വയലിനില്‍ നിന്നും അനുസ്യൂത നാദം പ്രവഹിക്കാന്‍ തുടങ്ങി. ഗാനഗന്ധര്വ്വന് പാടിയ ഗാനങ്ങളില്‍ കേട്ട അതേ വയലിന്റെ ശബ്ദം. തിരുവനന്തപുരം ശ്രീവരാഹം മൂന്നാം പുത്തന്‍തെരുവിലെ സംഗീതം മുഴങ്ങുന്ന വീട്ടില്‍ വിശ്രമ ജീവിതത്തിലാണ് പ്രൊഫ. എം. സുബ്രഹ്മണ്യ ശര്‍മ. ഒരു ദശാബ്ദത്തോളം യേശുദാസിന്റെ കച്ചേരികളിലും മറ്റും വയലിനിലെ സ്ഥിരം സാന്നിധ്യം.
മലയാളിയുടെ ദൈനംദിന ജീവിതത്തിലും പൊതുമണ്ഡലങ്ങളിലും യേശുദാസ് എന്ന ഗായകന് അടയാളപ്പെടുത്തിയ സ്ഫുരണങ്ങള്‍ എത്രകാലം കഴിഞ്ഞാലും കെട്ടടങ്ങില്ല. അതുപോലെതന്നെയാണ് അദ്ദേഹത്തിന്റെ സംഗീതത്തെ പിന്തുണച്ച വാദ്യോപകരണങ്ങളും അത് മീട്ടിയ കലാകാരന്മാരും. സംഗീത കച്ചേരിയില്‍ വാദ്യോപകരണങ്ങളില്‍ വയലിന് വായിച്ചിരുന്ന സുബ്രഹ്മണ്യ ശര്‍മയോട് യേശുദാസ് പ്രത്യേക ബഹുമാനം പുലര്‍ത്തിയിരുന്നു.
ഗാന ഗന്ധര്വ്വന് എന്ന പട്ടം ചാര്‍ത്തിക്കിട്ടുന്നതിന് മുമ്പ് യേശുദാസിന്റെ സ്വരസ്ഥാനങ്ങളെ പാകപ്പെടുത്തിയതില്‍ മുഖ്യപങ്ക് സുബ്രഹ്മണ്യ ശര്‍മ്മയ്ക്കുണ്ട്. തിരുവനന്തപുരത്തെ സംഗീത അക്കാദമി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന സ്വാതി തിരുനാള്‍ സംഗീത കോളേജില്‍ 1960-61ല്‍ ഉന്നത പഠനത്തിനായി യേശുദാസ് ചേര്‍ന്നു. അന്ന് അദ്ദേഹത്തെ പഠിപ്പിക്കാന്‍ ഇല്ലെങ്കിലും വയലിന് വിഭാഗത്തിന്റെ പ്രൊഫസറായിരുന്നു സുബ്രഹ്മണ്യ ശര്‍മ. അദ്ധ്യാപകന് എന്ന നിലയില്‍നിന്ന് ഉണ്ടായ അടുപ്പം കച്ചേരികളില്‍ വയലിന് വായിക്കുന്ന സ്ഥിരം സ്ഥാനത്തേക്ക് വളര്‍ന്നു.
സംഗീത കുടുംബത്തില്‍ ജനിച്ച സുബ്രഹ്മണ്യ ശര്‍മ എട്ടാം വയസ്സില്‍ വയലിന് അഭ്യസിച്ചു. അമ്മ ലക്ഷ്മി അമ്മാളാണ് ഗുരു. അച്ഛന് കെ. മഹാദേവ അയ്യര്‍ മൃദംഗ വിദ്വാനാണ്. ആലപ്പുഴ മുല്ലയ്ക്കലില്‍ 1937 മാര്‍ച്ച് 23നാണ് ജനനം. രണ്ടു ജ്യേഷ്ഠന്മാരും ഒരു സഹോദരിയുമുണ്ട്. എസ്.ആര്. രാജശ്രീ മകളും എസ്.ആര്. മഹാദേവ ശര്‍മ മകനുമാണ്. രണ്ടു പേരും വയലിന് കലാരംഗത്താണ്.
1956-ല്‍ സ്വാതിതിരുന്നാള്‍ സംഗീത കോളേജിലെ ആദ്യബാച്ചായി വയലിന് കോഴ്സിന് ചേര്‍ന്നു. തുടര്‍ന്ന് അവിടെത്തന്നെ അസിസ്റ്റന്റ് പ്രൊഫസറായി ജോലിയില്‍ പ്രവേശിച്ചു. വയലിന് പഠിപ്പിക്കലും അവതരിപ്പിക്കലുമായി മുന്നോട്ടുപോയ ജീവിതം പെട്ടെന്നാണ് മാറിമറിഞ്ഞത്. 1964ല്‍ ആറ്റിങ്ങല്‍ ഡിവൈഎസ്പി ഉമ്മന്‍ കോശിയുടെ പ്രത്യേക താത്പര്യപ്രകാരമാണ് യേശുദാസിനെ ശാര്‍ക്കര ദേവി ക്ഷേത്രത്തില്‍ കച്ചേരി അവതരിപ്പിക്കാന്‍ എത്തിച്ചത്. അന്നുമുതലാണ് ഇരുവരും തമ്മിലുള്ള രസതന്ത്രം ആരംഭിക്കുന്നത്. ആ സംഗീത യാത്ര 2005 വരെ തുടര്‍ന്നു.
യേശുദാസ് ഒരിക്കല്‍ മൗനവ്രതം എടുക്കാന്‍ തീരുമാനിച്ചു. 1976ലാണ് സംഭവം. മൗനവ്രതത്തിലായ സമയത്ത് സ്വന്തമായി പാകം ചെയ്താണ് ഭക്ഷിച്ചിരുന്നത്. അന്ന് ആഹാരത്തിന്റെ രുചി നോക്കാന്‍ നിയോഗിച്ചത് സുബ്രഹ്മണ്യ ശര്‍മയെയാണ്. രുചിച്ച് നന്നായെന്ന് പറഞ്ഞാല്‍ മാത്രമേ മറ്റുള്ളവര്‍ക്ക് ഭക്ഷണം യേശുദാസ് നല്കിയിരുന്നുള്ളൂ. അതുപോലെ മണ്ഡലകാലങ്ങളിലും മകരവിളക്കിനും യേശുദാസ് കൃത്യമായി ശബരിമലയ്ക്ക് പോയിരുന്നു. അകമ്പടിയായി കൂട്ടിയത് തനിക്ക് ഏറ്റവും ഇഷ്ടമുള്ള വയലിനിസ്റ്റിനെ തന്നെയാണ്.
വിദ്യാലയങ്ങളുടെ ക്ഷേമപ്രവര്‍ത്തനത്തിനുള്ള ധനസമാഹരണത്തിനായി രാജ്യമെമ്പാടും പ്രതിഫലം ഇച്ഛിക്കാതെ യേശുദാസ് കച്ചേരികള്‍ നടത്തിയപ്പോള്‍ സുബ്രഹ്മണ്യ ശര്‍മ ഒപ്പമുണ്ടായിരുന്നു. തുടര്‍ന്ന് സമാഹരിച്ച പണം അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിക്ക് കൈമാറി.
കര്‍ണാടക സംഗീതമെന്ന് കേള്‍ക്കുമ്പോള്‍ ശാസ്ത്രീയ സംഗീതത്തെപ്പറ്റി അറിവില്ലാത്തവരിലും ആദ്യമോടിയെത്തുക യേശുദാസിന്റെ ശബ്ദസൗകുമാര്യത്തിലൂടെ ഒഴുകിയെത്തുന്ന ‘വാതാപി ഗണപതിം…’ എന്ന് തുടങ്ങുന്ന കീര്‍ത്തനമാണ്. ഇത് ക്ഷേത്രങ്ങളില്‍, ഉത്സവപ്പറമ്പുകളില്‍, കല്യാണസദസ്സുകളില്‍ എന്നുവേണ്ട എവിടെയും ജനകീയാംഗീകാരം നേടിയെടുത്തു. 1982ല്‍ ഇത് പാടി റെക്കോര്‍ഡ് ചെയ്യുമ്പോള്‍ യേശുദാസിന് ഒരു ലക്ഷ്യമുണ്ടായിരുന്നു. മുത്തുസ്വാമി ദീക്ഷിതരുടെ ഹംസധ്വനി രാഗത്തിലുള്ള ഈ ഗണപതിസ്തുതി സാഹിത്യഭംഗിയോ രാഗഭാവമോ ചോരാതെ സഹൃദയരില്‍ എത്തിക്കുക. ഇതിലും യേശുദാസിന് കൂട്ടായുണ്ടായത് സുബ്രഹ്മണ്യശര്‍മയാണ്.
അതിരാവിലെ തുടങ്ങി വൈകിട്ട് മൂന്നുവരെ റെക്കോഡിംഗ് നീണ്ടിട്ടും ദാസിനും ശര്‍മയ്ക്കും തൃപ്തി വന്നില്ല. ഉദ്ദേശിച്ച ലക്ഷ്യത്തിലേക്കെത്തിയോയെന്ന ആശങ്ക. ഒടുവില്‍ പഴവങ്ങാടി ഗണപതിക്ക് 101 തേങ്ങയുടച്ച് വീണ്ടും സ്റ്റുഡിയോയില്‍ ചെന്നിരുന്ന് റെക്കോര്‍ഡിംഗ് തുടര്‍ന്നു. ആ ടേക്കില്‍ തൃപ്തിയായി. ഇന്നും ആസ്വാദകരുടെ കാതുകളെ ഇമ്പം കൊള്ളിക്കുന്ന ഈ ആലാപനത്തിനൊരു പ്രത്യേകതയുണ്ട്. സാധാരണ ‘വാതാപി…’ കച്ചേരികളില്‍ വിദ്വാന്മാര് പാടുന്നത് മദ്ധ്യമകാലത്തിലാണ്. അതിനാണ് കൂടുതല്‍ ശാസ്ത്രീയഭംഗി. എന്നാല്‍ യേശുദാസ് ഇവിടെ പാടിയിരിക്കുന്നത് ചൗക്ക കാലത്തിലാണ്. കൃതിയുടെ ഓരോ വരിയുടെയും സൂക്ഷ്മമായ അര്‍ത്ഥതലങ്ങളിലേക്ക് അനുവാചകനെ കൊണ്ടുപോകാന്‍ ഇങ്ങനെയൊരു മാറ്റം വേണമായിരുന്നു! വ്യത്യസ്തമാക്കി അനശ്വരമാക്കിയ ഈ കീര്‍ത്തനാലാപനത്തില്‍ ഉയര്‍ന്നുകേള്‍ക്കുന്ന വയലിന് സൗന്ദര്യം സമ്മാനിച്ചത് സുബ്രഹ്മണ്യശര്‍മയാണ്.
കര്‍ണാടക, ഹിന്ദുസ്ഥാനീ സംഗീതം ഒരേപോലെ കൈകാര്യം ചെയ്യാനുള്ള സിദ്ധി സുബ്രഹ്മണ്യ ശര്‍മയ്ക്കുണ്ടെന്ന് യേശുദാസ് പല വേദിയിലും പറഞ്ഞിട്ടുണ്ട്. കച്ചേരി നടത്തുന്ന വേദിയില്‍ സദസിന്റെ ആവശ്യപ്രകാരം സിനിമാ ഗാനങ്ങള്‍ ആലപിക്കാന്‍ നിര്ബന്ധിതമാകുമ്പോഴും യേശുദാസിന് വയലിനിലൂടെ പിന്തുണ നല്കാന് സുബ്രഹ്മണ്യ ശര്‍മയുടെ പ്രാഗല്ഭ്യം പലപ്പോഴും പലരെയും അതിശയപ്പെടുത്തിയിട്ടുണ്ട്. ഭാരതിരാജ, ഇളയരാജ തുടങ്ങിയവരുടെ കച്ചേരിക്കും അദ്ദേഹം വയലിന് മീട്ടിയിട്ടുണ്ട്. ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍, ടി.വി. ശങ്കരനാരായണന്, കെ.വി. നാരായണസ്വാമി തുടങ്ങിയ പ്രമുഖരോടൊപ്പവും പ്രവര്‍ത്തിച്ചിട്ടുണ്ട്.
മുതിര്‍ന്നവരുടെയും പ്രമുഖരുടെയും വാക്കുകള്‍ എപ്രകാരമാണോ ശ്രവിക്കുക അത്രയും പ്രാധാന്യത്തോടെ തന്നെയാണ് കുട്ടികളുടെയും സംഭാഷണങ്ങള്‍ക്ക് യേശുദാസ് പ്രാമുഖ്യം നല്‍കിയിരുന്നതെന്നും സുബ്രഹ്മണ്യ ശര്‍മ ഓര്‍ക്കുന്നു. 1970 മുതല്‍ മുടങ്ങാതെ 15 വര്‍ഷത്തോളം മൂകാംബികയില്‍ ഇരുവരും കച്ചേരി നടത്തിയിട്ടുണ്ട്. ഗാനരചയിതാവ് എം.ജി. രാധാകൃഷ്ണനെയും ഗായകന് എം.ജി. ശ്രീകുമാറിനെയും വയലിന് പഠിപ്പിച്ചത് സുബ്രഹ്മണ്യ ശര്‍മയാണ്. സംഗീത സംവിധായകന് രവീന്ദ്രന് ശിഷ്യനാണ്. നിരവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. 1986ല്‍ വയലിനില്‍ കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, 2014ല്‍ കലാരത്ന ഫെലോഷിപ്പ് അവാര്‍ഡ്, 2015ല്‍ ആചാര്യകലാഭാരതി അവാര്‍ഡ്, 1987ല്‍ മികച്ച വയലിനിസ്റ്റായി ഗവര്‍ണറില്‍ നിന്ന് പുരസ്കാരം തുടങ്ങി 12 ഓളം പുരസ്കാരങ്ങള്‍.
അച്ഛനെ പോലെ കര്‍ണാടക സംഗീതത്തോടൊപ്പം ചലച്ചിത്ര സംഗീതവും മകന് ഇണങ്ങുമെന്ന യേശുദാസിന്റെ വാക്കുകള്‍ പകര്‍ന്നത് അംഗീകാരമായി കാണുകയാണ് എസ്.ആര്. മഹാദേവ ശര്‍മ. ഇപ്പോള്‍ 28 വര്‍ഷമായി യേശുദാസിന്റെ കച്ചേരികള്‍ക്ക് വയലിന് വായിക്കുന്നത് മഹാദേവ ശര്‍മയാണ്.
‘കാട്ടുപോത്ത്’ എന്ന സിനിമയിലെ പൂവല്ല പൂന്തളിരല്ല.. എന്നിവയടക്കം നിരവധി ഗാനങ്ങളില്‍ സുബ്രഹ്മണ്യ ശര്‍മ വയലിന് വായിച്ചിട്ടുണ്ട്. കാസറ്റ് ഗാനമായ വസന്തഗീതം, അയ്യപ്പഭക്തിഗാനങ്ങള്‍ തുടങ്ങി നിരവധി ഗാനങ്ങള്‍ക്ക് വയലിന് സംഗീതം പകര്‍ന്നതും സുബ്രഹ്മണ്യ ശര്‍മയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: