കോമഡി സിനിമകളിലൂടെ ഹിറ്റുകള്‍ നേടിയ മിഥുന്‍ മാനുവല്‍ തോമസ് ശൈലി മാറ്റിപ്പിടിച്ചിരിക്കുന്നു അഞ്ചാം പാതിരയില്‍. സസ്‌പെന്‍സ് ത്രില്ലറായി ഒരുക്കിയിരിക്കുന്ന അഞ്ചാം പാതിര തിയേറ്ററില്‍ നല്ല പ്രതികരണത്തോടെ മുന്നേറുകയാണ്.
സീരിയല്‍ കില്ലറുടെ പ്രതികാരം പറയുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ ക്രിമിനോളജിസ്റ്റായാണെത്തുന്നത്. പോലീസിലെ സുഹൃത്തുക്കളെ കേസില്‍ സഹായിക്കാറുണ്ട് അന്‍വര്‍ ഹുസൈന്‍. എന്നാല്‍ നല്ല ത്രില്ലിങ്ങായിട്ടുള്ള ഒരു കേസും ഇതുവരെ കൈകാര്യം ചെയ്തിട്ടില്ലാത്ത അന്‍വറിന്റെ ഒരു ആഗ്രഹമാണ് മുഴുനീള അന്വേഷണത്തില്‍ ഏര്‍പ്പെടുക എന്നത്.
കൊച്ചി നഗരത്തില്‍ ഒരു ദിവസം പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെടുന്നു. അതിന്റെ അന്വേഷണ സഹായത്തിനായി അന്‍വറിനെ പോലീസ് സമീപിക്കുന്നു. അതിന്റെ അന്വേഷണം പുരോഗമിക്കുമ്പോള്‍ നഗരത്തില്‍ പോലീസ് കൊലപാതകങ്ങള്‍ ഒന്നൊന്നായി തുടരുന്നു. സാങ്കേതിക വിദ്യയില്‍ പ്രഗത്ഭനായ ആരോ ആണ് കൊലപാതകത്തിന് പിന്നിലെന്ന നിഗമനത്തില്‍ അന്‍വര്‍ എത്തുന്നു. തട്ടിക്കൊണ്ടുപോയി അതിനുശേഷം ക്രൂരമായി കൊലപാതകം. പോലീസിനെ തങ്ങളുടെ ലക്ഷ്യം ബോധ്യപ്പെടുത്താന്‍ എന്നപോലെ സൂചനകളും നല്‍കുന്നുണ്ട് കുറ്റവാളി. ഒരു കുറ്റകൃത്യത്തില്‍ പോലീസ് തേടുന്ന എങ്ങനെ, എന്തിന്, ആര്? എന്ന മൂന്നു ചോദ്യങ്ങളില്‍ ഒന്നിനുപോലും പുതുമയില്ല.
2018ല്‍ തമിഴില്‍ ഇറങ്ങിയ രാക്ഷസന്‍ എന്ന ചിത്രത്തിന്റെ പ്രേതമാണോ മിഥുന്‍ ഇമ്മാനുവലിനെ ഇതിലേക്ക് നയിച്ചത്? കൊലപാതകവും മൃതശരീരം ഉപേക്ഷിക്കലും സൂചനയുമെല്ലാം രാക്ഷസന്റെ പകര്‍പ്പ് തന്നെ.
എന്തിന് എന്ന ചോദ്യത്തിനുത്തരം രണ്ട് മാസങ്ങള്‍ക്ക് മുന്‍പിറങ്ങിയ മലയാള ചിത്രം കമല പറയും. ചുരുക്കത്തില്‍ തിരക്കഥാകൃത്ത് കൂടിയായ സംവിധായകന് അഞ്ചാം പാതിരയില്‍ ഒരു പങ്കുമില്ലെന്ന് പറയേണ്ടി വരും.
അന്‍വര്‍ ഹുസൈനായെത്തിയ കുഞ്ചാക്കോ ബോബന് ചിത്രത്തില്‍ കാര്യമായി ഒന്നും ചെയ്യാനില്ല. ബുദ്ധിയുടെ ഒരു കണിക പോലുമില്ലാത്ത തിരക്കഥതന്നെ അതിന് കാരണം.
വെള്ളത്തെ അമൃതായി വില്‍ക്കുന്ന സോഷ്യല്‍ മീഡിയ മാജിക്ക് ഈ ചിത്രത്തെ സാമ്പത്തിക വിജയത്തിലേക്ക് എത്തിച്ചിട്ടുണ്ട്. അതിന് കാരണങ്ങളുമുണ്ട്. മലയാള സിനിമ എങ്ങനെയാകണമെന്ന് കല്‍പ്പിക്കുന്ന മൂവര്‍ സംഘത്തിന്റെ ഒത്തുചേരല്‍ പ്രേക്ഷകരുടെ കണ്ണുകെട്ടി പോക്കറ്റടിക്കാന്‍ സഹായിക്കുന്നു.
ക്യാമറയ്‌ക്കു പിന്നില്‍ ഷൈജു ഖാലിദും, മുന്നില്‍ സഹസംവിധായകയും തിരക്കഥാ കൃത്ത് ശ്യാം പുഷ്‌കറിന്റെ ഭാര്യ ഉണ്ണിമായയും ചേരുമ്പോള്‍ സൈബര്‍ പോരാളികളുടെ ആവേശം കൂടുമെന്നുറപ്പാണല്ലോ. എങ്കിലും ഷൈജു ഖാലിദിന്റെ ക്യാമറ പ്രേക്ഷകനെ സിനിമയില്‍ പിടിച്ചിരുത്തുന്നുണ്ട്. ഒറ്റവാക്കില്‍ അഞ്ചാം പാതിരയെപ്പറ്റി പറഞ്ഞാല്‍ രാക്ഷസന്‍ കണ്ടവര്‍ക്ക് രണ്ട് മണിക്കുര്‍ 24 മിനിറ്റും 150 രൂപയും നഷ്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: