ധര്‍മ്മശാല: കൊറോണ വൈറസിനെ നേരിടാന്‍ ചൈനാക്കാര്‍ക്ക് ദിവ്യമന്ത്രം ഉപദേശിച്ച് ടിബറ്റന്‍ ആത്മീയഗുരു ദലൈലാമ. ചൈനയിലുള്ള തിബറ്റന്‍ സന്യാസികള്‍ കൊറോണ വൈറസിനേക്കുറിച്ചുള്ള ആശങ്ക പങ്കുവച്ചപ്പോഴാണ് ദലൈ ലാമ ദിവ്യമന്ത്രമായ ‘താര മന്ത്രം’ ജപിക്കാന്‍ നിര്‍ദേശിച്ചത്. ഇത് സാംക്രമിക രോഗങ്ങള്‍ പടരുന്നതില്‍ നിന്ന് തടയുമെന്നും ദലൈലാമ പറഞ്ഞു. സെന്‍ട്രന്‍ ടിബറ്റന്‍ അഡ്മിനിസ്‌ട്രേഷന്‍ വെബ്‌സൈറ്റിലാണ് ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ ദലൈ ലാമ നല്‍കിയിരിക്കുന്നത്.
ഇതോടൊപ്പം ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരെ സെന്‍ട്രല്‍ തിബറ്റന്‍ അഡ്മിനിസ്‌ട്രേഷന്‍ അനുശേചിച്ചു. ചൈനയുടെ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഉടന്‍ തന്നെ വൈറസിനെ നിയന്ത്രണത്തിലാക്കാന്‍ കഴിയട്ടെയെന്നും ടിബറ്റന്‍ അഡ്മിനിസ്‌ട്രേഷന്‍ പ്രത്യാശിച്ചു. വലിയ രീതിയിലുള്ള വന്യജീവികളുടെ വില്‍പനയാണ് വൈറസ് ബാധ ഇത്രയധികം രൂക്ഷമാകാന്‍ കാരണമെന്ന് ദലൈ ലാമ പറഞ്ഞു.താര മന്ത്രം ദലൈ ലാമ ജപിക്കുന്നതിന്റെ വോയിസ് ക്ലിപ്പും നല്‍കിയിട്ടുണ്ട്. ചൈനയ്‌ക്ക് പുറമേ 18 രാജ്യങ്ങളില്‍ കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന് ലോകരാജ്യങ്ങള്‍ അതീവജാഗ്രത പാലിക്കണമെന്ന് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ് നല്‍കി. 130 പേര്‍ മരിക്കുകയും 6000ത്തോളം പേര്‍ അസുഖബാധിതരായിട്ടുണ്ട്. ഇതില്‍ 1239 പേര്‍ ഗുരുതരാവസ്ഥയിലാണ്. വിദഗ്ധ ചികിത്സയിലൂടെ നിരവധി പേര്‍ രോഗശാന്തി നേടിയിട്ടുണ്ടെങ്കിലും കൊറോണ വൈറസിന്റെ വ്യാപനം തടയാന്‍ വാക്‌സിനോ മരുന്നോ ഇതുവരെ കണ്ടെത്താത്തിത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുന്നതെന്നും ലോകാരോഗ്യസംഘടന വിലയിരുത്തി. വൈറസിനെതിരായ വാക്‌സിന്‍ കണ്ടുപിടിക്കുന്നതിനായി ചൈന റഷ്യയുടെ സഹായം തേടിയിട്ടുണ്ട്.
















