മട്ടാഞ്ചേരി: കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍, ഡിജിറ്റല്‍ യാത്രാ സാങ്കേതിക സംവിധാനം വരുന്നു. യാത്രക്കാരുടെ മുഖം നൂതന സാങ്കേതിക വിദ്യയില്‍ തിരിച്ചറിയുന്ന സംവിധാനം അധാര്‍ വഴി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് അഞ്ച് വര്‍ഷവും മറ്റു രേഖകള്‍ വഴിയുള്ളവര്‍ക്ക് ഒരു വര്‍ഷവും മറ്റ് തിരിച്ചറിയല്‍ രേഖ ആവശ്യമില്ല.
ബയോമെട്രിക് കിയോസ്‌ക് വഴി മുഖം സ്‌കാനിങ് നടത്തി യാത്രക്കാരന്റെ തിരിച്ചറിയല്‍ രേഖ തയാറാക്കി വിനിയോഗിക്കുന്നതാണ് ഡിജി യാത്രാ പദ്ധതി. പ്രത്യേക കേന്ദ്രങ്ങളില്‍ സ്ഥാപിച്ച ബയോമെട്രിക് കിയോസ്‌ക്കില്‍ പേര്, ആധാര്‍ നമ്പര്‍, ഇ-മെയില്‍, മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കുകയും തുടര്‍ന്ന് മുഖവും കണ്ണുകളും സ്‌കാന്‍ ചെയ്യുകയും ചെയ്യുന്നതോടെ യാത്രക്കാരുടെ തിരിച്ചറിയല്‍ വിവരങ്ങള്‍ രേഖപ്പെടുത്തും.
ആധാര്‍ കൂടാതെ പാന്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, വോട്ടര്‍ ഐഡി എന്നിവയും രേഖയായി നല്‍കാം. സ്‌കാനിങ് പൂര്‍ത്തിയാകുന്നതോടെ യാത്രക്കാരന് എസ്എംഎസ്, ഇ-മെയില്‍ വഴി ആര്‍ഡി തിരിച്ചറിയല്‍ രേഖ ലഭിക്കും. ഇതിലൂടെ വിമാന ടിക്കറ്റും ബുക്കു ചെയ്യാം.
വിദേശ യാത്രക്കാര്‍ പാസ്‌പോര്‍ട്ട് നമ്പര്‍ ഉറപ്പായും രേഖപ്പെടുത്തണം. വിമാന യാത്രാ വേളയില്‍ സുരക്ഷാ പരിശോധനയില്‍ യാത്രക്കാരന് സമയലാഭം, വിമാന കമ്പനികള്‍ക്ക് ചെലവ് കുറവ് സുരക്ഷാ ഏജന്‍സികള്‍ക്ക് തിരിച്ചറിയല്‍ സുതാര്യത തുടങ്ങി വിവിധ നേട്ടങ്ങളാണ് ലക്ഷ്യമിടുന്നത്. വിമാനയാത്രക്കാരന്റെ യാത്രാ വിവരങ്ങള്‍ ഒരു മാസം വിമാനത്താവള രേഖകളില്‍ ശേഖരിക്കപ്പെടും. മുന്‍കൂട്ടി ഡിജി സംവിധാനമെടുക്കാത്ത യാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍ ഒരുക്കിയ ബയോമെട്രിക് കിയോസ്‌ക്കിലൂടെയും പദ്ധതിയുടെ ഭാഗമാകാം.
മുപ്പതു കോടി രൂപയാണ് ഇതിനായി ചെലവ്. ഇന്ത്യയില്‍ പത്തിലേറെ വിമാനത്താവളങ്ങളില്‍ ഡിജി സംവിധാനമൊരുക്കിയിട്ടുണ്ട്. വിമാനയാത്രക്കാര്‍ക്കായി രണ്ടാം ഘട്ടമായി നഗരകേന്ദ്രങ്ങള്‍, റെയില്‍വേ-ബസ് സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ മുഖം തിരിച്ചറിയാനുള്ള ബയോമെട്രിക് കിയോസ്‌ക്കുകള്‍ സ്ഥാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: