ഹിറ്റ് ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന് മലയാളം കണ്ട എക്കാലത്തെയും വലിയ കലാകാരനായ ഭരത് ഗോപിക്ക് സമര്‍പ്പിക്കുന്നതായി നടനും സംവിധായകനുമായ പൃഥ്വീരാജ് പറഞ്ഞു. ‘മലയാളത്തിലെ വലിയ നടന്മാരില് ഒരാള്‍. അങ്ങയെക്കുറിച്ച് കുറച്ചേ എനിക്ക് അറിയൂ. അതും നമ്മള് തമ്മില്‍ പരിചയപ്പെട്ട സമയങ്ങളില്‍. അങ്ങയുടെ മകനും ഞാനും തമ്മില്‍ സഹോദരങ്ങള്‍ തമ്മിലുള്ള ബന്ധം മാത്രമല്ല, തിരക്കഥാകൃത്തായും സംവിധായകനായും കൂടുതല്‍ അടുത്തറിയാം. എമ്പുരാന് അങ്ങേയ്ക്ക് ആണ്’-പൃഥ്വിരാജ് കുറിച്ചു.
നിലവില്‍ ആട് ജീവിതത്തിനായി സിനിമയില്‍ നിന്ന് ഇടവേള എടുത്തിരിക്കുകയാണ് പൃഥ്വിരാജ്. 2020 അവസാനത്തോടെ മാത്രമേ ആട് ജീവിതത്തിന്റെ ഷൂട്ടിങ് അവസാനിക്കുകയുള്ളൂ. പിന്നീട് കടുവ എന്ന ഷാജി കൈലാസ് സിനിമയും പൃഥ്വിയുടേതായി വരാനുണ്ട്. അതിനുശേഷം 2021 അവസാനത്തോടെ എമ്പുരാന്റെ ചിത്രീകരണം ആരംഭിക്കുകയുള്ളു. എമ്പുരാന് മുമ്പായി പൃഥ്വിയെ നായകനാക്കി രതീഷ് അമ്പാട്ട് ഒരുക്കുന്ന സിനിമയ്ക്കുള്ള രചനയിലാണ് മുരളി ഗോപി. 2019ലെ ഏറ്റവും വലിയ ഹിറ്റായിരുന്നു ലൂസിഫര്‍. 200 കോടി ക്ലബില്‍ കയറിയ ചിത്രം നിലവില്‍ മലയാളത്തിലെ ഏറ്റവും വലിയ പണംവാരിപ്പടമാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: