ശ്ലോകം 60
ശബ്ദജാലം മഹാരണ്യം
ചിത്തഭ്രമണകാരണം
അതഃ പ്രയത്‌നാത്ജ്ഞാതവ്യം
തത്ത്വജ്ഞൈസ്തത്വമാത്മനഃ
കൊടുംകാടു പോലെ നിരവധി ശബ്ദജാലങ്ങളെ കൊണ്ട് നിറഞ്ഞ ശാസ്ത്രങ്ങളും അവയുടെ വ്യാഖ്യാനവും ചിത്തഭ്രമത്തെ ഉണ്ടാക്കുന്നതാണ്. അതിനാല്‍ ആത്മജ്ഞാനമാഗ്രഹിക്കുന്നയാള്‍ ശരിയായ പ്രയത്‌നം ചെയ്ത് ആത്മതത്വത്തെ അറിയണം.അതിന് ആത്മജ്ഞാനികളുടെ സഹായം തേടുകയും വേണം.
വെറും വാദത്തിന് വേണ്ടി ശസ്ത്രവ്യാഖ്യാനങ്ങള്‍ നടത്തി ശബ്ദകോലാഹലം ഉണ്ടാക്കുകയാണ് പലരും. കൊടുങ്കാട്ടില്‍ പെട്ടയാളുടെ അവസ്ഥയാണ് ശാസ്ത്രങ്ങളില്‍ കുടുങ്ങിപ്പോയവരുടെ കാര്യം. കാട്ടില്‍ പെട്ടു പോയാല്‍ ദിക്കും വഴിയും അറിയാതെയും വന്യമൃഗങ്ങളെ ഭയപ്പെട്ടോടിയും മറിഞ്ഞ് വീണും വലിയ ദുരിതമായിരിക്കും. ഭയങ്കര ശബ്ദങ്ങളും കല്ലും മുള്ളും കൂരിരുട്ടും നിറഞ്ഞ കാടുപോലെയാണ് ശാസ്ത്ര വാദങ്ങളും വ്യാഖ്യാനങ്ങളും.
ഓരോ ദാര്‍ശനികരും അവരുടെ ഗ്രന്ഥം മാത്രം ശരി എന്ന് പറഞ്ഞ് മറ്റുള്ളവയെ തള്ളാന്‍ നോക്കും. ഇതിന്റെ വാദപ്രതിവാദങ്ങള്‍ വലിയ കോലാഹലമുണ്ടാക്കും. ശാസ്ത്രത്തില്‍ കുടുങ്ങിയവര്‍ കാട്ടില്‍ പെട്ടവരെപ്പോലെ പുറത്തു കടക്കാനാവാതെ വട്ടം കറങ്ങും. ശാസ്ത്ര വാദങ്ങളില്‍ പെട്ടു പോയാല്‍ അത് ആത്മജ്ഞാനം നേടുന്നതിന് തടസ്സമാകും.
അതിനാല്‍ സ്വപ്രയത്‌നം തന്നെ വേണം പുറത്തുകടക്കാന്‍. ആത്മജ്ഞാനിയായ ആചാര്യനെ ആശ്രയിക്കണം.ആത്മജ്ഞാനത്തിന് ഉതകുന്നില്ലെങ്കില്‍ ശാസ്ത്ര പഠനം പോലും പ്രയോജനകരമല്ലെന്ന് ഇവിടെ ആചാര്യസ്വാമികള്‍ വ്യക്തമാക്കുന്നു.
ശ്ലോകം 61
അജ്ഞാനസര്‍പ്പദഷ്ടസ്യ
ബ്രഹ്മജ്ഞനൗഷധം വിനാ
കിമു വേദൈശ്ച ശാസ്‌ത്രൈശ്ച
കിമുമന്ത്രൈഃ കിമൗഷധൈഃ
അജ്ഞാനമാകുന്ന സര്‍പ്പത്തിന്റെ കടിയേറ്റയാള്‍ക്ക് ബ്രഹ്മജ്ഞാനമാകുന്ന മരുന്നാണ് പ്രതിവിധി. വേദങ്ങള്‍ കൊണ്ടോ ശാസ്ത്രങ്ങള്‍ കൊണ്ടോ മന്ത്രങ്ങള്‍ കൊണ്ടോ മറ്റ് മരുന്നുകളെ കൊണ്ടോ എന്ത് പ്രയോജനം?വിഷപ്പാമ്പ് കടിച്ചാല്‍ വിഷം നീങ്ങാന്‍ മറുമരുന്ന് നല്‍കണം.അതിന് ഏതെങ്കിലും മരുന്ന് കൊടുത്തിട്ട് കാര്യമില്ല. അതുപോലെയാണ്അജ്ഞാനമാകുന്ന പാമ്പിന്റെ കടിയേറ്റ് സംസാരവിഷം തീണ്ടിയവരെ രക്ഷിക്കാന്‍ ആത്മജ്ഞാനത്തിന് മാത്രമേ കഴിയൂ. വേദങ്ങളോ ശാസ്ത്രങ്ങളോ മന്ത്രങ്ങളോ മറ്റ് ഔഷധങ്ങളോ ഒന്നും തന്നെ പ്രയോജനപ്പെടില്ല.
വിഷം തീണ്ടിയാല്‍ ചിലപ്പോള്‍ എരിവും കയ്പുമൊക്കെ മധുരമായി തോന്നിയേക്കും.ഈ സംസാരത്തിലും അതുപോലെ തന്നെ. ലോകം ദു:ഖപൂരിതമെന്ന് മറന്ന് പോകും. വിഷം തീണ്ടിയെന്നറിഞ്ഞാല്‍ ഉടന്‍ പ്രതിവിധി ചെയ്യണം. സര്‍പ്പത്തിന്റെ വിഷത്തേക്കാള്‍ അപകടകരമാണ് പല അനര്‍ത്ഥങള്‍ക്കും കാരണമായ അജ്ഞാനം. അജ്ഞാന കടിയേറ്റാല്‍ ഔഷധം ബ്രഹ്മജ്ഞാനം മാത്രമാണ്. ജ്ഞാനം വന്നാല്‍ അജ്ഞാനം തന്നെ നീങ്ങിപ്പോകും.
അജ്ഞാനത്തില്‍ കുടുങ്ങിയവര്‍ക്ക് വേദപഠനമോ വ്യാകരണം മുതലായ ശസ്ത്രങ്ങളോ മന്ത്രജപമോ മരുന്നുകള്‍ സേവിക്കുന്നതോ ഒരു ഫലവും ഉണ്ടാക്കില്ല. അജ്ഞാനം നീങ്ങാന്‍ ജ്ഞാനം തന്നെ വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: