ശിവലിംഗത്തിന് തണലായി നില്ക്കുന്ന ഏഴു തലയുള്ള നാഗരൂപം. നിലം തൊടാതെ നില്ക്കുന്ന എഴുപത് തൂണുകള്‍! ആന്ധ്ര കര്‍ണാടക അതിര്‍ത്തിയിലുള്ള ലേപാക്ഷിയിലെ വീരഭദ്രക്ഷേത്രത്തിലെത്തിയാല് കാണാം ഈ ചരിത്ര വിസ്മയങ്ങള്‍.
മേല്ക്കൂരയോടു മാത്രം ബന്ധിപ്പിച്ചിരിക്കുന്ന, നിലം തൊടാതൂണുകള് (ആകാശസ്തംഭം) ആധുനികശാസ്ത്രത്തിന് പോലും സമസ്യയാണ്. തൂണിനും തറയ്ക്കും ഇടയിലൂടെ നിലംതൊടാതെ വസ്ത്രം കടത്തിയെടുത്താല്‍ എല്ലാ ദുരിതങ്ങളും അകലുമെന്നാണ് വിശ്വാസം. വിജയനഗര വാസ്തുവിദ്യയുടെ വൈദഗ്ധ്യം അറിയാന്‍ വീരഭദ്രദേവന്റെ ഈ ‘ആകാശസ്തംഭ’ങ്ങള് തന്നെ ധാരാളം.
ശിവനും വിഷ്ണുവും, ശിവപുത്രനായ വീരഭദ്രനും മൂര്‍ത്തികളായുള്ള ക്ഷേത്രം പണിതത് വിജയനഗരസാമ്രാജ്യത്തിന്റെ സാമന്തന്മാരായിരുന്ന വിരൂപണ്ണ, വീരണ്ണ സഹോദരന്മാരാണ്. വാസ്തുശില്പ്പങ്ങളോളം പ്രാധാന്യമുണ്ട് ഇവിടുത്തെ ചുമര്ചിത്രങ്ങള്ക്കും. കല്ച്ചുമരുകളില് കന്നഡയിലുള്ള ശിലാലിഖിതങ്ങളും ധാരാളം. ഇപ്പോഴവയില്‍ പലതും ക്ഷയിച്ചു തുടങ്ങി. ഗ്രാനൈറ്റിലാണ് ക്ഷേത്രത്തിന്റെ അകത്തളം മുഴുവന്‍ പണിതീര്‍ത്തിരിക്കുന്നത്.
മൂന്നുചുറ്റുകളായി പിണഞ്ഞ് ഏഴു തലകളോടെ നില്ക്കുന്ന നാഗലിംഗവും ഒറ്റക്കല്ലില്‍ പണിത 27 അടിനീളവും 15 അടി പൊക്കവുമുള്ള കൂറ്റന്‍ നന്ദികേശപ്രതിമയും നേരില്‍ കണ്ടു തന്നെ ആസ്വദിക്കണം. ശിവലിംഗത്തിനുമീതെ പത്തിവിരിച്ചു നില്ക്കുന്ന നാഗപ്രതിമ പണിത ശില്പ്പിയുടെ കഥയ്ക്കുമുണ്ടൊരു കൗതുകം. അമ്മ ഉച്ചഭക്ഷണം തയാറാക്കിക്കൊണ്ടിരിക്കുന്ന നേരത്തിനുള്ളിലാണ് ശില്പി അത് പണിതീര്ത്തതെന്നാണ് കഥ.
ലേപാക്ഷിയുടെ ചരിത്രത്തിന് രാമായണത്തോളം പഴക്കമുണ്ട്. സീതയെ അപഹരിച്ച് പുഷ്പകവിമാനത്തില്‍ പോകവേ തടയാനെത്തിയ ജടായുവിനെ രാവണന് അരിഞ്ഞുവീഴ്ത്തിയത് ഇവിടെയത്രേ. സീതയെ തിരഞ്ഞെത്തിയ രാമനോട് ജടായു കാര്യം ധരിപ്പിച്ചു. അതുകേട്ട് ജടായുവിനെ നോക്കി രാമന് സ്നേഹത്തോടെ ‘ലേപാക്ഷി’ എന്നു വിളിച്ചു. തെലുങ്കില്‍ ‘പക്ഷി ശ്രേഷ്ഠാ എഴുന്നേല്ക്കൂ’ എന്നത്രേ ഇതിനര്‍ഥം. ഇവിടം ലേപാക്ഷിയെന്ന് അറിയപ്പെട്ടതിനു പിന്നിലെ നാട്ടുകഥ ഇങ്ങനെ.ആന്ധ്രയിലെ അനന്തപൂര്‍ ജില്ലയിലാണ് ലേപാക്ഷി വീരഭദ്രക്ഷേത്രമുള്ളത്. അനന്തപൂരിലെ ഹിന്ദ്പൂര്‍ പട്ടണത്തില്‍ നിന്നും ഇവിടേയ്ക്ക് 15 കിലോമീറ്റര്‍ ദൂരം. ബെംഗളുരുവില്‍ നിന്നുള്ള ദൂരം 123 കിലോമീറ്റര്‍ .
പ്രതികരിക്കാൻ ഇവിടെ എഴുതുക: