തിരുവനന്തപുരം: കേരളത്തില്‍ ഹിന്ദു, ക്രൈസ്തവ സമൂഹം കടുത്ത അവഗണനയും ക്രൂരമായ വിവേചനവുമാണ് നേരിടുന്നതെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. കോണ്‍ഗ്രസ്സിന്റെയും സിപിഎമ്മിന്റെയും ഹിന്ദു, ക്രൈസ്തവ വിരുദ്ധ നിലപാടാണ് ഇതിന് കാരണം. പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും കോണ്‍ഗ്രസ്സും സിപിഎമ്മും ഇത്തരത്തിലുള്ള നിലപാടില്‍ നിന്നും പിന്തിരിയണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സിഎഎയില്‍ അസത്യം പ്രചരിപ്പിച്ച് മുസ്ലിം സമൂഹം അപകടത്തിലാണെന്ന് വരുത്താനാണ് സര്‍ക്കാരും പ്രതിപക്ഷവും ശ്രമിക്കുന്നത്. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് വിധി വന്നപ്പോള്‍ വിധി നടപ്പാക്കിയേ മതിയാവൂയെന്നു പറഞ്ഞ സിപിഎമ്മും കോണ്‍ഗ്രസ്സും ഹിന്ദു സമൂഹത്തിന്റെ വികാരം മനസ്സിലാക്കി അന്ന് പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാത്തതെന്താണ്. ഇത്തരത്തിലുള്ള വിവേചനമാണ് ഹിന്ദു സമൂഹത്തോട് കോണ്‍ഗ്രസ്സും സിപിഎമ്മും കാണിക്കുന്നത്. ഇത് മതേതരമല്ല, മതവിവേചനമാണ്.
കേരളത്തില്‍ ന്യൂനപക്ഷത്തിന് വേണ്ടി വിനിയോഗിക്കുന്ന തുക 80 ശതമാനം മുസ്ലിങ്ങള്‍ക്കും 20 ശതമാനം മറ്റ് ന്യൂനപക്ഷക്കാര്‍ക്കും എന്ന തരത്തിലാണ് നല്‍കുന്നത്. ഇത് എന്തടിസ്ഥാനത്തിലാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. കേന്ദ്രാവിഷ്‌കൃത ന്യൂനപക്ഷ പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ ജില്ലാ സമിതികള്‍ രൂപീകരിക്കാറുണ്ട്. ഇതിന്റെ ഭാഗമായി കേരളത്തില്‍ 12 ജില്ലകളെ ഉള്‍പ്പെടുത്തി. ഇതില്‍ ഏഴ് ജില്ലകളിലെ സമിതികളില്‍ ക്രൈസ്തവ പ്രതിനിധികളില്ല. കേന്ദ്രം, കേരളത്തിലെ മതന്യൂനപക്ഷങ്ങളിലെ യുവതീയുവാക്കള്‍ക്ക് തൊഴില്‍ പരിശീലനത്തിനായി 47 സെന്ററുകള്‍ ആരംഭിച്ചു. ഒരു ക്രൈസ്തവ വിദ്യാര്‍ഥിക്കും ഇവിടെ പ്രവേശനമില്ല.
സിഎഎയ്‌ക്ക് അനുകൂലമായി പരിപാടികള്‍ നടത്തുമ്പോള്‍ കടകള്‍ അടയ്‌ക്കണമെന്ന് ചിലര്‍ ആഹ്വാനം ചെയ്യുന്നത് തെറ്റാണ്. ഇത് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കശ്മീരില്‍ നടന്ന അതേ പ്രചാരണമാണ്. കശ്മീരില്‍ മുമ്പ് നടന്ന പല സംഭവങ്ങളും ഇനി കേരളത്തിലും നടക്കാന്‍ പോകുന്നു എന്നതിന്റെ ആദ്യ സൂചനയാണ് കടകള്‍ അടപ്പിക്കുന്നതിന് പിന്നിലെന്നും കൃഷ്ണദാസ് പറഞ്ഞു.
















