കേരളത്തിലെ മാധ്യമങ്ങള്‍ എന്നും ഭരിക്കുന്നവര്ക്കെതിരാണെന്ന ചിലരുടെ വിലയിരുത്തല്‍ അവരുടെ പക്ഷപാതിത്വം വെളിച്ചത്തു വരാതിക്കാനുള്ള തന്ത്രം മാത്രമാണ്. ‘എസ്റ്റാബ്ലിഷ്മെന്റി’ന് എതിരായി നില്ക്കുമ്പോള് മാത്രമേ ഭരിക്കുന്നവരുടെ ദുഷ് ചെയ്തികള്‍ പുറത്തുകൊണ്ടുവരാന്‍ സാധിക്കൂ എന്നാണ് ഇത്തരം പ്രചാരകരുടെ കണ്ടെത്തല്‍. സത്യസന്ധമല്ലാത്ത ഈ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിലെ വാര്‍ത്താ ചാനലുകളും മുന്‍നിര മാധ്യമങ്ങളുമെല്ലാം നരേന്ദ്ര മോദി സര്‍ക്കാരിനും ബിജെപിക്കുമെതിരായ വാര്‍ത്തകള്‍, അതിന്റെ സത്യാവസ്ഥ അന്വേഷിക്കാതെയും അസത്യമാണെന്ന തിരിച്ചറിവോടെയും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. നിര്‍ഭയമായി സത്യം വിളിച്ചുപറയുമെന്ന് കൊട്ടിഘോഷിക്കുന്നവര്‍, പറയുന്നതെല്ലാം വിഴുങ്ങി, നിരന്തരം അസത്യം മാത്രം പറഞ്ഞുകൊണ്ടിരിക്കുന്നതാണ് ഇന്ന് കേരളം നേരിടുന്ന ഏറ്റവും വലിയ ദുരന്തം. കേരളത്തിലെ മുഖ്യധാരാ വാര്‍ത്താ ചാനലുകളാണ് ഈ കള്ള പ്രചാരണത്തിന് നേതൃത്വം നല്കിക്കൊണ്ടിരിക്കുന്നത്.
കേന്ദ്രത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഭരിക്കുന്ന കാലത്ത് അധികാരത്തിന്റെ ഇടനാഴികളില്‍ കറങ്ങി നടക്കുകയും മന്ത്രിമാരും മറ്റുമായി സൗഹൃദം സ്ഥാപിച്ച് പല തരത്തിലുള്ള നേട്ടങ്ങളുണ്ടാക്കിയവരുമായി നിരവധി പേരുണ്ട്. അടല്‍ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരുന്ന മുന്‍ എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്തു തന്നെ ഇത്തരക്കാരെ അകറ്റി നിര്‍ത്താന്‍ കഴിഞ്ഞിരുന്നു. അതിന്റെ വിഷമം അന്നത്തെ സര്‍ക്കാരിനെതിരെ ദുഷ് പ്രചാരണം നടത്തിയാണ് ചിലര്‍ തീര്‍ത്തത്. നരേന്ദ്ര മോദി സര്‍ക്കാരും അധികാരത്തിന്റെ ഇടനാഴിയില്‍ കറങ്ങി നടക്കുന്നവരെയും ദല്ലാളന്മാരെയും അകറ്റി നിര്‍ത്തുന്നു. ഔദ്യോഗിക മാധ്യമങ്ങളില്‍ കൂടി വാര്‍ത്തകളെത്തിക്കുകയും ജനങ്ങളുമായി കൂടുതല്‍ നേരിട്ട് അടുത്തിടപഴകുകയും ചെയ്യുന്നു. രാജ്യത്തെ ഏതു സാധാരണക്കാരനും പ്രധാനമന്ത്രിയുമായി വരെ നേരിട്ട് സംവദിക്കാനുള്ള സാഹചര്യമൊരുക്കിയിരിക്കുന്നു. തങ്ങളുടെ വഴിക്കു വരുന്നില്ലെന്ന് ബോധ്യമായപ്പോഴാണ് ബിജെപിക്കും സര്‍ക്കാരിനുമെതിരെ നുണ പ്രചാരണം നടത്താന്‍ പലരെയും പ്രേരിപ്പിക്കുന്നത്.
2014ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനു മുന്നേ തന്നെ തുടങ്ങിയതാണ് ഈ ‘പെയ്ഡ് പ്രചാര വേല’. ആദ്യ കാലത്ത് ഇവരുടെ ലക്ഷ്യം എങ്ങനെയും ബിജെപി അധികാരത്തിലെത്താതിരിക്കുക എന്നതായിരുന്നു. ദേശീയ മാധ്യമങ്ങള്‍ പലതും 2014ലെ തെരഞ്ഞെടുപ്പില്‍ കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന് വ്യക്തമായ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ വാര്‍ത്ത നല്കിയപ്പോള് കേരളത്തിലെ മാധ്യമങ്ങള്‍ ഒരിക്കലും ബിജെപിക്ക് അധികാരം ലഭിക്കില്ലെന്ന പ്രചാരണമാണ് അഴിച്ചുവിട്ടത്. ഏഷ്യാനെറ്റ് ന്യൂസ് ചാനലാണ് അതിന് നേതൃത്വപരമായ പങ്ക് വഹിച്ചത്. ഏഷ്യാനെറ്റിന്റെ ബിജെപി വിരുദ്ധപ്രചാരണം എന്തിനുവേണ്ടിയും ആര്‍ക്കു വേണ്ടിയുമാണെന്ന് ഇത്തരുണത്തില്‍ ചിന്തിക്കുന്നത് നന്നായിരിക്കും. അക്കാലത്ത് കോണ്‍ഗ്രസ്സിന്റെയും സിപിഎമ്മിന്റെയും അവര്‍ക്കൊപ്പം നില്‍ക്കുന്നവരുടെയും താല്പര്യത്തിനനുസരിച്ചാണ് അവര്‍ പ്രവര്‍ത്തിച്ചിരുന്നത്. എന്തുവന്നാലും നരേന്ദ്രമോദി അധികാരത്തിലെത്തില്ലെന്നും ബിജെപിയില്ലാത്ത കൂട്ടുകക്ഷി സര്‍ക്കാരായിരിക്കും ഉണ്ടാകുകയെന്നും വസ്തുതകളൊന്നും കാണാതെ പ്രചരിപ്പിക്കാന്‍ ഏഷ്യാനെറ്റ് തയ്യാറായി. കേരളത്തില്‍ മാത്രമല്ല, മറ്റു സംസ്ഥാനങ്ങളിലും ബിജെപിയുടെ നില പരുങ്ങലിലാണെന്ന് എല്ലാ മാധ്യമധര്‍മവും മറന്ന് പ്രചരിപ്പിച്ചു. തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ പോന്ന തരത്തിലുള്ള വാര്‍ത്തകള്‍ നിരന്തരം നല്കി. തെരഞ്ഞെടുപ്പ് പ്രചാരണം മൂര്‍ദ്ധന്യതയിലെത്തിയപ്പോള്‍ ബിജെപിയുടെ മുഖ്യ എതിരാളിക്കുവേണ്ടി വാര്‍ത്ത ചമച്ച് സംപ്രേഷണം ചെയ്തവര്‍ എല്ലാ മാധ്യമ ധര്‍മ്മവും ലംഘിച്ചു.
തെരഞ്ഞെടുപ്പിനു മുമ്പ് തുടങ്ങിയ നരേന്ദ്രമോദിക്കെതിരായ പ്രചാരണം അദ്ദേഹം പ്രധാനമന്ത്രിയായ ശേഷവും കേരളത്തിലെ മാധ്യമങ്ങള്‍ തുടരുകയാണ്. അഞ്ചു വര്‍ഷം അധികാരത്തിലിരുന്ന ശേഷം വീണ്ടും ജനങ്ങളെ നേരിട്ട ബിജെപിയും നരേന്ദ്ര മോദിയും വന്‍ ഭൂരിപക്ഷത്തിലാണ് അധികാരത്തിലെത്തിയത്. എന്നാല്‍ അപ്പോഴും കേരളത്തിലെ മാധ്യമങ്ങള്‍ ദേശീയ താല്പര്യത്തിന് വിരുദ്ധമായ നിലപാട് സ്വീകരിച്ചു. നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കിയ വികസനപദ്ധതികളെ തമസ്കരിച്ചവര്‍ ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിച്ച് അവഹേളിക്കാന്‍ ശ്രമിച്ചു. ബിജെപി അധികാരത്തില്‍ വരാതിരിക്കാന്‍ കോണ്‍ഗ്രസ്സിന്റെയും സിപിഎമ്മിന്റെയും മറ്റു കക്ഷികളുടെയും പിണിയാളുകളായി പ്രവര്‍ത്തിച്ചവര്‍ ഇപ്പോള്‍ ദേശവിരുദ്ധ ശക്തികളെ കൂട്ടുപിടിച്ചാണ് കേന്ദ്രസര്‍ക്കാരിനെതിരെ പ്രചാരണം അഴിച്ചുവിടുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരായി നല്‍കിവരുന്ന വാര്‍ത്തകള്‍ ശ്രദ്ധിച്ചാല്‍ ഇത് കൂടുതല്‍ വ്യക്തമാകും. തീവ്രവാദ സംഘടനകള്‍ക്കു സഹായം ചെയ്യുന്ന തരത്തിലുള്ള വാര്ത്തകളാണിവര് ഇപ്പോള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. മുന്‍പ് ബിജെപി അധികാരത്തില്‍ വരാതിരിക്കാന്‍ അസത്യപ്രചാരണത്തിന് രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് അച്ചാരം വാങ്ങിയവര്‍ ഇന്ന് തീവ്രവാദ സംഘടനകളുടെ സഹായത്തോടെ അത് ചെയ്യുന്നു എന്ന വ്യത്യാസം മാത്രം. കേരളത്തില്‍ വാര്‍ത്താ ചാനലുകള്‍, ആഘോഷമാക്കുന്ന അന്തിച്ചര്‍ച്ചകള്‍ ഇത് ബോധ്യപ്പെടുത്തുന്നു. ബിജെപിയുടെയോ അതുമായി ബന്ധപ്പെട്ടവരുടെയോ വാദം പറയുന്നവരെ അടിച്ചിരുത്തി ഗൂഢമായി ചിരിക്കുന്ന അവതാരകന് തന്നെ എതിര്‍പക്ഷത്തിന്റെ വക്താവാകുന്ന രസകരമായ അവസ്ഥയാണുള്ളത്.
പൗരത്വനിയമ ഭേദഗതി വന്നശേഷം തീവ്രവാദ സംഘടനകളെ പ്രീണിപ്പിക്കുന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഏഷ്യാനെറ്റ് അടക്കമുള്ള ചാനലുകള്‍ നല്കിക്കൊണ്ടിരിക്കുന്നത്. നിയമ ഭേദഗതി മുസ്ലിം വിരുദ്ധമാണെന്ന് ഇവര്‍ കള്ളം പ്രചരിപ്പിച്ചു. രാജ്യത്ത് അസ്ഥിരതയും സമാധാനക്കേടും സൃഷ്ടിക്കാനുള്ള ചില ശക്തികളുടെ തന്ത്രത്തിന് എണ്ണ പകരുന്ന നിലപാടാണ് സ്വീകരിച്ചുവരുന്നത്. രാജ്യത്ത് നടന്ന പ്രക്ഷോഭങ്ങളില്‍ രാജ്യാന്തര തീവ്രവാദ സംഘടനകള്‍ക്കും പങ്കുണ്ടെന്ന നിഗമനത്തിലേക്കെത്തുമ്പോള്‍, അതിന്റെ പങ്ക് കേരളത്തിലെ ഈ മാധ്യമങ്ങള്‍ക്കും നല്കാവുന്നതു തന്നെയാണ്. കേരളത്തിലെ തന്ത്രപ്രധാന മേഖലകളിലെല്ലാം തീവ്രവാദ സംഘടനകളുടെ ആശയപ്രചാരകരുടെ സാന്നിധ്യമുണ്ട്. പത്രപ്രവര്‍ത്തന മേഖലയിലാണത് ഏറ്റവും കൂടുതലുള്ളതെന്ന് പറയേണ്ടിവരും. പത്രങ്ങളിലെ വാര്‍ത്തകളും ചാനലുകളിലെ വാര്‍ത്തകളും നിയന്ത്രിക്കുന്ന അവര്‍തന്നെയാണ് നരേന്ദ്രമോദി സര്‍ക്കാര്‍ മുസ്ലിങ്ങള്‍ക്ക് എതിരാണെന്നും പൗരത്വ നിയമ ഭേദഗതി രാജ്യത്തെ മുസ്ലിങ്ങളെ നാടുകടത്താനുമുള്ളതാണെന്ന് വ്യാജപ്രചാരണം അഴിച്ചുവിട്ടത്. മുസ്ലീം സമുദായത്തിനുള്ളില്‍ ഭീതി സൃഷ്ടിച്ച് സംഘര്‍ഷമുണ്ടാക്കുകയായിരുന്നു ലക്ഷ്യം.
കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്ന് ഒരു ക്രിസ്ത്യന്‍ സംഘടന പറഞ്ഞപ്പോള്‍, വസ്തുതകള്‍ നിരത്തി ബോധ്യപ്പെടുത്തിയപ്പോള്‍ ഏഷ്യാനെറ്റ് ന്യൂസ് അങ്ങനെയൊന്നില്ലെന്ന് സ്ഥാപിക്കാനാണ് ശ്രമിച്ചത്. ലൗ ജിഹാദ് ഇല്ലെന്നും ഉണ്ടെന്ന് പറയുന്നത് മുസ്ലീങ്ങള്‍ക്കെതിരാണെന്നും വരുത്തി തീര്‍ക്കാന്‍ അവതാരകന് പാടുപെട്ടു. ഇസ്ലാമിക് സ്റ്റേറ്റിന്റെയും ലൗജിഹാദിന്റെയും പ്രചാരകനെപോലെയാണ് ഏഷ്യാനെറ്റ് ന്യൂസ് അവതാരകന് പെരുമാറിയത്. ലൗ ജിഹാദ് പ്രാവര്‍ത്തികമാക്കാന്‍ ഇവര്‍ പണം പറ്റിയിട്ടില്ലെന്ന് എങ്ങനെ പറയാനാകും?. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലും കേരളത്തിലെ വാര്‍ത്താ ചാനലുകള്‍ ഹൈന്ദവ വിരുദ്ധ, വിശ്വാസ വിരുദ്ധ നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ അന്ന്, സ്ത്രീകളെ ശബരിമല അയ്യപ്പന്റെ സന്നിധിയിലെത്തിക്കണമെന്ന് വാശിപിടിച്ച് വാര്‍ത്തകള്‍ നല്കിയ ചാനലുകളും പത്രങ്ങളും വേണ്ടെന്ന് വയ്ക്കാന്‍ വിശ്വാസികള്‍ക്കായി. വിശ്വാസത്തെ അധിക്ഷേപിക്കുന്നവര്‍ക്ക് പരസ്യങ്ങള്‍ നല്‍കില്ലെന്ന് ചില കമ്പനികള്‍ തീരുമാനിച്ചു. പ്രമുഖരായ ജ്യൂവലറികള്‍ വരെ പരസ്യങ്ങള്‍ നിഷേധിച്ചു. അത്തരമൊരു നിലപാടാണ് ഇപ്പോഴും സ്വീകരിക്കേണ്ടത്.
കേരളത്തില്‍ ബിജെപിയും ദേശീയപ്രസ്ഥാനങ്ങളും ഒരിക്കലും മാധ്യമ പിന്തുണ നേടിക്കൊണ്ടല്ല വളര്‍ച്ചയുടെ പാതയിലെത്തിയത്. എല്ലാത്തരം എതിര്‍പ്പുകളെയും അവഗണനകളെയും നേരിട്ടുകൊണ്ടും നിരവധി പ്രവര്‍ത്തകര്‍ ജീവാര്‍പ്പണം ചെയ്തുമാണ് ആര്‍എസ്എസ് അടക്കമുള്ള പ്രസ്ഥാനങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. എന്നും ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളുടെപക്ഷം ചേര്‍ന്ന് പ്രവര്‍ത്തിക്കുക എന്നതാണ് കര്‍ത്തവ്യം. ഒരിക്കലും മാധ്യമങ്ങളുടെ പക്ഷം ചേരാന്‍ ഉദ്ദേശ്യമില്ലെന്ന് വ്യക്തമാക്കിയിട്ടുമുണ്ട്.
പക്ഷേ, വ്യക്തമായ മുന്‍ധാരണകളോടെയും ദുരുദ്ദേശ്യപരമായ രാഷ്ട്രീയ, വര്‍ഗ്ഗീയ, വ്യാവസായിക കാഴ്ചപ്പാടോടെയും പ്രവര്‍ത്തിക്കുകയും അതിനുവേണ്ടി അവഹേളിക്കുകയും ചെയ്യുന്ന സമീപനം മാധ്യമങ്ങള്‍ക്ക് ഭൂഷണമല്ല. ബിജെപിയുടെ രാഷ്ട്രീയ പ്രതിയോഗികളുടെ പ്രചാരണ ജോലി ഏറ്റെടുത്തു പ്രവര്‍ത്തിക്കുന്നത് ഒരിക്കലും ധാര്‍മികവുമല്ല. രാജ്യത്ത് പ്രകടമായി വരുന്ന ആശാസ്യമായ മാറ്റങ്ങളെ അവഹേളിച്ചതുകൊണ്ട്, ചിലരുടെ ധനവും പിന്തുണയും ചാനലിലേക്ക് പ്രവഹിച്ചേക്കാം. അത് ദേശവിരുദ്ധവും നിയമവിരുദ്ധവുമായതാണെന്ന് വ്യക്തമാണ്. നിര്‍ഭയമായി നിരന്തരം ദേശവിരുദ്ധത പ്രചരിപ്പിക്കുന്നതല്ല ഗുണകരമായ മാധ്യമ ധര്‍മമെന്ന് മാത്രം ഓര്‍ക്കുക. അതിന് തുനിയുന്നവര്‍ വലിയ വിലനല്‍കേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: