ന്യൂദല്‍ഹി: പൗരത്വ നിയമത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിക്കെതിരെ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. കേസില്‍ കക്ഷിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടാണ് കുമ്മനം അപേക്ഷ നല്‍കിയത്.
സംസ്ഥാനത്തിന്റെയോ കേരളത്തിലെ ജനങ്ങളുടെയോ നിലവിലെ ഒരു അവകാശത്തെയും പുതിയ നിയമം ബാധിക്കില്ല. അതിനാല്‍, കേന്ദ്രവും കേരളവും തമ്മില്‍ നിയമ തര്‍ക്കത്തിന്റെ ആവശ്യമില്ല. ആര്‍ട്ടിക്കിള്‍ 131 പ്രകാരം സംസ്ഥാനം നല്‍കിയ ഒറിജിനല്‍ സ്യൂട്ട് ഹര്‍ജി നിലനില്‍ക്കില്ലെന്ന് കുമ്മനം അപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്തിന്റെ ഭരണത്തലവനായ ഗവര്‍ണറുമായി ആലോചിക്കാതെയാണ് പിണറായി സര്‍ക്കാര്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പൗരത്വ നിയമത്തിന് അനുകൂലമായി നിലപാട് പ്രഖ്യാപിച്ചിട്ടുണ്ട്. നിയമസഭ ഏകകണ്ഠമായി പ്രമേയം പാസ്സാക്കിയെന്ന് സര്‍ക്കാര്‍ പറയുന്നു. എന്നാല്‍, 2016ലാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടന്നത്. കേന്ദ്ര സര്‍ക്കാര്‍ 2019ലാണ് നിയമം പാസാക്കിയത്. അതിനാല്‍, നിയമത്തെക്കുറിച്ച് സംസ്ഥാനത്തെ ഭൂരിഭാഗം ജനങ്ങളുടെയും അഭിപ്രായമല്ല ഹര്‍ജിയിലുള്ളത്. വന്‍തോതില്‍ പൊതുപണം ചെലവഴിച്ചുള്ള സര്‍ക്കാര്‍ നടപടി കേരളത്തിലെ ഒരു പൗരനെന്ന നിലയില്‍ തന്നെ ബാധിക്കും. കേസ് ചെലവ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മുഴുവന്‍ മന്ത്രിമാരില്‍ നിന്ന് ഈടാക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടിട്ടുണ്ട്. സാമൂഹ്യപ്രവര്‍ത്തകന്‍ എരുമേലി സ്വദേശി അജികുമാറും കുമ്മനത്തിനൊപ്പം സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജിക്കെതിരെ അപേക്ഷ നല്‍കിയിട്ടുണ്ട്.
















