തൃശൂര്‍: റിപ്പബ്ലിക് ദിനത്തില്‍ സിപിഎം സംഘടിപ്പിച്ച മനുഷ്യശൃംഖലയില്‍ വിദേശികള്‍ പങ്കെടുത്തത് സംബന്ധിച്ച് അന്വേഷിക്കാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം. വിദേശകാര്യസഹമന്ത്രി വി.മുരളീധരനാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിര്‍ദ്ദേശിച്ചത്. സംഭവത്തെക്കുറിച്ച് സെന്‍ട്രല്‍ ഐ.ബിയും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ. അനീഷ്കുമാര്‍ വിദേശകാര്യമന്ത്രാലയത്തിനും പോലീസിലും പരാതി നല്‍കിയിരുന്നു.
ചെറുതുരുത്തി കലാമണ്ഡലത്തില്‍ സന്ദര്‍ശനത്തിനെത്തിയ വിദേശികളാണ് മനുഷ്യശൃംഖലയില്‍ പങ്കെടുത്തത്. പൗരത്വ നിയമ ഭേദഗതിക്കെതിരായ മനുഷ്യശൃംഖലയില്‍ വിദേശികളും എന്ന തലക്കെട്ടില്‍ സോഷ്യല്‍ മീഡിയയിലടക്കം ഇവരുടെ ചിത്രങ്ങള്‍ വൈറലായിരുന്നു. സിപിഎം പ്രവര്‍ത്തകര്‍ തന്നെയാണ് ചിത്രങ്ങള്‍ ആദ്യം പങ്കുവെച്ചത്. ജര്‍മനിയില്‍ നിന്നുള്ള അഞ്ച് പേരും ആസ്ട്രിയയില്‍ നിന്നുള്ള നാല് പേരുമടങ്ങുന്ന സംഘമാണ് സമരത്തില്‍ പങ്കെടുത്തത്. എല്ലാവരും ടൂറിസ്റ്റ് വിസയില്‍ എത്തിയവരാണ്.
വിദേശികള്‍ സമരത്തില്‍ പങ്കെടുത്തത് ഇന്ത്യന്‍ ഫോറിനേഴ്സ് ആക്റ്റ് 1946, ഇന്ത്യന്‍ ഫോറിനേഴ്സ് ( അമെന്‍ഡ്മെന്റ് ആക്ട്) 2004 പ്രകാരം ചട്ടലംഘനമാണെന്ന് നിയമവിദ്ഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സമരത്തില്‍ പങ്കെടുത്തത് ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 121 പ്രകാരം അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: