തിരുവനന്തപുരം: വരാനിരിക്കുന്ന ഇടതു സര്‍ക്കാരിന്റെ മദ്യനയത്തിന് ചുവടുപിടിച്ച് വിദ്യാലയങ്ങളിലെ ലഹരി വിരുദ്ധ പ്രതിജ്ഞയില്‍ നിന്ന് മദ്യം പുറത്ത്. ഇതിനു മുന്നോടിയായി ഇന്നലെ സര്‍ക്കാര്‍ ഓഫീസുകളിലും വിദ്യാലയങ്ങളിലും ലഹരി വിരുദ്ധ പ്രതിജ്ഞ നടന്നതില്‍ മദ്യത്തിന്റെ പരാമര്‍ശമില്ല. സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ ചൊല്ലിയ ലഹരി വിരുദ്ധ പ്രതിജ്ഞയില്‍ മദ്യത്തെപ്പറ്റി ഒരക്ഷരം പോലും പരാമര്‍ശിക്കുന്നില്ല. എന്നാല്‍, 2019ലെ പ്രതിജ്ഞയില്‍ മദ്യത്തെപ്പറ്റി പരാമര്‍ശിച്ചിരുന്നു.
‘നാളത്തെ കേരളം ലഹരി മുക്ത നവകേരളം’ എന്ന പേരില്‍ നടന്ന തീവ്രയജ്ഞ ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി രൂപീകരിച്ച ലഹരി വിരുദ്ധ കമ്മിറ്റികള്‍ മുഖേനയാണ് എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും വിദ്യാലയങ്ങളിലും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിയത്. 2019ല്‍ ചൊല്ലാനായി പുറത്തിറക്കിയ ലഹരിവിരുദ്ധ പ്രതിജ്ഞയില്‍ തുടക്കത്തില്‍ തന്നെ മദ്യം സാമൂഹിക വിപത്താണെന്ന് പരാമര്‍ശിച്ചിരുന്നു. എന്നാല്‍, ഇന്നലെ ചൊല്ലാനായി പുറത്തിറക്കിയ ലഹരി വിരുദ്ധ പ്രതിജ്ഞയില്‍ നിയമവിരുദ്ധ ലഹരി പദാര്‍ത്ഥങ്ങള്‍ എന്ന വാക്കു മാത്രമാണ് ഉപയോഗിച്ചത്. സര്‍ക്കാര്‍ ഔട്ട്ലെറ്റു വഴി നല്കുന്ന നിയമപരമായ മദ്യം ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്ന സന്ദേശമാണ് സ്കൂളുകളില്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഓഫീസുകളില്‍ ചൊല്ലിയ പ്രതിജ്ഞയില്‍ സര്‍ക്കാര്‍ പറയാതെ പറഞ്ഞത്.
മദ്യം, മയക്കുമരുന്ന്, പുകയില, പാന്‍ മസാല, തുടങ്ങിയ ലഹരി പദാര്‍ത്ഥങ്ങള്‍ എന്ന് ആരംഭിക്കുന്നതായിരുന്നു 2019ലെ പ്രവേശനോത്സവത്തോടനുബന്ധിച്ച് സ്കൂളുകളില്‍ ചൊല്ലിയ പ്രതിജ്ഞ. ഇന്നലത്തെ പ്രതിജ്ഞയില്‍ മയക്കുമരുന്നിന്റെ പേര് തുടക്കത്തില്‍ തന്നെ പ്രത്യേകം പരാമര്‍ശിക്കുന്നു. മദ്യത്തിന്റെ പേര് എങ്ങും പറയുന്നതുമില്ല. വകുപ്പ് മേധാവികളും ജില്ലാ കളക്ടര്‍മാരും പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിലെ മേധാവികളും ഓഫീസുകളില്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലാന്‍ പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് നിര്‍ദേശം നല്‍കിയത്.
എല്ലാ മാസത്തിലും ഒന്നാം തീയതി മദ്യഉപയോഗം കുറയ്ക്കുന്നതിന് വേണ്ടി ആചരിച്ചിരുന്ന ഡ്രൈ ഡേ സംസ്ഥാന സര്‍ക്കാര്‍ എടുത്തുമാറ്റാന്‍ ഒരുങ്ങുകയാണ്. മുമ്പും മദ്യ ലഭ്യതയെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ ഇടത് സര്‍ക്കാര്‍ നടപടി കൈക്കൊണ്ടിരുന്നു. ദേശീയ പാതയില്‍ നിന്നും നിശ്ചിത ദൂരപരിധിയില്‍ മാത്രമേ മദ്യശാലകള്‍ പ്രവര്‍ത്തിക്കാവൂയെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ദേശീയ പാതകളെ സംസ്ഥാന പാതകളാക്കി മാറ്റിയാണ് അന്ന് ഇടതു സര്‍ക്കാര്‍ വിധിയെ മറികടന്നത്. സംസ്ഥാനത്ത് പബ്ബുകളും മൈക്രോ ബ്രൂവറിയും ഉള്‍പ്പെടെയുള്ളവ ആരംഭിക്കുന്ന തരത്തില്‍ മദ്യ നയം ഫെബ്രുവരിയില്‍ സര്‍ക്കാര്‍ കൊണ്ടുവരാനിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: