യോര്‍ക് കൗണ്ടി (അമേരിക്ക): കണ്ണിലൊഴിക്കുന്ന തുള്ളിമരുന്ന് മദ്യത്തില്‍ കലര്‍ത്തി നല്‍കി ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ നഴ്‌സിന് 45 വര്‍ഷം ജയില്‍ശിക്ഷ. ലെന സ്യൂ ക്ലേറ്റനെയാണ് കോടതി ശിക്ഷിച്ചത്. അമ്പത്തിമൂന്നുകാരിയായ ലെന വയോജനങ്ങള്‍ക്കു വേണ്ടിയുള്ള വകുപ്പില്‍ നഴ്‌സായിരുന്നു. അറുപത്തിനാലുകാരനായ ഭര്‍ത്താവ് സ്റ്റീഫന്‍ ഡെല്‍വല്ലെ ക്ലേറ്റനെയാണ് ലെന കൊലപ്പെടുത്തിയത്.
ശിക്ഷയില്‍ 25 വര്‍ഷം കൊലക്കുറ്റത്തിനാണ്. മരുന്നിലോ ഭക്ഷണത്തിലോ വിഷാംശം കലര്‍ത്തുന്നതുമായി ബന്ധപ്പെട്ട കുറ്റത്തിനാണ് 20 വര്‍ഷം ജയില്‍ ശിക്ഷ നല്‍കിയത്. 2018 ജൂലൈ 21ന് ക്ലോവര്‍ എന്ന പ്രദേശത്തെ വീട്ടില്‍ സ്റ്റീഫന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതിനെത്തുടര്‍ന്നാണ് പോലീസ് കേസെടുത്തത്. ശരീരത്തില്‍ വിഷാംശമുണ്ടെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തി. ആഗസ്തില്‍ ലെനയെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണിലൊഴിക്കുന്ന തുള്ളിമരുന്ന് മദ്യത്തില്‍ കലര്‍ത്തി തുടര്‍ച്ചയായി മൂന്നു ദിവസം കുടിക്കാന്‍ നല്‍കിയെന്ന് ലെന സമ്മതിച്ചു. തന്നോടു മോശമായി പെരുമാറിയതിനു പ്രതികാരമായാണ് മദ്യത്തില്‍ മരുന്നു കലര്‍ത്തി നല്‍കിയതെന്നും കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും ലെന കോടതിയില്‍ പറഞ്ഞു.
എന്നാല്‍, സ്വത്തു തട്ടിയെടുക്കാനുള്ള ലക്ഷ്യം കൂടി ലെനയ്‌ക്കുണ്ടായിരുന്നെന്നാണ് പ്രോസിക്യൂഷന്‍ ആരോപിച്ചത്. ഒരു മില്യന്‍ ഡോളര്‍ വിലയുള്ള വീട്ടിലാണ് ദമ്പതികള്‍ താമസിച്ചിരുന്നത്. നേരത്തേ ഫ്‌ളോറിഡയില്‍ ബിസിനസ് നടത്തിയിരുന്ന സ്റ്റീഫന് അത്രയും തന്നെ മൂല്യമുള്ള വേറെയും സ്വത്തുക്കളുണ്ട്. ഇതെല്ലാം സ്വന്തമാക്കാനും ലെന പദ്ധതി തയാറാക്കിയിരുന്നെന്നും പോലീസ് കണ്ടെത്തി. ഒന്നാം നിലയില്‍ നിന്നുള്ള ഗോവണിപ്പടിയില്‍ നിന്ന് വീണതിന്റെ ആഘാതത്തില്‍ ഭര്‍ത്താവു മരിച്ചുവെന്നാണ് ലെന ആദ്യം പറഞ്ഞത്. ശവസംസ്‌കാര ചടങ്ങുകളിലും സജീവമായിരുന്നു. എന്നാല്‍ പിന്നീടാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നത്.
















