തിരുവനന്തപുരം: ഇന്ത്യയില്‍ ആദ്യമായി കൊറോണ വൈറസ് സ്ഥിരീകരിച്ചത് ചൈനയിലെ വുഹാനില്‍ നിന്നെത്തിയ വിദ്യാര്‍ഥിനിക്ക്. ഇവര്‍ തൃശൂര്‍ ജനറല്‍ ആശുപത്രിയിലെ ഐസുലേഷന്‍ വാര്‍ഡില്‍ നിലവില്‍ നിരീക്ഷണത്തിലായിരുന്നു. വിദ്യാര്‍ഥിനിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ വ്യക്തമാക്കി. ആശങ്കയ്‌ക്കു ഇടയില്ലെങ്കിലും അതീവ ജാഗ്രത പുലര്‍ത്തണം. ചൈന ഉള്‍പ്പെടെ കൊറോണ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നെത്തിയവര്‍ നിര്‍ബന്ധമായും ആരോഗ്യവകുപ്പിനെ അറിയിക്കണം. ചൈനയില്‍ നിന്നെത്തിയ ചിലര്‍ സ്വമേധയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബാക്കിയുള്ളവര്‍ തുടക്കത്തില്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യുന്നതാണ് ഉചിതം. കേരളത്തില്‍ നിന്ന് 20 പേരുടെ രക്ത സാംപിളുകളാണ് അയച്ചത്. ഇതില്‍ പത്തു പേരുടെ ഫലം നെഗറ്റീവ് ആയിരുന്നു. ഇന്നു ഫലം ലഭിച്ച നാലു പേരില്‍ ഒരാളുടെ ഫലമാണ് പോസിറ്റീവ് ആണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാന ആരോഗ്യവകുപ്പിനെ അറിയിച്ചത്.
ഫലം പോസിറ്റീവായ വിദ്യാര്‍ഥിനിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിര്‍ബന്ധമായും ആശുപത്രിയില്‍ പരിശോധനയ്‌ക്കു വിധേയമാകണം. കൂടുതല്‍ ആളുകളിലേക്ക് വൈറസ് ബാധ പടരാതിരിക്കാന്‍ ജാഗ്രത അനിവാര്യമാണ്. കൊറോണ ബാധിച്ച് ഒരു മരണം പോലും ഉണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിച്ചെന്നും മന്ത്രി.
















