ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ നാലുവരിപ്പാതയുടെ നിര്‍മാണത്തിന് ബി.സത്യന്‍ എംഎല്‍എ തേങ്ങയുടച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. 19കോടിയാണ് അടങ്കല്‍തുക ഉപയോഗിച്ച് നിര്‍മിക്കുന്ന റോഡിന് ഔദ്യോഗികച്ചടങ്ങുകള്‍ ഒഴിവാക്കിയാണ് റോഡിന്റെ നിര്‍മാണ ഉദ്ഘാടനം നടത്തിയത്. പൂവമ്പാറമുതല്‍ മൂന്നുമുക്കുവരെയുള്ള ദേശീയപാത നാലുവരിയായി വികസിപ്പിക്കുന്നതാണ് പദ്ധതി.
2.8കിലോമീറ്റര്‍ റോഡ് 16 മീറ്റര്‍ വീതിയിലാണ് വികസിപ്പിക്കുന്നത്. 14 മീറ്റര്‍ ടാറിഗ് നടത്തും. നടുക്ക് ഡിവൈഡറും വശങ്ങളില്‍ ഓടയും നടപ്പാതയുമുള്‍പ്പെടെയാണ് നിര്‍മാണം നടത്തുന്നത്. കിളിമാനൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റിവൈവ് കമ്പനിക്കാണ് നിര്‍മാണക്കരാര്‍. റോഡില്‍ സ്ഥാപിക്കുന്നതിനുള്ള റെഡിമെയ്ഡ് ഓടയുള്‍പ്പെടെയുള്ളവ കമ്പനിയുടെ യാര്‍ഡില്‍ നിര്‍മാണം പൂര്‍ത്തിയായി.
പദ്ധതിക്കായി നഗരത്തിലെ പുറമ്പോക്കുഭൂമിയും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ കൈവശമുള്ള ഭൂമിയും ഏറ്റെടുത്തിട്ടുണ്ട്. പോസ്റ്റോഫീസിന്റെ ഭൂമി വിട്ടുകിട്ടുന്നതിനുളള നടപടികള്‍ പുരോഗമിക്കുകയാണെന്ന് അധികൃതര്‍ പറഞ്ഞു.
















