ്‍ഷിപ്പ്) പരിപാടിക്കും ഗവണ്മെന്റ് തുടക്കം കുറിയ്ക്കും.
ദേശീയ നൈപുണ്യ വികസന ഏജന്‍സി അടിസ്ഥാന സൗകര്യകേന്ദ്രീകൃത നൈപുണ്യവികസന അവസരങ്ങള്‍ക്ക് പ്രത്യേക ഊന്നല്‍ നല്‍കും.
പുതിയ വിദ്യഭ്യാസ നയം ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്നും ധനമന്ത്രി തന്റെ പ്രസംഗത്തില്‍ വ്യക്തമാക്കി. പ്രതിഭയുള്ള അദ്ധ്യാപകര്‍, നവീനാശയങ്ങള്‍ എന്നിവയെ ആകര്‍ഷിക്കാനും മികച്ച പരീക്ഷണശാലകള്‍ ഒരുക്കുന്നതിനും വേണ്ടി പുറം വാണിജ്യവായ്പകള്‍, നേരിട്ടുള്ള വിദേശ നിക്ഷേപത്തെയും അവലംബിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.
സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും ഉന്നതവിദ്യാഭ്യാസം ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനായി ഒരു ഓണ്‍ലൈന്‍ സമ്പൂര്‍ണ്ണ ബിരുദതല വിദ്യാഭ്യാസ പരിപാടി ആരംഭിക്കും. എന്നാല്‍ ദേശീയ സ്ഥാപന റാങ്കിംഗ് ചട്ടക്കൂട് ആദ്യത്തെ 100 റാങ്കുകള്‍ നല്കിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാത്രമേ ഈ കോഴ്സുകള്‍ നല്‍കുകയുള്ളു.
ഇന്ത്യ ഉന്നത വിദ്യാഭ്യാസത്തിനായി പരിഗണിക്കുന്ന ഒരു ലക്ഷ്യസ്ഥാനമാകണമെന്ന് ധനമന്ത്രി നിരീക്ഷിച്ചു. അതുകൊണ്ട് അതിന്റെ കീഴില്‍ ” സ്റ്റഡി ഇന്‍ ഇന്ത്യ” പരിപാടിയും ഇന്‍ഡ്-സാറ്റ് പരീക്ഷയും ഏഷ്യയിലും ആഫ്രിക്കയിലും സംഘടിപ്പിക്കുന്നതിന് നിര്‍ദ്ദേശമുണ്ട്. ഇതിലൂടെ ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ പഠിക്കാനായി സ്കോളര്‍ഷിപ്പ് ലഭിക്കുന്ന വിദേശ അപേക്ഷകരെ കണ്ടെത്താനാകും.
നിലവിലുള്ള ജില്ലാ ആശുപത്രികളുമായി ചേര്‍ന്ന് പൊതു സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ ഒരു മെഡിക്കല്‍ കോളജ് എന്ന നിര്‍ദ്ദേശവും യോഗ്യരായ മെഡിക്കല്‍ ഡോക്ടര്‍മാരുടെ ആവശ്യകത നിറവേറ്റുന്നതിനായി മുന്നോട്ടുവച്ചിട്ടുണ്ട്. ആശുപത്രിയുടെ മുഴുവന്‍ സൗകര്യവും മെഡിക്കല്‍ കോളജിന് നല്‍കുകയും നിരക്കിളവില്‍ ഭൂമി ലഭ്യമാക്കുകയും ചെയ്യുന്ന സംസ്ഥാനങ്ങള്‍ക്ക് വയബിലിറ്റി ഗ്യാപ്പ് ഫണ്ട് നല്‍കും.
വേണ്ടത്ര ശേഷിയുള്ള വലിയ ആശുപത്രികളില്‍ റസിഡന്റ് ഡോക്ടര്‍മാര്‍ക്ക് ദേശീയ പരീക്ഷാ ബോര്‍ഡിന്റെ കീഴിലുള്ള ഡി.എന്‍.ബി/എഫ്. എന്‍.ബി കോഴ്സുകള്‍ നടത്തുന്നതിന് ഗവണ്മെന്റ് പ്രോത്സാഹനം നല്‍കും. അദ്ധ്യാപകര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, പരിചരണം നല്കുന്നവര് എന്നിവരുടെ വലിയ ആവശ്യകത വിദേശങ്ങളിലുണ്ടെന്ന് ശ്രീമതി നിര്‍മലാ സീതാരാമന് പറഞ്ഞു. അതുകൊണ്ട് തൊഴിലാളികളുടെ നിലവാരവും അതോടൊപ്പം വിവിധ രാജ്യങ്ങളിലെ ഭാഷാ ആവശ്യങ്ങളും നിറവേറ്റുന്നതിന് ആരോഗ്യ, നൈപുണ്യവികസന മന്ത്രാലയങ്ങള്‍ പ്രൊഫഷണല്‍ സ്ഥാപനങ്ങളുമായി സംയുക്തമായി പ്രത്യേക ബ്രിഡ്ജ് കോഴ്സുകള്‍ നടത്തും.
ഒരു ദേശീയ പോലീസ് സര്‍വകലാശാലയും ഒരു ദേശീയ ഫോറന്‍സിക് സയന്‍സ് സര്‍വകലാശാലയും ബജറ്റില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: