തുടര്‍ച്ച
നാലാമത്തെ പ്രകരണമായ അലാതശാന്തിയില്‍ ഈ പരമാവസ്ഥയെ കൂടുതല്‍വ്യക്തമാക്കുന്നു. അലാതശാന്തി എന്ന പദം തന്നെ തികച്ചും ബൗദ്ധമാണെന്നു ദാസ്ഗുപ്ത ചൂണ്ടിക്കാട്ടുന്നു. മാധ്യമികകാരികയില്‍ നാഗാര്‍ജുനന്‍ ഉദ്ധരിക്കുന്ന ബൗദ്ധശതകത്തില്‍ ഈ പ്രയോഗം കാണാം. പ്രസ്തുതശ്‌ളോകം ഇതാണ് അലാതചക്രനിര്‍മ്മാണസ്വപ്‌നമായാംബുചന്ദ്രകൈഃ ധൂമി കാന്തഃപ്രതിശ്രുത്കാമരീച്യെ്രെഗഃ സമാഭവ ഇതി. എല്ലാ ധര്‍മ്മ(വസ്തുപ്രതീതി)ങ്ങളും ജരാമരണരഹിതമാണ്. ധര്‍മ്മം എന്ന പദത്തിന് വസ്തു അഥവാ വസ്തുപ്രതീതി എന്ന അര്‍ത്ഥം നല്‍കുന്നത് ബൗദ്ധാചാര്യന്മാരാണ്. വൈദികത്തില്‍ ജൈമിനിയുടെ നിര്‍വചനമായ ചോദനാലക്ഷണാര്‍ത്ഥഃ ധര്‍മ്മഃ എന്നതാണ് പൊതുവേ സ്വീകരിച്ചുകാണുന്നത്. വൈദികത്തില്‍വേദനിര്‍ദേശങ്ങളാലാണ് ധര്‍മം തീരുമാനിക്കപ്പെടുന്നത്. ഗൗഡപാദരുടെ തുടര്‍ന്നുള്ള സംവാദശൈലി നാഗാര്‍ജുനനെ അനുസ്മരിപ്പിക്കുന്നതായി ദാസ്ഗുപ്ത പറയുന്നു. ഗൗഡപാദര്‍ തുടരുന്നു കാരണം (cause)) കാര്യ (effetc in potential form) മായി കാണുന്നവര്‍ക്ക് കാരണം അജ (ജനിക്കാത്തത്) മാണ് എന്നു കരുതാന്‍ കഴിയുകയില്ല. അത് ഒരേ സമയം നിത്യവും മാറ്റത്തിനുവിധേയവുമാണ് എന്നെങ്ങനെ പറയാന്‍ കഴിയും? ജനനമില്ലാത്ത സത്തയില്‍ നിന്നാണ് വസ്തുക്കളുദ്ഭവിക്കുന്നത് എന്നതു തെളിയിക്കാന്‍ പറ്റിയ് ഉദാഹരണം ഇല്ല. സ്വതവേ ജനിക്കാത്ത ഒന്ന് മറ്റുള്ളവയ്‌ക്ക് ജന്മംനല്‍കുന്നു എന്നു കരുതാനും വഴിയില്ല.
കാര്യത്തിനു കാരണം, ആ കാര്യത്തിനു കാരണമാകുന്ന കാര്യത്തിനു മറ്റൊരു കാരണം, അതിനു വേറൊരു കാരണം എന്നിങ്ങനെ ഉണ്ടാകുന്ന കാര്യ (ഫലം) കാരണ (ഹേതു) ങ്ങളുടെ അനവസ്ഥ (regressus adinfinitum) യെ എങ്ങിനെ സമാപിക്കാന്‍ കഴിയും? ഫലമുണ്ടെങ്കില്‍ ഹേതുവുണ്ട്. ഹേതുവില്ലാതെ ഫലമില്ല. ഇവിടെ സ്വയമോ മറ്റുള്ളവ വഴിയോ ഒന്നും ഉണ്ടാകുന്നില്ല. സത്തോ (being) അസത്തോ non being)) സദസത്തോ (being nonbeing) ആയ ഒന്നും ജനിക്കുന്നില്ല. കാരണമോ, അതിന്റെ സ്വഭാവത്തില്‍ നിന്നുളവാകുന്ന കാര്യമോ ഇല്ല. അതിനാല്‍ തുടക്കമെവിടെയുമില്ലാത്ത ഒന്നിന് ഉല്‍പത്തിയില്ല. അനുഭവ (പ്രജ്ഞപ്തി) ങ്ങളെല്ലാം തന്നെ കാരണാശ്രിതങ്ങളാണ്. അല്ലെങ്കില്‍ രണ്ടുംഇല്ലാതാകും. അപ്പോള്‍ നാം അനുഭവിക്കുന്ന സംക്ലേശങ്ങളും ഉണ്ടാവില്ല. എല്ലാറ്റിനേയും നാം പരസ്പരബന്ധിതങ്ങളായി കാണുമ്പോള്‍ അവഅന്യോന്യാശ്രിതങ്ങളായി തോന്നുന്നു. എന്നാല്‍ യാഥാര്‍ത്ഥ്യത്തിന്റെ കോണിലൂടെ നോക്കുമ്പോള്‍ കാരണങ്ങള്‍ കാരണങ്ങളല്ലാതെയാകുന്നു. ചിത്തം വസ്തുക്കളുമായി ബന്ധപ്പെടുന്നില്ല. അതിനാല്‍ അവയെ പ്രകാശിപ്പിക്കുന്നില്ല. വസ്തുക്കള്‍ക്ക് സത്തയില്ലാത്തതിനാല്‍ അവയുടെ പകര്‍പ്പുകളായ അറിവുകളിലും അവ ഇല്ല. വസ്ത്വഭാവത്തിന്റെ ഏതെങ്കിലും ഒരു പ്രത്യേകാവസരത്തില്‍ ആണ് ചിത്തം വസ്തുപ്രതീതി ഉളവാക്കുന്നതെങ്കില്‍ അതൊരു ഭ്രമമായി കരുതണം. പക്ഷേ, വര്‍ത്തമാനം, ഭൂതം, ഭാവി എന്നീ മൂന്നു കാലങ്ങളിലും ചിത്തം പലതരത്തില്‍ പ്രകടങ്ങളാകുന്ന വസ്തുക്കളുമായി ബന്ധപ്പെടുന്നതേയില്ല. അതുകൊണ്ട് മനസ്സോ മനസ്സിനാല്‍ കാണപ്പെടുന്ന വസ്തുക്കളോ ഒരിക്കലും സൃഷ്ടിക്കപ്പെടുന്നില്ല. അവയ്‌ക്കുല്‍പ്പത്തി കാണുന്നു എന്നു പറയുന്നവര്‍ ആകാശത്തില്‍ (ഖേ, ശൂന്യതയില്‍) രൂപം കാണുന്നതുപോലെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: