ന്യൂദല്‍ഹി: പൗരത്വ നിയമ ഭേദഗതിയില്‍ ഇന്ത്യയ്‌ക്ക് നയതന്ത്ര വിജയം. സിഎഎയ്‌ക്കെതിരായ പ്രമേയം യൂറോപ്യന്‍ യൂണിയന്‍ നാളെ വോട്ടിനിടില്ല. വിഷയം വോട്ടിനിടേണ്ടെന്ന് എംപിമാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് മാറ്റിവെയ്‌ക്കുന്നത്
യൂറോപ്യന്‍ യൂണിയന്‍ എംപിമാരില്‍ 356 പേര്‍ പ്രമേയം വോട്ടിനിടരുതെന്ന് ആവശ്യപ്പെട്ടിരുന്നു. കൂടാതെ പൗരത്വ നിയമ ഭേദഗതി ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും മറ്റ് രാജ്യങ്ങള്‍ ഇതില്‍ ഇടപെടേണ്ടെന്ന് ലോക്‌സഭ സ്പീക്കര്‍ ഓംബിര്‍ള ഉള്‍പ്പടെയുള്ള നേതാക്കളും അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വെള്ളിയാഴ്ച പ്രമേയം അവതരിപ്പിക്കുന്നത് യൂറോപ്യന്‍ യൂണിയന്‍ മാറ്റിവെച്ചത്.
751 അംഗ പാര്‍ലമെന്റിലെ 356 പ്രമേയം ഇപ്പോള്‍ അവതരിപ്പിക്കേണ്ടതില്ലെന്ന നിലപാട് അറിയിക്കുകയായിരുന്നു. വസ്തുതകളെക്കുറിച്ച് പൂര്‍ണ്ണവും കൃത്യവുമായ വിലയിരുത്തല്‍ നടത്തിയതിനു ശേഷമേ തുടര്‍ നടപടികള്‍ സ്വീകരിക്കാവൂ, അതായിരിക്കും നല്ലതെന്ന് ഇന്ത്യയും യൂറോപ്യന്‍ യൂണിയനെ അറിയിച്ചിരുന്നു. കൂടാതെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് ലോക്സഭാ സ്പീക്കര്‍ ഓംബിര്‍ള യൂറോപ്യന്‍ പാര്‍ലമെന്റ് പ്രസിഡന്റ് ഡേവിഡ് മരിയ സസ്സോളിക്ക് കത്ത് അയയ്‌ക്കുകയും ചെയ്തിരുന്നു.
പ്രമേയം അവതരിപ്പിക്കുന്നത് മാറ്റിവെച്ചത് ഇന്ത്യയുടെ നയതന്ത്ര വിജയം ആണെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രതികരിച്ചു. പ്രമേയങ്ങളില്‍ കഴിഞ്ഞ ദിവസം എംപിമാര്‍ ചര്‍ച്ച നടത്തിയിരുന്നു. വിഷയം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും ഇപ്പോള്‍ ഇടപെടേണ്ടെന്നും എംപിമാരില്‍ ചിലര്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പ്രമേയം വോട്ടിനിടുന്നത് മാര്‍ച്ച് വരെ മാറ്റിവെച്ചു. ശേഷം ഇത് വീണ്ടും ചര്‍ച്ചയ്‌ക്ക് എടുക്കണോയെന്ന് പിന്നീട് തീരുമാനിക്കും.
അതേസമയം പ്രമേയം ചര്‍ച്ചചെയ്യാനുള്ള യൂറോപ്യന്‍ പാര്‍ലമെന്റിന്റെ നീക്കത്തിനെതിരെ ഇന്ത്യയില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. ഇന്ത്യയുടെ ആഭ്യന്തരവിഷയത്തില്‍ കൈകടത്തുന്നതാണ് ഇത്. അതിന് യൂറോപ്യന്‍ യൂണിയന് അധികാരമില്ലെന്നും വിമര്‍ശിക്കപ്പെട്ടിരുന്നു.
















