കൊടുങ്ങല്ലൂര്‍: ഹിന്ദി ഭാഷ പഠിപ്പിക്കുന്നതിനിടെ വിദ്യാര്‍ഥിനികളോട് പൗരത്വ നിയമഭേദഗതിയുടെ പേരില്‍ പാക്കിസ്ഥാനിലേക്ക് പോകാന്‍ തയ്യാറാകണമെന്ന് പറഞ്ഞ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു. കൊടുങ്ങല്ലൂര്‍ ഗവ. ഗേള്‍സ് ഹൈസ്‌കൂളിലെ അധ്യാപകന്‍ കെ.കെ. കലേശനെയാണ് സസ്‌പെന്റ് ചെയ്തത്.
മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ നേരിട്ട് നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി. ഹിന്ദിഭാഷ പഠിപ്പിക്കുന്നതിനിടയില്‍ പാഠ്യവിഷയമല്ലാത്ത ബയോളജിയും സാമൂഹ്യശാസ്ത്രവും ക്ലാസ്സെടുക്കുകയും കുട്ടികളോട് പാക്കിസ്ഥാനിലേക്ക് പോകാന്‍ തയ്യാറാകണമെന്നും പറഞ്ഞത് ഗൗരവതരമായ അച്ചടക്കലംഘനമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇയാള്‍ സിപിഐ അനുകൂല അധ്യാപക യൂണിയനിലെ അംഗമാണ്. എകെഎസ്‌ടിയുവില്‍ പ്രവര്‍ത്തിക്കും മുമ്പ് ഇയാള്‍ കോണ്‍ഗ്രസ് യൂണിയനിലായിരുന്നു. എന്നാല്‍ വിദ്യാര്‍ഥികളോട് തമാശ പറഞ്ഞതാണെന്നാണ് അധ്യാപകന്റെ വാദം.
















