കണ്ണൂര്‍: ഹെല്‍മെറ്റ് ധരിക്കാതെ വന്ന ഇരുചക്രവാഹനക്കാരന്റെ കഴുത്തില്‍ ‘കാലന്‍’ വന്ന് കുരുക്കിട്ടപ്പോള്‍ ആളൊന്ന് ഞെട്ടി. കറുത്തവസ്ത്രവും കൊമ്പും കൈയില്‍ ചുവന്ന കയറും ഗദയും. കണ്ടാല്‍ സാക്ഷാല്‍ കാലന്‍ തന്നെ. ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റുമില്ലാതെ അശ്രദ്ധമായി വണ്ടിയോടിച്ചാല്‍ ഞാന്‍ പിറകെത്തന്നെയുണ്ടാകുമെന്ന് കാലന്റെ മുന്നറിയിപ്പ്. ഒന്നും മനസിലാകാതെ നിന്ന ബൈക്ക് യാത്രികന്റെ അടുത്തേക്ക് പതിയെ ജില്ലാ കളക്ടര്‍ ടി.വി. സുഭാഷും പോലീസും എത്തിയപ്പോഴാണ് കാര്യം പിടികിട്ടിയത്.
ദേശീയ റോഡ് സുരക്ഷാവാരാചരണത്തിന്റെ ഭാഗമായി ജില്ലയില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘കാലന്റെ യാത്ര’ ബോധവല്‍ക്കരണ പരിപരിപാടിയിലായിരുന്നു സംഭവങ്ങള്‍ അരങ്ങേറിയത്. നിയമങ്ങള്‍ പാലിക്കുന്ന യാത്രക്കാര്‍ക്ക് സമ്മാനങ്ങള്‍ നല്‍കി അവരെ അഭിനന്ദിക്കാനും കാലന്‍ മറന്നില്ല.
റോഡ് സുരക്ഷാ നിയമങ്ങള്‍ പാലിക്കാതെയുള്ള യാത്ര മരണം വരുത്തിവെക്കുമെന്ന സന്ദേശമാണ് ‘കാലന്റെ യാത്ര’യിലൂടെ നല്‍കുന്നതെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് കലളക്ടര്‍ ടി.വി. സുഭാഷ് പറഞ്ഞു. അപകടമരണങ്ങള്‍ കൂടുതല്‍ ഉണ്ടാവുന്ന സാഹചര്യത്തില്‍ കാലന്റെ രൂപത്തില്‍ വന്ന് നേരിട്ട് നടത്തുന്ന ബോധവല്‍ക്കരണം അപകട തീവ്രതയെ കുറിച്ച് യാത്രക്കാര്‍ക്ക് കൂടുതല്‍ തിരിച്ചറിവ് നല്‍കുമെന്ന് ആര്‍ടിഒ വി.വി. മധുസൂദനന്‍ പറഞ്ഞു.
ജില്ലാ ആര്‍ടിഒ ഓഫീസ് പരിസരത്ത് നടന്ന പരിപാടിയില്‍ ജോയിന്റ് ആര്‍ടിഒ ബി. സാജു, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
















