ഹവായ്: കത്തിക്കുത്ത് കേസ് അന്വേഷിക്കാനെത്തിയെ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ വെടിവയ്പ്. ഒരു വനിത ഉൾപ്പടെ രണ്ട് പോലീസ് ഓഫീസർമാർ മരിച്ചു. മറ്റൊരു ഓഫീസർക്ക് പരിക്കേറ്റു. ജനുവരി 19 ഞായറാഴ്ചയായിരുന്നു സംഭവം.
ഹൊന്ന ലുലു ടൂറിസ്റ്റ് കേന്ദ്രത്തിനു സമീപത്താണ് വെടിവയ്പ് ഉണ്ടായത്. വീട്ടുടമസ്ഥനും വാടകക്കാരനും തമ്മിലുണ്ടായ തര്‍ക്കത്തിനിടെ വാടകക്കാരന് വീട്ടുടമസ്ഥനെ കുത്തി പരുക്കേല്‍പ്പിച്ചിരുന്നു. ഇക്കാര്യം അന്വേഷിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കു നേരെ വാടകക്കാരന് തുടര്‍ച്ചയായി വീട്ടില്‍ നിന്നും വെടിയുതിർക്കുകയായിരുന്നു. തുടര്‍ന്ന് രണ്ടു പോലീസുക്കാര്, ഒരു വനിതാ ഓഫിസര്‍ ഉള്‍പ്പെടെ സംഭവ സ്ഥലത്തു വച്ചു മരിച്ചുവെന്ന് ഹൊന്ന ലുലു പോലീസ് ചീഫ് സൂസന് പറഞ്ഞു.
കോടതിയില്‍ നിന്നും ഒഴിവാകണമെന്ന് നോട്ടീസ് ലഭിച്ചിട്ടും പുറത്തു പോകാന്‍ തയ്യാറാകാതിരുന്ന വാടകക്കാരന് ജെറി ഹാനലിനോട് വീട് ഒഴിവാക്കി തരണമെന്നാവശ്യപ്പെട്ടാണ് ഉടമസ്ഥന് വീട്ടിലെത്തിയത്. സംസാരത്തിനിടെ ജെറി ഉടമസ്ഥനെ കുത്തി പരിക്കേല്പിക്കുകയായിരുന്നു. ഒരുവിധം രക്ഷപ്പെട്ട ഉടമസ്ഥന് പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് സംഘം അവിടെ എത്തിയത്. പൊലീസെത്തിയപ്പോള്‍ വീട്ടില്‍ നിന്നും കനത്ത പുകപടലം ഉയരുന്നതാണ് കണ്ടത്. തുടര്‍ന്ന് 20 റൗണ്ടോളം വെടിവയ്ക്കുകയായിരുന്നു.
വാടക വീട് ആളി കത്തിയതിനെ തുടര്‍ന്ന് സമീപത്തുണ്ടായിരുന്ന ഏഴോളം വീടുകള്‍ കൂടി കത്തിയമര്‍ന്നു. വാടക വീട്ടില്‍ മറ്റു രണ്ടു സ്ത്രീകള്‍ കൂടി ഉണ്ടായിരുന്നുവെന്നാണ് അറിയുന്നത്. ജെറിക്കും രണ്ടു സ്ത്രീകള്‍ക്കും എന്തുപറ്റി എന്ന് അറിയണമെങ്കില്‍ തീ ശമിക്കണം. അതിനുവേണ്ടി പോലീസ് കാത്തു നില്‍ക്കുകയാണ്. ഇവര്‍ മൂവരും മരിച്ചിരിക്കാമെന്നാണ് പോലീസ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: