ജക്കാര്‍ത്ത: പള്ളികള്‍ കേന്ദ്രീകരിച്ച് രാജ്യവിരുദ്ധകുറ്റകൃത്യങ്ങള്‍ പെരുകുന്ന സാഹചര്യത്തില്‍ രാജ്യത്തെ മുസ്ലീം പള്ളികളുടെ കണക്കെടുക്കാനൊരുങ്ങിയിരിക്കുകയാണ് ലോകത്തെ ഏറ്റവും വലിയ മുസ്ലീം രാജ്യമായ ഇന്തോനേഷ്യ. ദിനംപ്രതി പള്ളികള്‍ ഉയരുന്ന രാജ്യമായതിനാല്‍ ഈ കണക്കെടുപ്പ് വളരെ ദുഷ്‌കരമായിരിക്കും. എന്നാല്‍ രാജ്യസുരക്ഷയ്‌ക്കുവേണ്ടി രണ്ടും കല്പിച്ചാണ് ഭരണകൂടം. ഇതിനായി 1000 പേരടങ്ങുന്ന ദൗത്യസംഘത്തെ നിയോഗിച്ചു കഴിഞ്ഞു.
ഇന്തോനേഷ്യയില്‍ എത്ര പള്ളികളുണ്ടെന്ന് ദൈവത്തിന് മാത്രമേ അറിയൂ എന്ന് മുന്‍ വൈസ് പ്രസിഡന്റ് ജുസഫ് കല്ല മാധ്യമങ്ങളോട് പറഞ്ഞത് ശ്രദ്ധേയമാണ്. സര്‍ക്കാരിനെതിരെയുള്ള പ്രവര്‍ത്തനങ്ങളുടെ ആസൂത്രണം ചില പള്ളികള്‍ കേന്ദ്രീകരിച്ച് നടക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഡ്രോണുകളുടെ സഹായമാണ് പ്രധാനമായും ഇതിനായി ദൗത്യസംഘം ഉപയോഗിക്കുന്നത്.
554,152 പള്ളികള്‍ ഇതുവരെയുള്ള സര്‍വെ പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇന്തോനേഷ്യയിലെ ജനസംഖ്യയില്‍ 90 ശതമാനവും ഇസ്ലാം മത വിശ്വാസികളാണ്. ഇതില്‍തന്നെ 99 ശതമാനവും സുന്നി വിശ്വാസികളാണ്. തെക്ക്കിഴക്കന്‍ ഏഷ്യയിലെ ഏറ്റവും വലിയ മുസ്ലീം പള്ളിയും ഇന്തോനേഷ്യയിലാണ് ഉള്ളത്.
















