ഗൗഡപാദര്‍ ബൗദ്ധന്മാരുടെ ശൂന്യ, വിജ്ഞാനവാദങ്ങളെ സ്വാംശീകരിക്കുകയും ഉപനിഷത്തുകളില്‍ ഉപദേശിക്കപ്പെടുന്ന ആത്യന്തികസത്യവുമായി അവ പൊരുത്തപ്പെടുന്നു എന്നു കരുതുകയും ചെയ്തു. അദ്ദേഹം വൈദികനോ ബൗദ്ധനോ എന്നത് ഇവിടെ പ്രസക്തമല്ല. പക്ഷേ, ദാസ്ഗുപ്തയുടെ നിരീക്ഷണത്തില്‍, ഗൗഡപാദര്‍ ബുദ്ധനേയും അദ്ദേഹത്തിന്റെ ഉപദേശങ്ങളേയും വളരെ ബഹുമാനിച്ചിരുന്നു, ആ ഉപദേശങ്ങള്‍ ആണ് തന്റെതെന്നും കരുതിയിരുന്നു എന്നുമുള്ള കാര്യം വ്യക്തമാണ്. ഏറ്റവും ചെറിയ ഉപനിഷത്തു തിരഞ്ഞെടുക്കാന്‍ കാരണം ഒരു പക്ഷേ, തന്റെ അഭിപ്രായങ്ങള്‍ തടസ്സം കൂടാതെ പറയുവാന്‍ വലിയഉപനിഷത്തുകളിലെ ഗ്രന്ഥപരിമിതികള് ഉപകരിക്കില്ല എന്നതുകൊണ്ടാവാമെന്നും ദാസ്ഗുപ്ത അഭിപ്രായപ്പെടുന്നു. അനിര്‍വചനീയവും വിവരണാതീതവുമായ വിജ്ഞാനം അഥവാ ശൂന്യം എന്ന ബൗദ്ധസത്യം ഉപനിഷത്തിലെ പരമമായ ആത്മസത്തയാണെന്നു വിശദീകരിക്കുന്നതിലൂടെ ബൗദ്ധചിന്താസരണിയിലൂടെയുള്ള ഉപനിഷത്പഠനത്തിന്റെ പുനരുദ്ധാരണത്തിനു തുടക്കമിടുകയായിരുന്നു ഗൗഡപാദര്‍ ചെയ്തത് എന്നും ഈ ഗൗഡപാദവീക്ഷണത്തിനെ ഉപനിഷത്തുകള്‍ എത്രമാത്രം സാധൂകരിക്കുന്നു എന്നു പരീക്ഷിക്കാനും വിശദീകരിക്കാനുമുള്ള നിയോഗം സ്വശിഷ്യനായ മഹാനായ ശങ്കരനിലാണ് നിക്ഷിപ്തമായത് എന്നും ചൂണ്ടിക്കാട്ടി ദാസ്ഗുപ്ത തന്റെ മാണ്ഡൂക്യകാരികാവിവരണത്തെ ഉപസംഹരിക്കുന്നു.
ഗൗഡപാദര്‍ ബൗദ്ധനായിരുന്നു എന്ന പക്ഷത്തിനു മറുപടിയായി മൃഡാനന്ദസ്വാമി ഇപ്രകാരം പ്രതികരിക്കുന്നു നാലാമത്തേതായ അലാതശാന്തിപ്രകരണത്തില്‍ അദ്വൈതദര്ശനത്തിനെതിരായുള്ള പ്രതിപക്ഷവാദങ്ങളെ വിവരിച്ച് പരസ്പരവിരുദ്ധങ്ങളായ അവയെക്കൊണ്ടു തന്നെ അന്യോന്യം അവയുടെ അസാംഗത്യത്തെ തെളിയിച്ച്, ആഗമപ്രസിദ്ധവും അനിഷേധ്യവുമായ അദ്വൈതം തന്നെയാണ് ശരിയായ ദര്‍ശനമെന്ന് വ്യക്തമാക്കുന്നു. വേദബാഹ്യന്മാരും ദ്വൈതികളുമായ പലരുടേയും സിദ്ധാന്തങ്ങള്‍ പറയുന്നതില്‍ അദ്ദേഹം പ്രധാനമായി എടുക്കുന്നത് ബൗദ്ധസിദ്ധാന്തങ്ങളെയാണ്. ജഗത്തു സത്യമാണെന്ന ഭ്രമത്തെ നിരസിച്ച് അജാതിവാദത്തെ സമര്‍ത്ഥിക്കാനുള്ള യുക്തികള്‍ ബൗദ്ധസിദ്ധാന്തങ്ങളില് നിന്നു തന്നെ എടുത്ത് ഉദാഹരിക്കുന്നതുകൊണ്ടും ബൗദ്ധന്മാരുടെ പല സാങ്കേതികപദങ്ങളും ഉപയോഗിക്കുന്നതുകൊണ്ടും ഗൗഡപാദര്‍ ബുദ്ധമതാനുയായി ആയിരുന്നു എന്ന ഒരു അപവാദത്തിനുകൂടി കാരണമായിട്ടുണ്ട്. വാസ്തവത്തില്‍,എതിരാളികളുടെ വാദങ്ങളില്ത്തന്നെയുള്ള അന്യോന്യവൈരുദ്ധ്യത്തെ എടുത്തുകാണിച്ച് അവരുടെ യുക്തികള്‍ തന്നെ അവസാനം അജാതിവാദത്തിലേക്കാണ് നയിക്കുന്നതെന്നു വ്യക്തമാക്കുകയേ അദ്ദേഹം ചെയ്തിട്ടുള്ളൂ
(മാണ്ഡൂക്യകാരികയുടെ മലയാളവ്യാഖ്യാനം)
മാണ്ഡൂക്യകാരികയും മാധ്യമികകാരികയും താരതമ്യം ചെയ്തു പഠിക്കുമ്പോള്‍ വെളിവാകുന്ന ഒരു കാര്യം ശ്രദ്ധേയമാണ്. ബോധത്തിന്റെ നാലാമത്തെ അവസ്ഥയായ തുരീയ (ജാഗ്രത്ത്, സ്വപ്നം, സുഷുപ്തി എന്നീ മൂന്നവസ്ഥകള്‍ സാധാരണന്മാര്‍ക്കും അറിയാം) ത്തെക്കുറിച്ച് വൈദിക, ബൗദ്ധാചാര്യന്മാര് ഏറെക്കുറെ ഒരേ തരത്തിലുള്ള അഭിപ്രായമാണ് പ്രകടിപ്പിക്കുന്നത് എന്നതാണത്. പ്രപഞ്ചാനുഭവത്തെക്കുറിച്ചുള്ള വിശദീകരണങ്ങളും സാധനാ പഥങ്ങളും വ്യത്യസ്തങ്ങളാണെങ്കിലും ഒരേ തുരീയാനുഭൂതിതലത്തിലാണ് ഹിന്ദുദാര്‍ശനികര്‍ എത്തിച്ചേര്‍ന്നതെന്ന സത്യമാണ് നമുക്ക് ഇതില്‍നിന്നും വ്യക്തമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: