ഇസ്ലാമാബാദ്: പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി മതംമാറ്റിയ നടപടിക്കെതിരെ പാക്കിസ്ഥാനില്‍ ഹിന്ദുക്കളുടെ പ്രതിഷേധക്കൊടുങ്കാറ്റ്. നൂറുകണക്കിന് ഹിന്ദുക്കള്‍ സിന്ധിലെ ജക്കോബാബാദില്‍ ഒത്തുചേര്‍ന്ന് പ്രതിഷേധ മാര്‍ച്ച് നടത്തി. ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പാക്കാന്‍ ചീഫ് ജസ്റ്റിസിനോടും പ്രധാനമന്ത്രിയോടും കരസേനാ മേധാവിയോടും ആവശ്യപ്പെട്ട അവര്‍ നടപടിയെടുത്തില്ലെങ്കില്‍ കൂട്ടത്തോടെ പാക്കിസ്ഥാന്‍ വിടുമെന്നും മുന്നറിയിപ്പ് നല്‍കി.
നാലു ദിവസം മുന്‍പാണ് ജക്കോബാബാദില്‍ നിന്ന് പതിനഞ്ചു വയസുകാരിയായ മേഹക്കിനെ ഒരു സംഘം തട്ടിക്കൊണ്ടുപോയി മതംമാറ്റിയത്. പെണ്‍കുട്ടി എവിടെയാണെന്നുപോലും ഇപ്പോള്‍ രക്ഷിതാക്കള്‍ക്ക് അറിയില്ല. ജനുവരി 18ന് അവളുടെ വീഡിയോ പുറത്തുവന്നു. അമ്‌രോത് ഷരീഫ് ദര്‍ഗയില്‍ വച്ച് താന്‍ ഇസ്ലാം മതത്തില്‍ ചേര്‍ന്നുവെന്നും അലി റാസാ മാച്ചിയെന്ന മുസ്ലിം യുവാവിനെ വിവാഹം കഴിച്ചുവെന്നുമുള്ള വീഡിയോയില്‍ സ്വന്തം ഇഷ്ടപ്രകാരമാണ് മതംമാറി വിവാഹം കഴിച്ചതെന്നാണ് അവകാശപ്പെടുന്നത്. പെണ്‍കുട്ടിയുടെ മതംമാറ്റത്തെ ന്യായീകരിക്കുന്ന മറ്റൊരു വീഡിയോയും പുറത്തുവന്നിട്ടുണ്ട്. അലിക്ക് രണ്ടു ഭാര്യമാരും നാലു കുട്ടികളുമുണ്ട്.
എന്നാല്‍, പതിനഞ്ചു വയസു മാത്രമുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുേപായി വിവാഹം കഴിപ്പിച്ചതാണെന്ന് അച്ഛനും അമ്മയും പറയുന്നു. ഒരു മെഡിക്കല്‍ ഷോപ്പുടമയുടെ നാലുമക്കളില്‍ മൂത്തവളെയാണ് അലി തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം കഴിച്ചത്. ഈ മേഖലയില്‍ നിന്ന് തട്ടിക്കൊണ്ടുപോയി മതംമാറ്റുന്ന അന്‍പതാമത്തെ പെണ്‍കുട്ടിയാണ് ഇവള്‍. നാലു ദിവസമായി പെണ്‍കുട്ടിയെ കാണാതായിട്ട്. പോലീസ് ഒരു നടപടിയുമെടുത്തിട്ടില്ല, ഹിന്ദു സംഘടനാ നേതാവ് രവി ദവാനി പറഞ്ഞു. കുട്ടികളുടെ സുരക്ഷയെക്കരുതി തങ്ങള്‍ക്ക് രാജ്യം വിടേണ്ടിവരും, ദവാനി തുടര്‍ന്നു.
ഏതാനും ആഴ്ചകള്‍ക്കു മുന്‍പാണ് പ്രശസ്ത സിഖ് ആരാധനാലയമായ നാങ്കണാ സഹിബിലെ മുഖ്യ പുരോഹിതന്റെ മകളെ മുസ്ലീങ്ങള്‍ സംഘം ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം കഴിച്ചത്. ഇത് ചോദ്യം ചെയ്തതോടെ മുസ്ലീങ്ങള്‍ ഗുരുദ്വാര തകര്‍ത്തു. ഇതിന്റെ പേരിലുണ്ടായ വിവാദം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ഈ വിഷയത്തില്‍ ഇന്ത്യ പാക് പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിരുന്നു.
ജക്കോബാബാദിലെ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതിന് രണ്ടു ദിവസം മുന്‍പ് തെക്കന്‍ സിന്ധിലെ തര്‍പ്പക്കാറില്‍ നിന്ന് രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മതംമാറ്റിയിരുന്നു. പാക്കിസ്ഥാനില്‍ ഹിന്ദുക്കളും ക്രിസ്ത്യാനികളുമടക്കം ന്യൂനപക്ഷങ്ങള്‍ കൊടിയ മതപീഡനമാണ് അനുഭവിക്കുന്നത്.
മതപീഡനം മടുത്ത് പാലായനം ചെയ്തുവരുന്ന ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കാനുള്ള നിയമമാണ് പാര്‍ലമെന്റ് അടുത്തിടെ പാസാക്കിയ പൗരത്വ നിയമ ഭേദഗതി. ഇതിനെതിരെയാണ് കോണ്‍ഗ്രസും സിപിഎമ്മും ഒരു വിഭാഗം മുസ്ലിം സംഘടനകളും പ്രതിഷേധിക്കുന്നത്.
















