അടൂര്‍ ഭാസിയുടെ ആരാധകരായ സുനിലിന്റേയും ഷാജിയുടെയും കഥ! അടൂര്‍ പെരിങ്ങനാട് ഗ്രാമത്തില്‍നിന്ന്, അടൂരുകാരുടെ ദൈവമായിരുന്ന അടൂര്‍ ഭാസിയെ കാണാനും അനുഗ്രഹം വാങ്ങാനും ഇറങ്ങിത്തിരിച്ച സജി എന്ന ചെറുപ്പക്കാരന്റെ കഥ പറയുന്ന എന്റെ ഗ്രാമം എന്ന ചിത്രത്തില്‍ സജി എന്ന ചെറുപ്പക്കാരനായി സുനില്‍ സഫായി വേഷമിടുന്നു. ബാര്‍ബി, ട്രാന്‍സ്ജന്റര്‍ തുടങ്ങിയ ചിത്രങ്ങളില്‍ നായകവേഷങ്ങളില്‍ തിളങ്ങിയ സുനില്‍ എന്റെ ഗ്രാമത്തിലെ നായക കഥാപാത്രത്തെ അവിസ്മരണീയമാക്കി.
അടൂര്‍ ഭാസി ചിത്രങ്ങള്‍ കണ്ട് സിനിമാ മോഹവുമായി നടന്ന സുനില്‍ സഫായിക്ക് ഇതൊരു ജീവിത നിയോഗംതന്നെ എന്ന് പറയാം. കെപിഎസി യിലൂടെ ശ്രദ്ധേയനായ ഷാജി കെപിഎസിയാണ് ‘എന്റെ ഗ്രാമ’ത്തിന്റെ രചനയും, സംവിധാനവും നിര്‍വ്വഹിക്കുന്നത്. അടൂര്‍ പെരിങ്ങനാട് ഗ്രാമവാസിയായ ഷാജി തന്റെ കഥ തന്നെയാണ് ‘എന്റെ ഗ്രാമ’ത്തിലൂടെ പറയുന്നത്.
പതിനഞ്ചു വയസ്സുമുതല്‍ ഷാജി എന്ന സജി അടൂര്‍ ഭാസിയുടെ തറവാട്ടില്‍ കയറിയിറങ്ങുമായിരുന്നു. പാതിരാത്രിയില്‍ വന്ന്, അതിരാവിലെ യാത്രയാകുന്ന ഭാസിച്ചേട്ടനെ പലപ്പോഴും സജിക്ക് കാണാന്‍ കഴിഞ്ഞില്ല. അപൂര്‍വ്വമായി കണ്ടുമുട്ടിയപ്പോള്‍ അടുര്‍ ഭാസി, സജിക്ക് നല്ല ഉപദേശങ്ങള്‍ നല്കി. അത് സജി സ്വീകരിച്ചു. കലാരംഗത്ത് പിന്നീട് സജി വളരുന്ന കാഴ്ചയാണ് കണ്ടത്. സജി എന്ന ചരിത്ര കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിഞ്ഞത് വലിയൊരു ഭാഗ്യമായി താന്‍ കരുതുന്നതായി സുനില്‍ സഫായി പറഞ്ഞു.
അടൂര്‍ ഭാസിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട സജി, ബിനു, സാം, മനു, ശ്രീഹരി എന്നീ സുഹൃത്തുക്കളുടെ സഹായത്തോടെ നാടക രംഗത്തും, മറ്റ് കലാരംഗത്തും പയറ്റിത്തെളിഞ്ഞു. ഒടുവില്‍ സജി സിനിമാ തിരക്കഥ എഴുതാനും തുടങ്ങി. തെയ്യം കലകളോടും സജിക്ക് ആഭിമുഖ്യം ഉണ്ടായിരുന്നു. സ്വന്തം ഗ്രാമത്തിലെ പെരിങ്ങനാട് ക്ഷേത്രത്തിന്റെ ആദിമൂലസ്ഥാനമായ കുറ്റിവിള കൊട്ടാരത്തില്‍ സജി തെയ്യം കെട്ടിയാടി. ഗ്രാമം മുഴുവന്‍ അന്ന് സജിയെ അനുമോദിച്ചു.
തെയ്യം അറിയാത്ത സുനില്‍ സഫായി മൂന്ന് ദിവസം വ്രതം എടുത്ത ശേഷമാണ് തെയ്യം കലാകാരനായി കെട്ടിയാടിയത്. അഭിനയരംഗത്തെ വലിയ പരീക്ഷണം എന്നാണ് ഈ അനുഭവത്തെപ്പറ്റി സുനില്‍ പറയുന്നത്. പെരിങ്ങനാട് ഗ്രാമത്തിലെ അടൂര്‍ ഭാസിയുടെ തറവാട്ടില്‍ വച്ചാണ് സുനില്‍, സജിയായി മാറിയ പ്രധാന രംഗങ്ങള്‍ പകര്‍ത്തിയത്. ഈ അനുഭവങ്ങള്‍ സുനിലിന് കൂടുതല്‍ കരുത്ത് നല്കുന്നു. അടൂര്‍ ഭാസിയുടെയും ഭാസിയെ സ്നേഹിച്ച നാടിന്റെയും കഥ പറയുന്ന എന്റെ ഗ്രാമത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ഉടന്‍ തിയേറ്ററിലെത്തും.
മല്ലയില്‍ ഫിലിംസിനുവേണ്ടി ബിനു അമ്മച്ചിക്കടയാണ് എന്റെ ഗ്രാമം നിര്‍മിക്കുന്നത്. രചന, സംവിധാനം – ഷാജി കെപിഎസി, ക്യാമറ – അരുണ്‍ സിത്താര, സംഗീതം – ജിജിഹാസന്, കല – മനു കുരം പാല, പ്രൊഡക്ഷന്‍ കണ്ട്രോളര്- അനില്‍ ചെക്കേടത്ത്, അസോസിയേറ്റ് ഡയറക്ടര്‍ – അഭിലാഷ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: