ന്യൂദല്‍ഹി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടപടികള്‍ പൂര്‍ണ്ണമായും സ്റ്റേ ചെയ്യണമെന്ന നടന്‍ ദിലീപിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങളുടെ ആധികാരികത സംബന്ധിച്ച് ചണ്ഡീഗഢിലെ സെന്‍ട്രല്‍ ഫോറന്‍സിക് ലാബിന്റെ റിപ്പോര്‍ട്ട് വന്ന ശേഷം മാത്രമേ ദിലീപിനെതിരായ ക്രോസ് വിസ്താരം ആരംഭിക്കാവൂയെന്നും കോടതി നിര്‍ദേശിച്ചു.
വിടുതല്‍ ഹര്‍ജി തള്ളിയ ഹൈക്കോടതി വിധിക്കെതിരെ ദിലീപ് നല്‍കിയ ഹര്‍ജി ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ട് ലഭിച്ച ശേഷം പരിഗണിക്കാന്‍ കോടതി മാറ്റി. ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിക്കും മുമ്പ് വിചാരണ നടത്തുന്നത് സുപ്രീംകോടതി ഉത്തരവുകളുടേയും പ്രതിയുടെ അവകാശങ്ങളുടേയും ലംഘനമാകുമെന്ന് ദിലീപിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ രോഹ്തഗി വാദിച്ചു. എന്നാല്‍, കേസിലെ വിചാരണ നീട്ടിക്കൊണ്ട് പോകാനാവില്ലെന്ന് ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
















