ന്യൂദല്‍ഹി: ഗാന്ധി സ്മൃതിയില്‍ നിന്നും നീക്കം ചെയ്‌തെന്ന് ആരോപണമുയര്‍ന്ന മഹാത്മാ ഗാന്ധിയുടെ അവസാന നിമിഷങ്ങളുടെ ചിത്രങ്ങള്‍ പുന: സ്ഥാപിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉത്തരവ്. ഗാന്ധിവധത്തിന്റെ ചിത്രങ്ങള്‍ നീക്കം ചെയ്തതിനെതിരെ കടുത്ത ഭാഷയില്‍ പ്രതിഷേധമറിയിച്ച് ഗാന്ധിയുടെ കൊച്ചുമകന്‍ തുഷാര്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ ഗാന്ധി സ്മൃതിയുമായി ബന്ധപ്പെട്ട പ്രമുഖര്‍ ഇതുസംബന്ധിച്ചു പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. തുടര്‍ന്നാണ് പ്രധാനമന്ത്രിയുടെ ഇടപെടല്‍. അവസാന നിമിഷങ്ങളുള്‍പ്പെടെ ഗാന്ധിയുടെ ജീവിതത്തിലെ പല സുപ്രധാന നിമിഷങ്ങളും പകര്‍ത്തിയ ഫ്രഞ്ച് ഫോട്ടോഗ്രാഫര്‍ ഹെന്റി കാര്‍ട്ടിയര്‍ ബ്രെസണ്‍ ആണ്. അദ്ദേഹം എടുത്ത ഗാന്ധി കൊല്ലപ്പെടുന്നതിന്റെയും മരണാന്തര ചടങ്ങുകളുടേയും വിവിധ ഫോട്ടോകളായിരുന്നു മന്ദിരത്തിന്റെ ചുമരുകളിലുണ്ടായിരുന്നത്.
കഴിഞ്ഞ ദിവസം താന്‍ സ്മൃതി സന്ദര്‍ശിക്കാനായി എത്തിയപ്പോഴാണ് ഫോട്ടോകളെല്ലാം നീക്കം ചെയ്ത് അവിടെ വലിയ ടിവി സ്‌ക്രീനുകള്‍ വെച്ചിരിക്കുന്നത് കണ്ടതെന്നും ഇതില്‍ യാതൊരു ക്രമമോ കൃത്യമായ വിശദീകരണമോ കൂടാതെ ചിത്രങ്ങള്‍ വന്നുപോകുകയാണെന്നും തുഷാര്‍ ഗാന്ധി ആരോപിച്ചിരുന്നു.
ഡിജിറ്റൈസേഷന്റെ ഭാഗമെന്ന പേരില്‍ മാറ്റിയ എല്ലാ ചിത്രങ്ങളും പുനസ്ഥാപിക്കണമെന്നും തുഷാര്‍ ഗാന്ധി ആവശ്യപ്പെട്ടു. ഗാന്ധി അവസാന നാളുകള്‍ ചിലവിട്ട ബിര്‍ള ഹൗസാണ് പിന്നീട് ഗാന്ധി സ്മൃതി മന്ദിരമാക്കിയത്. ഗോഡ്‌സേയുടെ വെടിയേറ്റ് ഗാന്ധി മരിച്ചുവീണതും ഇവിടെയാണ്. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ കീഴില്‍ വരുന്ന ഈ സാംസ്‌കാരിക മന്ത്രാലയത്തിന്റെ ചെയര്‍മാന്‍ പ്രധാനമന്ത്രിയാണ്. അതേസമയം, ഡിജിറ്റലൈസേഷന്റെ ഭാഗമായാണ് ചിത്രങ്ങള്‍ നീക്കിയതെന്നാണ് സാംസ്‌കാരിക മന്ത്രി പ്രഹ്ലാദ് സിങ് പട്ടേല്‍ അറിയിച്ചിരുന്നു. ചിത്രങ്ങള്‍ നിറം മങ്ങിയതിനാലാണ് മാറ്റിയതെന്നും ഇവ ഡിജിറ്റല്‍ ദൃശ്യങ്ങളിലുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
















