തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് നിയമം പഠിപ്പിക്കാന്‍ ചുറ്റും നിരവധി ഉപദേശകരുണ്ടെങ്കിലും ഭരണഘടനാപരമായുള്ള നിയമം മുഖ്യമന്ത്രിയെ പഠിപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഖമ്മദ്ഖാന്‍. താന്‍ പറയുന്നതാണ് നിയമം എന്ന് വീമ്പിളക്കുന്ന പിണറായി, ഗവര്‍ണറും മന്ത്രിസഭയും തമ്മില്‍ പാലിക്കേണ്ട റൂള്‍സ് ഓഫ് ബിസിനസ് സംബന്ധിച്ച് ഗവര്‍ണര്‍ പരസ്യ പ്രസ്താവനയുമായി രംഗത്ത് എത്തുമ്പോഴാണ് ഇങ്ങനെയൊരു നിയമമുണ്ടെന്ന് പോലും അറിയുന്നത്. കേന്ദ്രസര്‍ക്കാര്‍ കേരളത്തെ സഹായിച്ചില്ലെങ്കില്‍ ഫെഡറല്‍ സംവിധാനത്തിന് കളങ്കമാണെന്ന് വാ തോരാതെ വാദിക്കുന്ന മുഖ്യമന്ത്രിയാണ് പ്രസിഡന്റ് ഒപ്പിട്ട നിയമത്തിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.
പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസ്സാക്കിയതോടെ കേരളം രാജ്യത്തിന് തന്നെ ആദ്യ മാതൃകാസംസ്ഥാനം ആയി എന്നാണ് മുഖ്യമന്ത്രിയുടെ ഭാഷ്യം. എന്നാല്‍, ഭരണഘടനാ ലംഘനം നടത്തിയ രാജ്യത്തെ ആദ്യ സംസ്ഥാനമെന്ന ദുഷ്പേരും കേരളത്തിനാണ്. കോണ്‍ഗ്രസും സിപിഎമ്മും കിണഞ്ഞ് ശ്രമിച്ചിട്ടും കേന്ദ്രസര്‍ക്കാരുമായി പോര്‍വിളി മുഴക്കി നില്ക്കുന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പൗരത്വ നിമയത്തിനെതിരെ പ്രമേയം പാസ്സാക്കാന്‍ ഇതുവരെ തയാറായിട്ടില്ല.താനും പാര്‍ട്ടിയും ഒന്നാണെന്ന് കരുതുന്നതു പോലെ സംസ്ഥാന ഭരണത്തില്‍ തനിക്കു മീതെ ആരുമില്ലെന്നാണ് പിണറായി കരുതുന്നത്. തങ്ങളുടെ എല്ലാ നെറികേടിനും കൂട്ടുനില്‍ക്കുന്ന പദവിയാണ് ഗവര്‍ണര്‍ സ്ഥാനമെന്നും പിണറായി കരുതുന്നു. എന്നാല്‍, നിയമപുസ്തകം കൈയിലെടുത്താണ് കഴിഞ്ഞ രണ്ടു ദിവസമായി ഗവര്‍ണര്‍ എണ്ണിപ്പറഞ്ഞ് തിരിച്ചടിച്ചത്. പൗരത്വ നിയമത്തിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത് നിയമവിരുദ്ധം. പഞ്ചായത്തിരാജ് നിയമത്തില്‍ ഭേദഗതി വരുത്തിയത് നിയമ വിരുദ്ധം. ഇങ്ങനെ അടിക്കടി നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനാലാണ് ഗവര്‍ണര്‍ക്ക് നിയമപുസ്തകം കൈയിലെടുത്ത് മാധ്യമ പ്രവര്‍ത്തകരുടെ മുന്നില്‍ വിശദീകരിക്കേണ്ടി വന്നത്. എല്ലാം തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കുന്ന പദ്ധതി ഇനി നടപ്പിലാകില്ലെന്നും സര്‍ക്കാരിനുള്ള താക്കീതായി. അതിനാലാണ് കൊളോണിയലും റസിഡന്റുമാരുമായി മുഖ്യമന്ത്രി എത്തിയത്.
ഭരണഘടനാപരമായി നിയമസഭയ്ക്ക് മുകളില്‍ റസിഡന്റുമാര്‍ ഇല്ലെന്നാണ് അനുയായികളുടെ കൈയടിക്കു വേണ്ടി മുഖ്യമന്ത്രി വീമ്പിളക്കിയത്. എന്നാല്‍, കൈയടി കിട്ടാത്തതിനാല്‍ എഴുതപ്പെട്ട ഒരു ഭരണഘടനയുടെ അടിസ്ഥാനത്തിലാണ് ഗവര്‍ണറുടെ മുമ്പില്‍ താനും കൂട്ടരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതെന്ന് ബോധപൂര്‍വം മറക്കുന്നു. ഗവര്‍ണറുടെ അധികാരമെന്തെന്ന് കൃത്യമായ കോടതി വിധികളുണ്ടെന്നും സുപ്രീംകോടതിയുടെ വിധികള്‍ ഗവര്‍ണറുടെ അധികാരം വ്യക്തമാക്കുന്നുണ്ടെന്നും ഗവര്‍ണര്‍ക്ക് സംസ്ഥാന സര്‍ക്കാരിനോട് പറയേണ്ടി വന്നു. കൂടാതെ നിയമവാഴ്ച നില നില്ക്കുന്ന രാജ്യമാണെന്നും ഗവര്‍ണര്‍ മുഖ്യമന്ത്രിയെ ഓര്‍മിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: