തിരുവനന്തപുരം: കളിയിക്കാവിളയില്‍ എസ്ഐയെ വെടിവച്ച് കൊന്ന ഭീകരര്‍ റിപ്പബ്ലിക് ദിനത്തില്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും സ്ഫോടനങ്ങള്‍ക്ക് പദ്ധതിയിട്ടിരുന്നു. എസ്ഐയെ വധിച്ച 17 അംഗ സംഘത്തിലെ മൂന്നുപേര്‍ചാവേറാകാന്‍ പരിശീലനം നേടിയവരാണെന്നും വെളിവായി. എസ്ഐയെ വെടിവച്ച് കൊന്ന അബ്ദുള്‍ ഷമീം, തൗഫീഖ് എന്നിവരെ ഉടുപ്പിയില്‍ നിന്നു പിടികൂടിയതോടെയാണ് നിര്‍ണായക വിവരങ്ങള്‍ തമിഴ്നാട് ക്യുബ്രാഞ്ചിന്ലഭിച്ചത്.
അബ്ദുള്‍ ഷമീമും തൗഫീഖും ഉള്‍പ്പെടുന്ന 17 അംഗ സംഘമാണ് ആയുധ പരിശീലനം നേടിയത്. മൂന്നു പേര് ചാവേറുകളാകാന്‍ പ്രത്യേക പരിശീലനം നേടി. നേപ്പാളിലെ കാഠ്മണ്ഡുവിലായിരുന്നു പരിശീലനം. തമിഴ്നാട് നാഷണല്‍ ലീഗിനെ കൂടാതെ ഐഎസ് പരിശീലന ക്യാമ്പിലുണ്ടണ്ടായിരുന്നവര്‍ ഉള്‍പ്പെടെയുള്ള തീവ്രവാദ സംഘങ്ങളും ഇതില്‍ പങ്കെടുത്തു. തുടര്‍ന്ന് ദല്‍ഹി, കര്‍ണാടക, തമിഴ്നാട്, കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ പരിശീലന ക്യാമ്പുകള്‍ നടത്തി. ദല്‍ഹിയും കര്‍ണാടകയും കേന്ദ്രീകരിച്ചായിരുന്നു പ്രധാന പ്രവര്‍ത്തനം. ഇവര്‍ കര്‍ണാടകയില്‍ സ്ഫോടനത്തിന് പദ്ധതിയിട്ടു. ഇതിന് ആയുധങ്ങളും സ്ഫോടകവസ്തുക്കളും ശേഖരിച്ചു. എന്നാല്‍, സ്ഫോടകവസ്തുക്കള്‍ പോലീസ് പിടികൂടിയതോടെ പദ്ധതി പൊളിഞ്ഞു. പിന്നീട് റിപ്പബ്ലിക് ദിനത്തില്‍ ഗുജറാത്ത്, ദല്‍ഹി അടക്കമുള്ള സംസ്ഥാനങ്ങളില്‍ സ്ഫോടനങ്ങള്‍ക്ക് ഗൂഢാലോചന നടത്തിയതായും പ്രതികള്‍ സമ്മതിച്ചു. എന്നാല്‍, ഗൂഢാലോചനയില്‍ പങ്കെടുത്തവരുടെ വിവരങ്ങള്‍ ഇവര്‍ പോലീസിന് നല്‍കിയിട്ടില്ല.
മുംബൈയില്‍ നിന്ന് തോക്കെത്തിച്ച ബെംഗളൂരു സ്വദേശി ഇജാസ് പാഷ, അബ്ദുള്‍ ഷമീം, തൗഫീഖ് എന്നിവരെ ഒരുമിച്ചിരുത്തി തമിഴ്നാട് ക്യുബ്രാഞ്ച്, ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച്, കര്‍ണാടക ഭീകര വിരുദ്ധസേന, എന്‍ഐഎ എന്നിവ ചോദ്യം ചെയ്തപ്പോഴാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. ഇവരുടെ കൂട്ടാളികളായമൂന്നുപേരെ ബെംഗളൂരുവില്‍ നിന്ന് തമിഴ്നാട് ക്യുബ്രാഞ്ച് പിടികൂടിയിരുന്നു. തങ്ങളെ ലക്ഷ്യം വയ്ക്കരുതെന്ന മുന്നറിയിപ്പ് നല്‍കാനായിരുന്നു ഇവര്‍ ഭീകര വിരുദ്ധ സംഘത്തിലുണ്ടായിരുന്ന വില്‍സണെ കൊലപ്പെടുത്തിയത്. കൊലപാതകം നടന്നതിന് തലേന്നും വില്‍സണെ ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടുവെന്ന് പ്രതികള്‍ പോലീസിനോട് സമ്മതിച്ചു.
ഇന്ന് പ്രതികളെ തമിഴ്നാട്ടിലെത്തിക്കുമെന്നാണ് സൂചന. കേരളത്തിലടക്കം ഭീകര പ്രവര്‍ത്തനം നടത്തിയെന്ന് വ്യക്തമായാല്‍ സംസ്ഥാനത്തും ഇവര്‍ക്കെതിരെ കേസെടുക്കും. തുടര്‍ന്ന് കസ്റ്റഡിയില്‍ വാങ്ങും. തമിഴ്നാട് ഡിജിപിയോട് സംസ്ഥാന ഡിജിപി കേസിന്റെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടു. തിരുനെല്‍വേലി സ്വദേശികളായ രണ്ട് പേര് ഉള്‍പ്പെടെ കളിയിക്കാവിള ആക്രമണവുമായി ബന്ധപ്പെട്ട് 18 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ഈസ്റ്ററിന് ശ്രീലങ്കയിലെ ക്രിസ്ത്യന്‍ പള്ളിയില്‍ ഭീകരാക്രമണം നടത്തിയതിനു ശേഷമുള്ള അന്വേഷണത്തിനിടെ കേരളത്തില്‍ ഐഎസ് ബന്ധമുള്ള ഇസ്ലാമിക ഭീകരര്‍ ആക്രമണത്തിനു തയാറെടുക്കുന്ന വിവരങ്ങള്‍ ജന്മഭൂമി പുറത്തുകൊണ്ടു വന്നിരുന്നു. കേരളത്തില്‍ ചാവേര്‍ ആക്രമണത്തിന് പത്തു പേര്‍ക്ക് പരിശീലനം ലഭിച്ചിട്ടുണ്ടെന്ന് 2019 മെയ് എട്ടിന് ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ടുകള്‍ ശരിവയ്ക്കുന്ന കണ്ടെത്തലുകളാണ് ഇപ്പോള്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ പങ്കുവയ്ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: