തിരുവനന്തപുരം: വാര്‍ഡ് വിഭജനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് തയ്യാറാക്കിയ ഓര്‍ഡിനന്‍സ് കാരണം കുഴിയില്‍ വീണത് സര്‍ക്കാര്‍. 2019 ഡിസംബര്‍ 26ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളില്‍ ഓരോ വാര്‍ഡുകള്‍ വീതം കൂട്ടാന്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ തീരുമാനിച്ചത്. ഇതിനു ശേഷം 31ന് പൗരത്വ നിയമ ഭേദഗതിക്കെതിരെ നിയമസഭ ചേര്‍ന്ന് പ്രമേയവും പാസ്സാക്കി. നിയമ ലംഘനത്തിനെതിരെ നിയമസഭ കൂടാമെങ്കില്‍ എന്തുകൊണ്ട് വാര്‍ഡുകള്‍ വര്‍ധിപ്പിക്കുന്നതിനുള്ള ബില്‍ അന്ന് നിയമസഭയില്‍ അവതരിപ്പിച്ചു കൂടായിരുന്നോ എന്നാണ് ഗവര്‍ണറുടെ ചോദ്യം.
വാര്‍ഡുകള്‍ വെട്ടിക്കീറി തങ്ങള്‍ക്ക് അനുകൂലമാക്കാനുള്ള എകെജി സെന്ററിന്റെ നീക്കമാണ് ഗവര്‍ണറുടെ നിലപാടില്‍ പൊളിഞ്ഞത്. 2021 ജനുവരി ഒന്നിന് പുതിയ സെന്‍സസ് പ്രാബല്യത്തില്‍ വരുമെന്നും അതിനാല്‍ 2019 ഡിസംബര്‍ 31ന് ശേഷം വാര്‍ഡുകളുടെ ഘടനകളില്‍ മാറ്റം വരുത്തരുതെന്നും സെന്‍സസ് കമ്മീഷണറുടെ കത്തില്‍ പറയുന്നു. നവംബര്‍ ആറിനാണ് ചീഫ് സെക്രട്ടറിക്ക് ഈ കത്ത് ലഭിച്ചത്.
ഇതോടെ സംസ്ഥാനത്ത് സെന്‍സസുമായി ബന്ധപ്പെട്ട നടപടികള്‍ ആരംഭിക്കുകയും ചെയ്തു. സെന്‍സസ് ഡ്യൂട്ടിക്കുള്ള അധ്യാപകരുടെ പട്ടിക തയാറാക്കാന്‍ കളക്ട്രേറ്റുകള്‍ക്ക് നിര്‍ദേശവും നല്കി. സെന്‍സസ് നടപടി ആരംഭിച്ചാല്‍ വീടുകളുടെ കെട്ടിട നമ്പര്‍ മാറ്റാന്‍ പാടില്ല. വാര്‍ഡ് വിഭജനം നടത്തിയാല്‍ കെട്ടിട നമ്പറുകള്‍ മാറും. ഗവര്‍ണര്‍ ഉന്നയിച്ച ചോദ്യവും ഇതായിരുന്നു.
ഓര്‍ഡിനന്‍സ് ഡിസംബര്‍ 31ന് മുമ്പ് ഗവര്‍ണര്‍ ഒപ്പിട്ടിരുന്നുവെങ്കില്‍ വാര്‍ഡുകളുടെ എണ്ണം വര്‍ധിപ്പിച്ച് സര്‍ക്കാരിന് അനുകൂലമാക്കി തീര്‍ക്കാമായിരുന്നു. എന്നാല്‍ അവിടെയും സര്‍ക്കാര്‍ വെട്ടിലായി. ഡിസംബര്‍ 31ന് നിയമസഭ ചേര്‍ന്നതിനാല്‍ ഓര്‍ഡിനന്‍സ് നിലനില്‍ക്കില്ല.
വീണ്ടും ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചാല്‍ വാര്‍ഡുകളുടെ ഘടന മാറും. എന്നാല്‍ ഘടന മാറ്റാന്‍ പാടില്ലെന്നാണ് സെന്‍സസ് കമ്മീഷണറുടെ കത്ത്. ജനുവരി അവസാനം നിയമസഭയുടെ ബജറ്റ് സമ്മേളനം ആരംഭിക്കും. പഞ്ചായത്ത് രാജ് നിയമത്തില്‍ ഭേദഗതി വരുത്തി നിയമം നടപ്പാക്കാനാണ് ഇപ്പോള്‍ നീക്കം. അതിന് ശ്രമിക്കുമ്പോള്‍ കൃത്യ സമയത്ത് തെരഞ്ഞെടുപ്പ് നടത്താന്‍ സാധിക്കില്ല. പിന്നെ ഏക പോംവഴി തെരഞ്ഞെടുപ്പ് നീട്ടി വയ്ക്കുക മാത്രം. ഇപ്പോള്‍ തന്നെ വോട്ടര്‍ പട്ടിക സംബന്ധിച്ച ഹര്‍ജി ഹൈക്കോടതിയില്‍ എത്തിക്കഴിഞ്ഞു. ഇനി നിയമ നിര്‍മാണം കൂടി നടത്തിയാല്‍ ഇതും കോടതിയില്‍ ചോദ്യം ചെയ്തേക്കാം. ഇതിനെ എങ്ങനെ മറികടക്കാം എന്ന് തലപുകഞ്ഞ് ആലോചനയിലാകും പിണറായിയുടെ ഉപദേശകരും നിയമ വിദഗ്ധരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: