കൊച്ചി: പുതുവര്‍ഷം ആഘോഷമാക്കുവാന്‍ ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്റ് സ്കൂട്ടര്‍ ഇന്ത്യ പുതുതലമുറ ബിഎസ്-6 ആക്ടീവ 6ജി വിപണിയിലെത്തിച്ചു. ദല്‍ഹി എക്സ് ഷോറൂം വില 63,912 രൂപ മുതലാണ്. ഏറ്റവും പുതിയ സാങ്കേതികവിദ്യയ്ക്കൊപ്പം 26 പുതിയ പേറ്റന്റ് ആപ്ളിക്കേഷന്‍ ഉപയോഗപ്പെടുത്തിയാണ് ബിഎസ്-6 ആക്ടീവ 6ജി വികസിപ്പിച്ചിട്ടുള്ളത്.
മെച്ചപ്പെടുത്തിയ ഹോണ്ട ഇക്കോ ടെക്നോളജി എന്ജിന് പിജിഎം-എഫ് 1 ഹെറ്റ് ആണ് ഇതിലുപുയോഗിച്ചിരിക്കുന്നത്. യുണിക് ഹോണ്ട എസിജി സ്റ്റാര്‍ട്ടര്‍, ഏതു സമയത്തും പ്രയാസം കൂടാതെ സ്റ്റാര്‍ട്ട് ചെയ്യാന്‍ സഹായിക്കുന്ന ഓട്ടോമാറ്റിക് ചോക്ക് സിസ്റ്റം, ശരിയായ അളവില്‍ ഇന്ധനം ലഭ്യമാക്കുന്ന പ്രോഗ്രാംഡ് ഫ്യുവല്‍ ഇന്ജക്ഷന് സംവിധാനം, ഇന്ധന ക്ഷമത വര്‍ധിപ്പിക്കുന്ന വിധത്തില്‍ ഘര്‍ഷണം കുറയ്ക്കുന്ന സംവിധാനം തുടങ്ങിയ നിരവധി സവിശേഷതകളോടെയാണ് ബിഎസ്-6 ഹോണ്ട ആക്ടീവ 6ജി നിരത്തിലെത്തിച്ചിട്ടുള്ളത്. മെച്ചപ്പെടുത്തിയ ഹെറ്റ് എന്ജിന് ഉപയോഗിക്കുന്നതിലൂടെ ഹോണ്ട ആക്ടീവ 6ജിയുടെ മൈലേജ് 10 ശതമാനം വര്‍ധിക്കും.
ഗ്രൗണ്ട് ക്ലിയറന്‍സ് വര്‍ധിപ്പിക്കുന്ന ടെലിസ്കോപിക് സസ്പെന്ഷന്, എന്ജിന് സ്റ്റാര്‍ട്ട്/ സ്റ്റോപ് സ്വിച്ച്, കോമ്പി ബ്രേക്കിംഗ് സിസ്റ്റം, 12 ഇഞ്ച് ഫ്രണ്ട് വീല്‍, മെച്ചപ്പെടുത്തിയ വീല്‍ ബേസ്, വര്‍ധിപ്പിച്ച ഫ്ളോര്‍ സ്പേസ്, ഡിസി എല്‍ഇഡി ഹെഡ്ലാമ്പ്, സീറ്റിനടിയില്‍ 18 ലിറ്റര്‍ സ്റ്റോറേജ് തുടങ്ങിയവയെല്ലാം ഇതിന്റെ വിശേഷതകളാണ്. ഇതിനെല്ലാം പുറമേ ആറുവര്‍ഷത്തെ സ്പെഷല്‍ വാറന്റി പാക്കേജും കമ്പനി ലഭ്യമാക്കിയിട്ടുണ്ട്.
മെറ്റാലിക് ഗ്ലിറ്റര്‍ ബ്ലൂ, പേള്‍ സ്പാര്ട്ടന് റെഡ്, ഡാസില്‍ യെല്ലോ, ബ്ലാക്ക്, പേള്‍ പ്രഷ്യസ് വൈറ്റ്, മാറ്റ് ആക്സിസ് ഗ്രേ എന്നിങ്ങനെ ആറു നിറങ്ങളില്‍ ബിഎസ്-6 ആക്ടീവ 6ജി ലഭ്യമാക്കിയിട്ടുണ്ട്. ഇതോടൊപ്പം സ്റ്റാന്‍ഡാര്‍ഡ്, ഡീലക്സ് പതിപ്പുകളും ലഭ്യമാണ്. വില യഥാക്രമം 63,912 രൂപ, 65,412 രൂപ വീതം മുതലാണ്.
”ബിഎസ്-6 നിബന്ധനയില്‍ പുറത്തിറക്കിയ ആക്ടീവ 125, എസ്പി 125 എന്നിവ ഇതിനകം 75000 യൂണിറ്റിനു മുകളില്‍ വില്‍പ്പന നടത്തിക്കഴിഞ്ഞു. ഇപ്പോള്‍ പുറത്തിറക്കുന്ന ബിഎസ്-6 ആക്ടീവ 6ജി ഈ മേഖലയില്‍ പുതിയൊരു വിപ്ലവംതന്നെ സൃഷ്ടിക്കുമെന്ന എനിക്ക് ആത്മവിശ്വാസമുണ്ടെന്ന് ബിഎസ്-6 ആക്ടീവ 6ജി പുറത്തിറക്കിക്കൊണ്ട് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പ്രസിഡന്റും സിഇഒയും മാനേജിംഗ് ഡയറക്ടറുമായ മിനോറു കാറ്റോ പറഞ്ഞു. ഇതു തങ്ങളുടെ ഇന്ത്യയിലെ ബിസിനസിനെ കൂടുതല്‍ വികസിപ്പിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനുവരി അവസാനത്തോടെയോ ഫെബ്രുവരി ആദ്യത്തോടെയോ രാജ്യത്തെ എല്ലാ ഡീലര്‍ഷിപ്പിലും ബിഎസ്-6 ആക്ടീവ 6ജി ലഭ്യമാകുമെന്ന് സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് സീനിയര്‍ വൈസ് പ്രസിഡന്റ് യാദവീന്ദര്‍ സിംഗ് ഗുലേരിയ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: