കൊച്ചി: സേവന വേതന കരാര്‍ പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് വെള്ളി, ശനി ദിവസങ്ങളില്‍ ബാങ്ക് യൂണിയനുകളുടെ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ നേതൃത്വത്തില്‍ പണിമുടക്കും. പൊതുമേഖല, സ്വകാര്യമേഖല ബാങ്കുകളിലെ പത്ത് ലക്ഷത്തോളം ജീവനക്കാരും ഓഫീസര്‍മാരുമാണ് പണിമുടക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
വ്യാഴാഴ്ച പ്രധാന കേന്ദ്രങ്ങളില്‍ പ്രതിഷേധ റാലി സംഘടിപ്പിക്കും. 31ന് അര്‍ധരാത്രി മുതല്‍ ഫെബ്രുവരി ഒന്ന് അര്‍ധരാത്രി വരെ 48 മണിക്കൂര്‍ പണിമുടക്കും. ഒന്നിന് പ്രധാനമന്ത്രിക്കുള്ള നിവേദനം ജില്ല കളക്ടര്‍മാര്‍ വഴി സമര്‍പ്പിക്കും. പ്രശ്‌നത്തിന് പരിഹാരമുണ്ടാകാതെ വന്നാല്‍ മാര്‍ച്ച് 11 മുതല്‍ 13 വരെ വീണ്ടും പണിമുടക്കും. ഏപ്രില്‍ ഒന്ന് മുതല്‍ അനിശ്ചിത കാല പണിമുടക്കാണ് ഉദ്ദേശിക്കുന്നത്. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സി.ഡി.ജോസണ്‍(എ.ഐ.ബി.ഇ.എ), എബ്രഹാം ഷാജി ജോണ്‍(എ.ഐ.ബി.ഓ.സി), കെ.എന്‍.അന്‍സില്‍(എന്‍.സി.ബി.ഇ), കെ.സത്യനാഥന്‍(എ.ഐ.ബി.ഒ.എ), എസ്.എസ് അനില്‍(ബെഫി),ടി.സഫറുല്ല(ഐ.എന്‍.ബി.ഇ.എഫ്), എല്‍.ബി.എന്‍ പ്രഭു(ഐ.എന്‍.ബി.ഒ.സി), കെ.ശിവരാമകൃഷ്ണന്‍(എന്‍.ഒ.ബി.ഒ) എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.
















