സ്കൂളില്‍ പഠിക്കുമ്പോഴാണ് സ്വാതന്ത്ര്യസമരസേനാനിയും പഴയകാല കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനുമായിരുന്ന അച്ഛന് സോമശേഖരന്‍ നായര്‍ക്കൊപ്പം സുഗതകുമാരി ടീച്ചറിന്റെ വീട്ടില്‍ ആദ്യമായി പോയത്. സ്വാതന്ത്ര്യസമര സേനാനിയായിരുന്ന ബോധേശ്വരന്‍ സാറിനെ പറ്റിയും ‘കേരളഗീത’ത്തെ പറ്റിയും അദ്ദേഹത്തിന്റെ അഭിമാനമായി മാറിയ മൂന്ന് പെണ്മക്കളെപ്പറ്റിയും അച്ഛന് പറഞ്ഞുതന്നു. ഒരു പക്ഷേ ഞങ്ങളുടെ കുടുംബത്തിലും നാലു പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നതുകൊണ്ടാകാം, പെണ്‍കുട്ടികളായതില്‍ അഭിമാനിക്കാനും വിദ്യാഭ്യാസത്തിലൂടെ സമൂഹത്തിലും ജീവിതത്തിലും മുന്നേറാനും ഈ സഹോദരിമാരെ മാതൃകയാക്കാന്‍ അച്ഛന് പറഞ്ഞത്. പിന്നീട് സുഗതകുമാരി ടീച്ചറെ നേരില്‍ കാണുന്നത് 1984ലാണ്. തപസ്യയുടെ ഒരു സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ത്ഥി പ്രതിനിധിയായി ക്ഷണമുണ്ടായിരുന്നു. സ്ത്രീശാക്തീകരണമായിരുന്നു പ്രസംഗവിഷയം. ആയിടക്കെപ്പോഴോ സുഗത കുമാരി ടീച്ചറിന്റെ ലേഖനത്തിലുണ്ടായിരുന്ന ആശയങ്ങള്‍ മനസ്സില്‍ പതിഞ്ഞിരുന്നു. ആ ആശയങ്ങള്‍ വിപുലീകരിച്ചാണ് പ്രസംഗം തയാറാക്കിയിരുന്നത്. പ്രസംഗവേദിയിലെത്തിയപ്പോള്‍ മാത്രമാണ് മുഖ്യപ്രഭാഷണം നടത്തുന്നത് സുഗതകുമാരി ടീച്ചര്‍ ആണെന്ന് ഞാന്‍ മനസ്സിലാക്കിയത്. പ്രസംഗാശയങ്ങള്‍ മുക്കാലും ടീച്ചറിന്റെ ലേഖനത്തില്‍ നിന്നും കടംകൊണ്ടവയായിരുന്നു. ആത്മധൈര്യമുണ്ടായിരുന്നത് കൊണ്ട് സ്വന്തമായി ചിലതൊക്കെ പറഞ്ഞ് രക്ഷപ്പെട്ടു. ടീച്ചര്‍ അഭിനന്ദിച്ചു. ഇതായിരുന്നു ടീച്ചറുമൊത്തുണ്ടായ ആദ്യാനുഭവം.
അന്നത്തെ പാരിസ്ഥിതിക പ്രവര്‍ത്തനങ്ങളില്‍ (സൈലന്റ് വാലി പ്രക്ഷോഭം, അട്ടപ്പാടി വനവല്‍ക്കരണം) സുഗതകുമാരി ടീച്ചറിന്റെ ശക്തമായ നേതൃത്വവും സമരങ്ങളുമെല്ലാം എത്രമാത്രം പ്രായോഗികവും ആവശ്യവുമായിരുന്നുവെന്ന് അന്നൊന്നും മനസ്സിലാക്കിയില്ലെങ്കിലും പിന്നീട് വ്യക്തമായി മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ട്. 2009ല്‍ കേരള സര്‍വ്വകലാശാലയുടെ വനിതാഹോസ്റ്റലില്‍ വാര്‍ഡനായി തുടരുമ്പോഴാണ് അഭയയില്‍ നിന്നും മൂന്ന് വിദ്യാര്‍ത്ഥിനികളെ ഹോസ്റ്റലില്‍ ചേര്‍ക്കുവാന്‍ അവിടത്തെ സ്റ്റുഡന്റ് കൗണ്‍സിലറായ ഹേമലത ടീച്ചര്‍ കൊണ്ടുവന്നത്. ഈ കുട്ടികള്‍ പ്രശ്നക്കാരായിരിക്കുമോ എന്നാണ് ആദ്യം ചിന്തിച്ചത്. കാരണം രക്ഷകര്‍ത്താക്കള്‍ വളര്‍ത്തുന്ന പലകുട്ടികളും നഗരത്തിന്റെ ചതിക്കുഴികളില്‍ പെട്ട് വഞ്ചിതരാകുന്നു അപ്പോള്‍ ഒരു സ്ഥാപനത്തില്‍ നിന്നും വരുന്നവര്‍ എങ്ങനെയായിരിക്കും. അവരുടെ മാനസികാരോഗ്യം, സഹകരണം ഇവയെപ്പറ്റിയൊക്കെ മറ്റുള്ളവരുമായി സംശയം പങ്കിടുകയും കൗണ്‍സിലറുമായി നീണ്ട ചര്‍ച്ചക്കൊടുവില്‍ അഡ്മിഷന് നല്‍കുകയും ചെയ്തു.പല വിദ്യാര്‍ത്ഥിനികളും വഞ്ചിക്കപ്പെടുന്നത് കണ്ടിട്ടുണ്ട്. ചിലരെയെങ്കിലും കൗണ്‍സിലിങ്ങിലൂടെയും സ്നേഹത്തിലൂടേയും മാറോടണച്ച് സംരക്ഷിച്ചിട്ടുണ്ട്. പലരും ചതിവലകളില്‍ ചെന്ന് കുടുങ്ങുന്നത് നിസ്സഹായതയോടെ നോക്കിനിന്നിട്ടുമുണ്ട്. പക്ഷേ അഭയയില്‍ നിന്നെത്തിയ ആ മൂന്ന്കുട്ടികളും അക്ഷരാര്‍ത്ഥത്തില്‍ അത്ഭുതപ്പെടുത്തി. സ്വാഭാവമികവ് കൊണ്ടും സഹകരണ മനോഭാവംകൊണ്ടും അവര്‍ എല്ലാവര്ക്കും പ്രിയപ്പെട്ടവരായി. തീര്‍ച്ചയായും ആ കുട്ടികളിലൂടെയാണ് സുഗതകുമാരി എന്ന വിശ്വമാതാവിനെ ആരാധിച്ചതും തീവ്രമായ ആദരവും സ്നേഹവുമായി അതുമാറിയതും. 2011ല്‍ മാനവീയം വീഥിയില്‍ സുഗതകുമാരിയെ ആദരിക്കുവാന്‍ യുവ എഴുത്തുകാരായ കെ.ആര്. മീരയും കെ.എ. ബീനയും മറ്റും സംഘാടകരായിരുന്ന സമ്മേളനത്തില്‍ ഹോസ്റ്റലില്‍ നിന്ന് അനഘ ജെ. കോലോത്തും രേഷ്മയും കവിതാലാപനത്തില്‍ പങ്കെടുത്തു. കുട്ടികളേയും കൊണ്ട് പോകാനിറങ്ങിയപ്പോള്‍ ഞങ്ങളേയും കൂടി കൊണ്ടുപോകാമോ എന്ന് ചോദിച്ചുകൊണ്ട് അഭയയില്‍ നിന്നെത്തിയ മൂന്നുപേരും ഓടിവന്നു. ടീച്ചറോടുള്ള അവരുടെ ആത്മാര്‍ത്ഥതയും സ്നേഹവും അതിശയകരമായിരുന്നു. മാനവീയം വീഥിയില്‍ ദീപം തെളിയിച്ചും കവിതകള്‍ ആലപിച്ചും നഗരം ടീച്ചറോടുള്ള സ്നേഹാദരങ്ങള്‍ പങ്കിട്ടു. തിരക്കൊഴിഞ്ഞപ്പോള്‍ ടീച്ചറമ്മേ എന്ന് വിളിച്ച് ആ കുട്ടികള്‍ ടീച്ചറുടെ അരികിലേക്ക് കുടുംബത്തിലേക്കന്നതുപോലെ ഓടിച്ചെന്നു. ഓരോ കുട്ടിയേയും എത്ര കരുതലോടെയാണ് ടീച്ചര്‍ അഭയയില്‍ സംരക്ഷിക്കുന്നത് എന്ന് മനസ്സിലാക്കിയ നിമിഷമായിരുന്നു അത്. ഹൃദയംകൊണ്ട് ടീച്ചറെ സാഷ്ടാംഗം പ്രണമിച്ചു.
കേരള യൂണിവേഴ്സിറ്റി ഗാന്ധിയന്‍ സ്റ്റഡീസ് കോ-ഓര്‍ഡിനേറ്റര്‍ കെ.എ. റഹിം സാറിനൊപ്പം പിന്നീട് പലപ്പോഴും ഞാനും ഹോസ്റ്റലിലെ കുട്ടികളും ടീച്ചറിന്റെ വീട്ടില്‍ സന്ദര്‍ശകരായി. ടീച്ചറോട് അധികമൊന്നും സംസാരിക്കാറില്ലായിരുന്നു. കുട്ടികളെ കാണുമ്പോള്‍ ടീച്ചര്‍ വാചാലയാകും. ഞാനും അവര്‍ക്കൊപ്പമിരുന്ന് കേള്‍ക്കും. 2012ലെ പിറന്നാള്‍ ദിനത്തില്‍ വിദ്യാര്‍ത്ഥിനികള്‍ക്കൊപ്പം ടീച്ചറെ സന്ദര്‍ശിച്ചപ്പോള്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയും സമൂഹത്തിന്റെ നിരുത്തരവാദപരമായ പെരുമാറ്റത്തെയും പറ്റി പറഞ്ഞു. അക്കൂട്ടത്തില്‍ സര്‍വ്വവും നശിപ്പിച്ച് മുന്നിലേക്ക് ആര്‍ത്തുവരുന്ന മണ്ണു മാന്തി എന്ന സംഹാരയന്ത്രത്തിന് മുന്നില്‍ കൊച്ചു പൂവുമായി വിറപൂണ്ടു നില്ക്കുന്ന ഒരു ചെടിയെപ്പറ്റി കവിതയും ചൊല്ലി.
മറ്റൊരിക്കല്‍ സരസ്വതി സമ്മാനജേതാവായ സുഗതകുമാരി ടീച്ചറെ അഭിനന്ദിക്കുന്ന ചടങ്ങിലും പങ്കെടുത്തു. തെറ്റിനെ തെറ്റെന്നും ഇഷ്ടമില്ലാത്തതിനെ ഇഷ്ടമില്ലാത്തത് എന്നും തന്റേടത്തോടെ, സ്ഥൈര്യത്തോടെ ടീച്ചര്‍ പറയുന്നത് കേട്ടു. സമ്മേളനത്തില്‍ ടീച്ചറെ പ്രകീര്‍ത്തിച്ച ഒരു വ്യക്തിയോട് കൈകള്‍ കൂപ്പികൊണ്ട് ടീച്ചര്‍ പറഞ്ഞത് ഇപ്പോഴും ഓര്‍മിക്കുന്നു. ‘ഈ പുകഴ്ത്തലുകള്‍ എന്നെ ബാധിക്കുകയില്ല. അതെനിക്ക് സന്തോഷം തരികയുമില്ല’ ഒരു ലൈബ്രറി തുടങ്ങാന്‍ മൂന്ന് നാല് വര്‍ഷങ്ങളായി ഞങ്ങള്‍ പുസ്തകങ്ങള്‍ ശേഖരിക്കുന്നുണ്ടായിരുന്നു. ദീര്‍ഘനാളത്തെ പ്രയത്നം വേണ്ടിവന്ന ഒരു സംരംഭമായിരുന്നതുകൊണ്ട് ഉദ്ഘാടനം പെട്ടെന്ന് നടത്താനും സുഗതകുമാരി ടീച്ചറെ ഉദ്ഘാടനത്തിന് ക്ഷണിക്കാനും തീരുമാനിച്ചപ്പോഴായിരുന്നു പ്രൊഫ. ഹൃദയകുമാരിയുടെ (സുഗതകുമാരിയുടെ സഹോദരി) പെട്ടെന്നുള്ള വിയോഗം. കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞ് കുട്ടികള്‍ക്കൊപ്പം ടീച്ചറെ സന്ദര്‍ശിച്ചു. അന്നാദ്യമായി നിറകണ്ണുകളോടെ ഹൃദയകുമാരി ടീച്ചറിന്റെ മരണത്തെ പറ്റി ടീച്ചര്‍ സംസാരിച്ചു. ഉദ്ഘാടന ദിവസം സുഗതകുമാരി ടീച്ചറുടെ അനുജത്തി സുജാത ടീച്ചര്‍ ചടങ്ങില്‍ സംബന്ധിക്കുകയും ലൈബ്രറിയിലേക്ക് 100 പുസ്തകങ്ങള്‍ എത്തിച്ചു തരികയും ചെയ്തു. ഇന്നും വഴുതക്കാട്ടെ വിമണ്‍സ് ഹോസ്റ്റലില്‍ പ്രൊഫ.ഹൃദയകുമാരി ലൈബ്രറി പ്രവര്‍ത്തിക്കുന്നുണ്ട്.
കേരളത്തിന്റെ പ്രിയകവിയും പരിസ്ഥിതി പ്രവര്‍ത്തകയും മനുഷ്യസ്നേഹിയുമായ സുഗതകുമാരി ടീച്ചറിന്റെ 85-ാം പിറന്നാള്‍ ആണ് ഇന്ന്(മകരമാസത്തിലെ അശ്വതി). അശരണരായ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും തണലായി, നമ്മുടെ തലമുറയുടെ വഴികാട്ടിയായി ഒരു വിശ്വമാതാവായി കേരളത്തിന്റെ, കൈരളിയുടെ ഊര്‍ജ്ജപ്രവാഹിനിയായി നിലകൊള്ളുന്ന ടീച്ചറിന് പിറന്നാളാശംസകളും പ്രണാമങ്ങളും സമര്‍പ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: