മലപ്പുറം: പ്രതിരോധ കുത്തിവയ്‌പ്പുകളോടുള്ള വിരോധം മലപ്പുറം അവസാനിപ്പിച്ചിട്ടില്ല. പോളിയോ തുള്ളിമരുന്ന് വിതരണത്തിലും സംസ്ഥാനത്ത് തന്നെ ഏറ്റവും പിന്നിലാണ് മലപ്പുറത്തിന്റെ സ്ഥാനം. ജനുവരി 19ന് നടന്ന തുള്ളിമരുന്ന് വിതരണത്തില്‍ ഏറ്റവും കുറവ് പങ്കാളിത്തം കാഴ്ചവച്ചത് മലപ്പുറമാണ്.
ഡിഫ്തീരിയ മുതല്‍ എംആര്‍ വാക്‌സിന്‍ വരെയുള്ള കുത്തിവയ്‌പ്പുകളെ പടിക്കുപുറത്ത് നിര്‍ത്തിയ ചരിത്രമാണ് മലപ്പുറത്തിനുള്ളത്. പ്രതിരോധ കുത്തിവയ്‌പ്പുകളെ മതവുമായി ബന്ധിപ്പിച്ച് നടത്തുന്ന കുപ്രചാരണങ്ങളാണ് ഇതിന് കാരണം. പ്രതിരോധ കുത്തിവയ്‌പ്പിന് നേതൃത്വം നല്‍കിയ ആരോഗ്യവകുപ്പ് ജീവനക്കാരെ ആക്രമിക്കുന്ന സംഭവങ്ങള്‍ പോലും മലപ്പുറത്തുണ്ടായിരുന്നു. 19ന് ആരോഗ്യവകുപ്പ് സജ്ജമാക്കിയ കേന്ദ്രങ്ങളില്‍ രക്ഷിതാക്കള്‍ കുട്ടികളെ എത്തിക്കാതിരുന്നതിനാല്‍ സംസ്ഥാനത്തെ 4,90,645 കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കാനായില്ല. തുള്ളിമരുന്ന് വിതരണത്തില്‍ സംസ്ഥാനത്ത് ഏറ്റവും പിന്നില്‍ മലപ്പുറം ജില്ലയാണ്. ഇവിടത്തെ 46 ശതമാനം കുട്ടികള്‍ക്കും പള്‍സ് പോളിയോ ഇമ്യൂണൈസേഷന്‍ പരിപാടി നടന്ന 19ന് പോളിയോ തുള്ളിമരുന്ന് നല്‍കിയിട്ടില്ല.
സംസ്ഥാനത്തെ 24,50,477 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കാനാണ് ആരോഗ്യ വകുപ്പ് ലക്ഷ്യമിട്ടിരുന്നത്. ഇതില്‍ 19,59,832 കുട്ടികള്‍ക്ക് മാത്രമേ തുള്ളിമരുന്ന് നല്‍കിയുള്ളൂ. ആകെ കുട്ടികളുടെ 80 ശതമാനമാണിത്. 20 ശതമാനം കുട്ടികള്‍ ഇപ്പോഴും വാക്‌സിനേഷന് പുറത്താണ്. ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, തുടങ്ങിയ സ്ഥലങ്ങളിലടക്കം 23,466 ബൂത്തുകള്‍ സജ്ജമാക്കിയിരുന്നു. ഇവിടേക്ക് രക്ഷിതാക്കള്‍ കുട്ടികളെ കൊണ്ടുവന്നില്ല. മലപ്പുറത്തിന് തൊട്ടുപിന്നില്‍ പാലക്കാടും കാസര്‍കോടുമുണ്ട്. തുള്ളിമരുന്ന് വിതരണത്തില്‍ ഒന്നാംസ്ഥാനത്തുള്ളത് ഇടുക്കി, തിരുവനന്തപുരം, എറണാകുളം, കൊല്ലം ജില്ലകളാണ്.
മുസ്ലിം മതവിശ്വാസികള്‍ ഏറെയുള്ള മലപ്പുറത്ത് വിശ്വാസത്തിന്റെ മറവില്‍ നടക്കുന്ന പ്രചാരണങ്ങളാണ് ആരോഗ്യ വകുപ്പിന് വെല്ലുവിളിയാകുന്നത്. മുസ്ലിം ജനസംഖ്യ കുറയ്‌ക്കാനുള്ള സര്‍ക്കാരിന്റെ നീക്കമാണ് കുത്തിവയ്‌പ്പുകളെന്ന് ഒരുവിഭാഗം ആളുകള്‍ പ്രചരിപ്പിക്കുന്നു. പലതവണ അനുഭവമുണ്ടായിട്ടും ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയാറാകുന്നുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: