ശ്ലോകം 54
വസ്തു സ്വരൂപം സ്ഫുടബോധ ചക്ഷുഷാ
സ്വേനൈവ വേദ്യം ന തു പണ്ഡിതേന
ചന്ദ്രസ്വരൂപം നിജചക്ഷുഷൈവ
ജ്ഞാതവ്യമനൈ്യരവഗമ്യതേകിം
ആത്മ സ്വരൂപത്തെ ജ്ഞാനക്കണ്ണുകൊണ്ട് അവനവന്‍ തന്നെ നേരിട്ട് അനുഭവിച്ചറിയണം. പണ്ഡിതന്‍മാര്‍ അറിഞ്ഞതുകൊണ്ടൊ അവരുടെ വാക്കുകള്‍ കേട്ടതുകൊണ്ടോ പോരാ.ചന്ദ്രന്റെ മനോഹര രൂപം സ്വന്തം കണ്ണുകൊണ്ട് കണ്ടറിയണം. മാറ്റാരെങ്കിലും കണ്ടതുകൊണ്ടൊ വിവരിച്ചതുകൊണ്ടോ നമുക്ക് എന്ത് പ്രയോജനം?
ജ്ഞാനപൂര്‍ണ്ണിമയായി ആത്മ ചന്ദ്രന്‍ ഉദിച്ചുയരുന്നത് ഓരോരുത്തരിലുമാകണം.അതിനെക്കുറിച്ചുള്ള വിവരണവും മറ്റുമൊക്കെ അതിനെ നേരില്‍ കാണാനുള്ള ആകാംക്ഷയെ ജനിപ്പിച്ചേക്കാം.പക്ഷേ അത് കൊണ്ട് മാത്രമായില്ല സ്വയം അനുഭവമാകുമ്പോള്‍ മാത്രമേ പൂര്‍ണ്ണതയാവുകയുള്ളൂ. ഓരോ ആളും അത് തന്നെത്താന്‍ അനുഭവിക്കണം. പല അനുഭവങ്ങളും അനുഭവിച്ചവര്‍ക്ക് അതേ മട്ടില്‍ മട്ടില്‍ വിവരിച്ചുകൊടുക്കാന്‍ പോലുമാകില്ല.
ശരത് പൂര്‍ണ്ണിമയിലെ ചന്ദ്രന്റെ മനോഹാരിത ആസ്വദിക്കാനാകണമെങ്കില്‍ അത് നേരിട്ട് തന്നെ കാണണം. മറ്റുള്ളവരുടെ വാക്കുകളിലൂടെ കേട്ടതുകൊണ്ടായില്ല. എത്രവിവരണങ്ങള്‍ക്കും വര്‍ണ്ണനകള്‍ക്കും അപ്പുറമാണ് ആ ഭംഗിയെന്ന് നേരിട്ട് കാണുമ്പോഴേ മനസ്സിലാവൂ. വാക്കുകള്‍ അതിനടുത്തെത്താനാവില്ല.എന്നാല്‍ സ്വന്തം അനുഭവമായാല്‍ പിന്നെ മറ്റൊന്നും വേണ്ടി. ഇതു പോലെയാണ് ആത്മ സ്വരൂപത്തെ നേരിട്ടനുഭവമാക്കാനാവുക എന്നത്. സ്വയമറിയുന്നതിന്റെ അടുത്ത് പോലും എത്തില്ല വലിയ പണ്ഡിതനായ ഒരാളുടെ എത്ര ഗംഭീരമായ വര്‍ണ്ണനായായാലും.
ശ്ലോകം 55
അവിദ്യാകാമകര്‍മ്മാദി
പാശ ബന്ധം വിമോചിതും
ക: ശക്‌നുയാദ്‌വിനാത്മാനം
കല്പകോടിശതൈരപി
അവിദ്യാ, കാമം, കര്‍മ്മം മുതലായ പാശങ്ങള്‍ കൊണ്ടുള്ള കെട്ടുകളില്‍ നിന്ന് മോചനം നേടണമെങ്കില്‍ സ്വപ്രയത്‌നം വേണം. നൂറ് കോടി കല്പകാലം എടുത്താലും മറ്റൊന്നു കൊണ്ടും ഈ ബന്ധനങ്ങള്‍ നീങ്ങില്ല.അവിദ്യ, കാമം, കര്‍മ്മം ഇവ മൂന്നുമാണ് ഏറ്റവും വലിയ കെട്ടുകളെന്ന് പറയുന്നത്. ഹൃദയ ഗ്രന്ഥികള്‍ എന്നാണ് ഇവയ്‌ക്ക് പേര്.
അവിദ്യയെ തുടര്‍ന്ന് താന്‍ പൂര്‍ണ്ണനാണെന്ന ബോധം ഇല്ലാതെ പോകുന്നു. പൂര്‍ണ്ണതയെ നേടാന്‍ ഓരോ ആഗ്രഹങ്ങളുണ്ടാവുന്നു. ഈ കാമനകളെ പൂര്‍ത്തീകരിക്കാന്‍ കര്‍മ്മം ഉണ്ടാകുന്നു. ഒരു കെട്ടില്‍ നിന്ന് മറ്റൊന്നിലേക്ക് അതില്‍ മറ്റൊരു കടും കെട്ടിലേക്ക് തളച്ചിടപ്പെടുന്നു ഓരോ ജീവനും. ഇവയോടൊപ്പം ആദി എന്ന് ശ്ലോകത്തില്‍ ഉപയോഗിച്ചിരിക്കുന്നത് കാമ്യ കര്‍മ്മങ്ങളുടെ ഫലമായി ഉണ്ടാകുന്ന വാസനകളെ ഉള്‍പ്പെടുത്താനാണ്. വാസനകള്‍ കൂടുതല്‍ കര്‍മ്മങ്ങളിലേക്കും കുഴപ്പങ്ങളിലേക്കും വലിച്ചിഴക്കും.
ഈ ബന്ധനങ്ങളില്‍ നിന്നൊക്കെ മുക്തി നേടണമെങ്കില്‍ അവനവന്‍ തന്നെ വിചാരിക്കണം. മറ്റൊരാള്‍ക്കും കഴിയില്ല.അതിന് എത്ര കാലം പണിയെടുത്താലുമാകില്ല.പ്രപഞ്ചത്തിന്റെ സൃഷ്ടി മുതല്‍ ലയം വരെയുള്ള കാലമാണ് കല്പം. ബ്രഹ്മാവിന്റെ ഒരു പകല്‍. ഇങ്ങനെയുള്ള 100 കോടി കല്പമെടുത്താലും മറ്റൊരാള്‍ക്കും നമ്മുടെ ഈ കെട്ടുകളെ അറുത്ത് മാറ്റാനാകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക