ന്യൂദല്‍ഹി: ശബരിമലയിലെ യുവതീപ്രവേശനമടക്കമുള്ള വിഷയങ്ങള്‍ക്കായി രൂപീകരിച്ച വിശാല ബെഞ്ചിന്റെ പരിഗണനാ വിഷയങ്ങള്‍ തിങ്കളാഴ്ച തീരുമാനിക്കും. ചീഫ് ജസ്റ്റിസ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെയുടെ അധ്യക്ഷതയിലുള്ള ഒന്‍പതംഗ ബെഞ്ചാണ് പരിഗണനാ വിഷയങ്ങള്‍ ഏതൊക്കെയെന്ന് തീരുമാനിക്കുക. പത്തു ദിവസം മാത്രമേ വാദമുണ്ടാവൂയെന്ന് ചീഫ് ജസ്റ്റിസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ശബരിമലയിലെ യുവതീപ്രവേശനം, മുസ്ലിംപള്ളികളിലെ സ്ത്രീപ്രവേശനം, പാഴ്‌സി സ്ത്രീകളുടെ ആരാധനാ സ്വാതന്ത്ര്യം, ദാവൂദി ബോറ വിഭാഗങ്ങളിലെ പെണ്‍കുട്ടികളിലെ ചേലാകര്‍മം എന്നിവയടക്കമുള്ള വിഷയങ്ങള്‍ മുന്‍നിര്‍ത്തിയാണ് വിശാല ഭരണഘടനാ ബെഞ്ച് പരിഗണനാ വിഷയങ്ങള്‍ തീരുമാനിക്കുന്നത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായാല്‍ വാദം ആരംഭിക്കുന്ന തീയതി പ്രഖ്യാപിക്കും. മുതിര്‍ന്ന അഭിഭാഷകരടക്കം ഇക്കാര്യങ്ങളുമായി പരമാവധി സഹകരിക്കണമെന്നും ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു.
ശബരിമല കേസിലെ പരിഗണനാ വിഷയങ്ങള്‍ എന്തൊക്കെയെന്ന് സുപ്രീംകോടതി തീരുമാനിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. കഴിഞ്ഞയാഴ്ച കേസ് പരിഗണിക്കവേ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കേന്ദ്ര നിലപാട് കോടതിയെ അറിയിച്ചിരുന്നു. ഫെബ്രുവരി മൂന്നു മുതല്‍ മാര്‍ച്ച് ആറു വരെ 23 ദിവസം വാദം കേള്‍ക്കണമെന്നായിരുന്നു അഭിഭാഷകരുടെ യോഗത്തിലെ തീരുമാനം. ഇതു കോടതി തള്ളിക്കളഞ്ഞു.
















