ന്യൂദല്‍ഹി: ലോകരാജ്യങ്ങളില്‍ എല്ലാ മതങ്ങളേയും സ്വീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന രാജ്യം ഇന്ത്യ മാത്രമാണെന്നും പാക്കിസ്ഥാനും അമേരിക്കയുമെല്ലാം മതരാജ്യങ്ങളാണെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ദല്‍ഹി എന്‍സിസി റിപ്പബ്ലിക് ക്യാമ്പിലെ കേഡറ്റുകളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ മതമായി ഹിന്ദുവെന്നോ സിഖ് എന്നോ ബൗദ്ധരെന്നോ ഒരിക്കലും പറഞ്ഞിട്ടില്ല. മറിച്ച് വസുധൈവ കുടുംബകം എന്നാണ് പറഞ്ഞത്. അതായത് ഈ ലോകം മുഴുവന്‍ ഒരു കുടുംബമാണെന്നാണ് അവര്‍ കരുതിയതും പെരുമാറിയതും. ഈ സന്ദേശം ലോകം മുഴുവന്‍ വ്യാപിച്ചതും ഇവിടെ നിന്നാണ്’ പ്രതിരോധമന്ത്രി വ്യക്തമാക്കി.
പാകിസ്ഥാനെപ്പോലെ മതരാജ്യമാകാതിരിക്കാന്‍ കാരണമായത് ഇന്ത്യയുടെ സംസ്‌കാരിക മൂല്യങ്ങളാണ്. ‘അമേരിക്ക പോലും മതരാജ്യമാണ്. പക്ഷെ ഇന്ത്യ അങ്ങിനെ ഇതുവരെ പ്രഖ്യാപിച്ചില്ല. എന്തുകൊണ്ടാണ്? കാരണം നമ്മുടെ നാട്ടില്‍ ജീവിച്ചിരുന്ന ഋഷിമാരും സന്യാസിമാരും ഈ നാട്ടില്‍ ജീവിച്ചിരുന്നവരെ മാത്രമല്ല ലോകത്തിലുള്ള മുഴുവനാളുകളേയും സ്വന്തം സഹോദരന്മാരായും ഒരു കുടുംബമായും കണ്ടവരാണ്.
‘നമ്മള്‍ ഇന്ത്യക്കാര്‍ ഒരു മതത്തോടും വിവേചനം കാണിക്കുന്നില്ലെന്ന് അഭിമാനത്തോടെ പറയുന്നു. എന്തുകൊണ്ടാണ് അങ്ങിനെ പറയുന്നത്? നമ്മുടെ അയല്‍രാജ്യം സ്വയം മതരാജ്യമാണെന്ന് അവകാശപ്പെട്ടവരാണ്. പക്ഷെ നമ്മള്‍ അത്തരം ഒരു അവകാശ വാദം ഉന്നയിച്ചില്ല’ രാജ്നാഥ് സിംഗ് സൂചിപ്പിച്ചു.
















