മുംബൈ: സഹപ്രവര്‍ത്തകനും നടനുമായ നസ്റുദ്ദീന്‍ ഷായുടെ അധിക്ഷേപങ്ങള്‍ക്ക് ചുട്ടമറുപടി നല്കി ബോളിവുഡ് താരവും ബിജെപി സഹയാത്രികനുമായ അനുപം ഖേര്‍. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ദി വൈറിന് നല്കിയ അഭിമുഖത്തിലായിരുന്നു അനുപം ഖേറിനെയും ബോളിവുഡിലെ ഖാന് ത്രയങ്ങളെയും ഷാ അധിക്ഷേപിച്ചത്.
എന്നാല്‍, നിരാശ കൊണ്ടാണ് അഭിമുഖത്തില്‍ തന്നെ അദ്ദേഹം അധിക്ഷേപിച്ചതെന്ന് അനുപം ഖേര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. അനുപം ഖേറിനെ ഗൗരവത്തിലെടുക്കേണ്ടതില്ലെന്നും അദ്ദേഹം അധികാരികളുടെ പാദസേവകനാണെന്നും ആ സ്വഭാവം ഖേറിന്റെ രക്തത്തില്‍ അലിഞ്ഞു ചേര്ന്നിരിക്കുകയാണെന്നുമായിരുന്നു ഷായുടെ പരാമര്‍ശം.
ബോളിവുഡിലെ ഖാന്‍ത്രയങ്ങള്‍ പൗരത്വ നിയമ ഭേദഗതിയില്‍ മൗനം പാലിക്കുകയാണ്. ഏഴ് തലമുറയ്ക്ക് കഴിയാനുള്ളത് സല്‍മാനും, ഷാരൂഖും, ആമിറും ഉണ്ടാക്കി. ഇനി അവര്‍ക്ക് എന്താണ് നഷ്ടപ്പെടാനുള്ളത്. അവര്‍ തുറന്ന് സംസാരിക്കണം, നസ്റുദ്ദീന്‍ ഷാ പറഞ്ഞു. ജെഎന്‍യു സമരത്തില്‍ പങ്കെടുത്ത ദീപിക പദുക്കോണിനെയും പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച വിദ്യാര്‍ഥികളെയും സ്ത്രീകളെയും ഷാ അഭിമുഖത്തില്‍ അഭിനന്ദിക്കുകയും ചെയ്തിരുന്നു.
അഭിമുഖം പുറത്ത് വന്നതിന് പിന്നാലെ ഷായ്ക്ക് മറുപടിയുമായി അനുപം ഖേറും രംഗത്തെത്തി. നസ്റുദ്ദീന്‍ ഷായെക്കുറിച്ച് ഇതുവരെ മോശമായി സംസാരിച്ചിട്ടില്ല. എന്നാല്‍, ഇനി അതുണ്ടാകും. നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടും ജീവിതകാലം മുഴുവന്‍ നിങ്ങള്‍ നിരാശയിലായിരുന്നു. ദിലീപ് കുമാറിനെയും അമിതാഭ് ബച്ചനെയും രാജേഷ് ഖന്നയെയും ഷാരൂഖിനെയും കോഹ്ലിയെയും പോലുള്ള മഹാന്മാരെയാണ് താങ്കള്‍ വിമര്‍ശിക്കാറ്. ഇപ്പോള്‍ ഞാനും ആ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നു. എന്നെ വിമര്‍ശിച്ചതു കൊണ്ട് താങ്കള്‍ തലക്കെട്ടുകളില്‍ ഇടംപിടിക്കുന്നുണ്ടെങ്കില് അത് എന്റെ സമ്മാനമായി കരുതിക്കൊള്ളൂ. എന്റെ രക്തത്തിലുള്ളത് ഹിന്ദുസ്ഥാനാണെന്ന് മനസ്സിലാക്കിക്കൊള്ളൂ, അനുപം ഖേര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: