( ഭാഗം 2)
ഒരു നാള് ശ്രീപരമേശ്വരന് സാന്ദീപകന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ട്, അയാളുടെ ഗുരുഭക്തിയിലും ഗുരുശുശ്രൂഷയിലും താന്‍ അതീവ പ്രീതനായിരിക്കുകയാണെന്നും ഏതുവരം ചോദിച്ചാലും കൊടുക്കാന്‍ തയാറാണെന്നും പറഞ്ഞു. സാന്ദീപകനാകട്ടെ തന്റെ ഗുരുവിന്റെ അനുവാദം കൂടാതെ ഒന്നും ചെയ്യാന്‍ തയാറല്ല, എന്നു പറഞ്ഞ് ഓടി ഗുരുവിനെ സമീപിച്ച് സാഷ്ടാംഗം നമസ്ക്കരിച്ചു കൊണ്ട് ചോദിച്ചു: ‘ഹേ! ഗുരോ, ഞാന്‍ ശിവനോട് അങ്ങയുടെ രോഗം മാറാനുള്ള വരം ചോദിക്കട്ടെയോ?’ എന്ന്. അംഗിരസ് അത്യന്തം കോപിഷ്ഠനായി പറഞ്ഞു ‘നീ എന്റെ ശിഷ്യനല്ല, എന്റെ ശത്രുവാണ്. ഞാന്‍ ഇനിയും ജന്മമെടുത്ത് കഷ്ടപ്പെടണമെന്നാണ് നീ ആഗ്രഹിക്കുന്നത്. ഈ ജന്മത്തില് തന്നെ ഞാന്‍ മുക്തനായി തീരണമെന്ന് നീ ആഗ്രഹിക്കുന്നില്ല, അല്ലേ?’ സാന്ദീപകന് വളരെ ദുഃഖത്തോടെ മടങ്ങിപ്പോയി ശിവന്റെ പാദങ്ങളില്‍ നമസ്ക്കരിച്ചു പറഞ്ഞു,’പ്രഭോ, ക്ഷമിച്ചാലും, ഞാന്‍ എന്തുവരം ചോദിക്കാനാണോ ആഗ്രഹിക്കുന്നത്, അതു ചോദിക്കാന്‍ എന്റെ ഗുരുദേവന് ഇഷ്ടപ്പെടുന്നില്ല. എനിക്കു വേണ്ടി ഞാന്‍ ഒന്നും ചോദിക്കാന്‍ ആഗ്രഹിക്കുന്നില്ല’ എന്ന്.
കുറേനാള്‍ കഴിഞ്ഞു, സാന്ദീപകന് ഭിക്ഷയ്ക്കായി നഗരത്തില്‍ പോയ അവസരത്തില്‍ മഹാവിഷ്ണു തന്നെ അദ്ദേഹത്തിനു മുമ്പില്‍ പ്രത്യക്ഷനായി പറഞ്ഞു. ‘നിന്റെ ഗുരുഭക്തിയിലും ശുശ്രൂഷയിലും ഞാന്‍ അത്യന്തം സന്തുഷ്ടനായിരിക്കുന്നു. നിനക്ക് എന്തുവരം തരാനും ഞാന്‍ തയാറാണ്. നീ ശിവനോട് ഒരു വരവും ചോദിച്ചില്ല. പക്ഷേ ഇത്തവണ എന്നെ നിരാശനാക്കരുത്’ എന്ന്. സാന്ദീപകന് വളരെ അതിശയം തോന്നി. ‘ ഞാന്‍ അങ്ങേയ്ക്ക് എന്തെങ്കിലും സേവനം അനുഷ്ഠിക്കയോ, ദിവസത്തില്‍ ഒരു നേരമെങ്കിലും അങ്ങയോട് പ്രാര്‍ഥിക്കയോ ചെയ്യാതിരിക്കേ എന്റെ സേവനത്തില്‍ അങ്ങ് സന്തുഷ്ടനായതെങ്ങനെ? ‘ എന്നു ചോദിച്ചു. അപ്പോള്‍ പുഞ്ചിരി തൂകിക്കൊണ്ടു വിഷ്ണു ഭഗവാന് ‘നീ നിന്റെ ഗുരുവിന് വേണ്ടി ചെയ്യുന്ന സേവനമാണ് എന്നെ സന്തുഷ്ടനാക്കിയത് ഗുരുവും ഈശ്വരനും രണ്ടല്ല, ഒന്നു തന്നെ’ എന്നു പറഞ്ഞു. ഇത്തവണയും സാന്ദീപകന് ദേവനോട് അനുവാദം വാങ്ങി ഗുരുസന്നിധിയില്‍ പോയി വിവരമറിയിച്ചു. അപ്പോള്‍ ഗുരു പറഞ്ഞു’ സാന്ദീപകാ നീ വേണമെങ്കില്‍ നിനക്ക് എന്തെങ്കിലും വരം വാങ്ങിക്കോളൂ. എനിക്ക് വേണ്ടി ഒന്നും ചോദിക്കേണ്ട’ എന്ന്.
സാന്ദീപകന് അതു സമ്മതിച്ചു മടങ്ങി വിഷ്ണുദേവനെ ചെന്നു കണ്ട് നമസ്ക്കരിച്ചു പറഞ്ഞു; ‘ ഓ! ഭഗവാനേ, എനിക്ക് കുറേക്കൂടി ജ്ഞാനം തരിക. എനിക്ക് എന്റെ ഗുരുദേവനെ ശരിക്കും മനസ്സിലാക്കാന്‍ സാധിക്കണം. അങ്ങനെയായാല്‍ അദ്ദേഹം ഏതു തരത്തിലുള്ള ശുശ്രൂഷ എന്നില്‍ നിന്ന് ആഗ്രഹിക്കുന്നുവോ, അതു പ്രകാരം ചെയ്യാന്‍ എനിക്കു സാധിക്കും. അദ്ദേഹം എന്താണ് ഇഷ്ടപ്പെടുന്നതെന്ന് പലപ്പോഴും എനിക്കു മനസ്സിലാകുന്നില്ല. അങ്ങനെ അദ്ദേഹത്തിനു ദേഷ്യം വരുന്നു. എന്റെ ഗുരുവിനെ നല്ലപോലെ ശുശ്രൂഷിക്കാനുള്ള അറിവ് എനിക്ക് തന്നാലും.’ മഹാവിഷ്ണു വളരെ സന്തുഷ്ടനായി ‘തഥാസ്തു’ എന്നറിയിച്ച് മറഞ്ഞു.
മടങ്ങിയെത്തിയപ്പോള്‍, എന്തുവരമാണ് മഹാവിഷ്ണുവിനോട് വാങ്ങിയത് എന്ന് അംഗിരസ് ചോദിച്ചു. നടന്ന സംഭവം പറഞ്ഞു. തന്റെ ശിഷ്യന്റെ ഗുരുഭക്തിയില്‍ അംഗിരസ് അത്യധികം സന്തോഷിച്ചു. അദ്ദേഹത്തിന്റെ കുഷ്ഠരോഗവും അന്ധതയും ഉടനെ മറഞ്ഞു. ഈ രണ്ടു സുഖക്കേടുകളും തന്റെ ഗുരുഭക്തിയെ പരീക്ഷിക്കാനായി അദ്ദേഹം സ്വയം സ്വദേഹത്തില്‍ അവരോധിച്ചവയായിരുന്നു. തപസ്വിയായ അദ്ദേഹത്തിന് ദേഹപ്രാരാബ്ധമൊന്നും ഉണ്ടായിരുന്നില്ല. സംതൃപ്തനായ മഹര്‍ഷി സാന്ദീപകനെ അനുഗ്രഹിച്ചു കൊണ്ട് പറഞ്ഞു. ‘ഞാന്‍ നിന്നില്‍ വളരെ പ്രീതനായിരിക്കുന്നു. നിന്നെപ്പോലെ ഉത്കൃഷ്ടമായ ഗുരുഭക്തിയോടു കൂടി ഗുരുവിനെ സേവിക്കുന്നവര്ക്കാര്ക്കും യാതൊരാപത്തും ഒരിക്കലും സംഭവിക്കുന്നതല്ല. ഈ യുഗത്തില്‍ മാത്രമല്ല, ഭാവിയുഗങ്ങളിലും യുഗയുഗാന്തരങ്ങളിലെ ശിഷ്യന്മാരും നീ നിമിത്തം അനുഗൃഹീതരായിത്തീരട്ടെ.’ ഇതാണ് ശരിയായ ഗുരുഭക്തിയുടെ ഫലം.
(വിവര്‍ത്തനം : ഡോ. കെ. ജി. തങ്കമ്മ)
സമ്പാ: എം. എസ്. സംഗമേശ്വരന്
ഫോണ്‍: 9447530446
പ്രതികരിക്കാൻ ഇവിടെ എഴുതുക: