കണ്ണൂര്‍: പങ്കാളിയെ കാണാനില്ലെന്ന പരാതി സ്വീകരിക്കാതെ പോലീസ്. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയായ ബൈ സെക്ഷ്വല്‍ യുവതിയുടെ പങ്കാളിയും സുഹൃത്തുക്കളും ചേര്‍ന്നു നല്‍കിയ പരാതിയാണ് തളിപ്പറമ്പ് പോലീസ് നിരസിച്ചത്. പെണ്‍കുട്ടി വീട്ടുകാരുടെ സംരക്ഷണയിലാണെന്ന കേവല മറുപടി പറഞ്ഞ് വിഷയം ഒതുക്കി തീര്‍ക്കാന്‍ പോലീസ് ശ്രമിച്ചെന്നും ആക്ഷേപമുണ്ട്.
തളിപ്പറമ്പ് സ്വദേശിയായ തന്റെ പങ്കാളി അഞ്ജനയുടെ ജീവന്‍ അപകടത്തിലാണെന്നാണ് ആലപ്പുഴ സ്വദേശി സുള്‍ഫത്തിന്റെ പരാതി. നാല് മാസമായി കോഴിക്കോട് ഒന്നിച്ച് താമസിക്കുകയായിരുന്നു ഇരുവരും. അപ്പോഴാണ് അഞ്ജനയെ വീട്ടുകാര്‍ കൂട്ടിക്കൊണ്ടുപോയത്. അഞ്ജന അവസാനമായി ഫോണില്‍ സംസാരിച്ചപ്പോള്‍ കുടുംബാംഗങ്ങള്‍ ഉപദ്രവിക്കുന്നതായി കരഞ്ഞു പറഞ്ഞിരുന്നുവെന്നും പരാതിയില്‍ പറയുന്നു.
അതേസമയം, പെണ്‍കുട്ടി വിട്ടുകാരുടെ സംരക്ഷണയിലാണെന്നും ഡീ അഡിക്ഷന്‍ സെന്ററില്‍ ചികിത്സയിലാണെന്നുമാണ് പോലീസിന്റെ വിശദീകരണം. എന്നാല്‍ അഞ്ജനയോട് സംസാരിക്കാതെയാണ് പൊലീസിന്റെ നടപടിയെന്ന് സുഹൃത്തുക്കള്‍ ആരോപിക്കുന്നു. അഞ്ജനയ്‌ക്ക് സുരക്ഷ ഉറപ്പാക്കണമെന്നും പോലീസിന്റെ നിഷ്‌ക്രിയത്തം അവസാനിപ്പിക്കാണമെന്ന ആവശ്യവുമായി സഹയാത്രിക എന്ന സന്നദ്ധ സംഘടന തളിപ്പറമ്പ് പോലീസ് സ്റ്റേഷനില്‍ പ്രതിഷേധിച്ചു.
















