കൂത്തുപറമ്പ്: ആമ്പിലാട്ടും ചിറ്റാരിപ്പറമ്പിലും ക്ഷേത്രോത്സവത്തിനിടെ സിപിഎം അക്രമം. രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ആമ്പിലാട് പുതിയക്കണ്ടി ഭഗവതി ക്ഷേത്രതിറ മഹോത്സവത്തിനിടെ ബിജെപി പ്രവര്‍ത്തകന്‍ സുബിന്‍ ലാലിനെ പയംകുറ്റി വിജേഷ്, മൂലാം സന്തോഷ് എന്നീ സിപിഎം പ്രവര്‍ത്തകരുടെ നേതൃത്വത്തിലെത്തിയ സംഘം മര്‍ദിക്കുകയായിരുന്നു.
തലയ്‌ക്കും കാലിനും പരിക്കേറ്റ സുബിന്‍ ലാലിനെ തലശ്ശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുബിന്‍ ലാലിനെ മര്‍ദ്ദിക്കുന്നത് കണ്ടു തടയാന്‍ ശ്രമിച്ച മാങ്ങാട്ടിടം ആര്‍എസ്എസ് മണ്ഡല്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് വി. പ്രജിത്തിനേയും അക്രമിസംഘം കൈയേറ്റം ചെയ്തു. വിവരമറിഞ്ഞ് കൂത്തുപറമ്പ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.പി.ആസാദിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം ഉത്സവസ്ഥലത്തെത്തി.
ചിറ്റാരിപ്പറമ്പ് താഴെക്കാവ് ക്ഷേത്രോത്സവത്തിന് മദ്യപിച്ചെത്തിയ ഒരു പറ്റം സിപിഎം ഗുണ്ടകള്‍ ബിജെപി അനുഭാവിയായ ഉത്തമനെ അതിക്രൂരമായി മര്‍ദ്ദിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. ചിറ്റാരിപറമ്പ് ബിജെപി പഞ്ചായത്ത് പ്രസിഡണ്ട് വിജയന്റെ സഹോദരനാണ് പരിക്കേറ്റ ഉത്തമന്‍. ക്ഷേത്രോത്സവം അലങ്കോലപ്പെടുത്തുകയും അന്നദാനത്തിന് വേണ്ടി ഒരുക്കിയ ഭക്ഷണസാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്ത അക്രമി സംഘം പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
ചിറ്റാരിറമ്പിലെ സിപിഎമ്മിന്റെ സ്ഥിരം ക്രിമിനലുകളും രണ്ട് മാസം മുമ്പ് കാട്ടുമൃഗത്തെ വേട്ടയാടി കൊന്ന് തിന്ന കേസിലെ പ്രതികളുമായ അഖില്‍, സുസ്മിത്ത്, അമല്‍ജ്യോതി, കുട്ടീശന്‍ തുടങ്ങി കണ്ടാലറിയാവുന്ന 15 ഓളം പേരാണ് ക്ഷേത്രോത്സവം അലങ്കോലപ്പെടുത്തുകയും തന്നെ മര്‍ദിക്കുകയും ചെയ്തതെന്ന് തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഉത്തമന്‍ പറഞ്ഞു.
ക്ഷേത്രോത്സവങ്ങളുമായി ബന്ധപ്പെട്ട് അക്രമം നടത്തിയ സിപിഎം നടപടിയില്‍ വിവിധ സംഘപരിവാര്‍ സംഘടനകള്‍ പ്രതിഷേധിച്ചു.
















