ശബരിമല: അയ്യപ്പന്മാരായെത്തി അയ്യനേയും തൊഴുത് മകരജ്യോതിയും പൊന്നമ്പലമേട്ടില്‍ തെളിഞ്ഞ മകരവിളക്കും കണ്ട് ഭക്തര്‍ മലയിറങ്ങി. ദിവസങ്ങളായി പര്‍ണശാലകള്‍ കെട്ടി ശരണമന്ത്രം ഉരുവിട്ട് കാത്തിരുന്ന ഭക്തലക്ഷങ്ങളാണ് മകരവിളക്കും മകരനക്ഷത്രവും അയ്യപ്പന്റെ തിരുവാഭരണംചാര്‍ത്തിയ ദിവ്യരൂപവും കണ്ടുതൊഴുത് ആത്മനിര്‍വൃതിയോടെ കാടിറങ്ങിയത്.
പുഷ്പാലംകൃതമായ സന്നിധാനത്ത് രാവിലെ മുതല്‍ തീര്‍ഥാടകരുടെ നല്ല തിരക്കായിരുന്നു. പുലര്‍ച്ചെ 2.09നായിരുന്നു മകര സംക്രമപൂജ. അതുകൊണ്ടുതന്നെ പതിവില്‍ കൂടുതല്‍ തീര്‍ത്ഥാടകര്‍ ഉച്ചപൂജയ്ക്ക് മുന്‍പുതന്നെ ദര്‍ശനം നടത്തി. ഉച്ചപൂജയ്ക്കുശേഷം പതിനെട്ടാംപടിയിലൂടെ തീര്‍ത്ഥാടകരെ കയറ്റുന്നത് നിര്‍ത്തിയിരുന്നു.
വൈകിട്ട് അഞ്ചിന് തിരുനട തുറന്നപ്പോള്‍ തിരുമുറ്റം ഭക്തരെക്കൊണ്ട് നിറഞ്ഞു. പന്തളം കൊട്ടാരത്തില്‍ നിന്ന് കൊണ്ടുവരുന്ന തിരുവാഭരണം വൈകിട്ട് അഞ്ചുമണിയോടെ ശരംകുത്തിയില്‍ എത്തി. ഈ സമയം ശ്രീകൃഷ്ണപ്പരുന്ത് തിരുവാഭരണത്തിന്റെ വരവറിയിച്ച് കൊടിമരത്തിന് മുകളില്‍ വട്ടമിട്ട് പറന്ന് തിരികെ മടങ്ങി. തുടര്‍ന്ന് തിരുവാഭരണ ഘോഷയാത്രയെ ശബരിമലദേവസ്വം എക്സി ക്യൂട്ടീവ് ഓഫീസര്‍ വി.എസ്. രാജേന്ദ്രപ്രസാദിന്റെ നേതൃത്വത്തില്‍ ശരംകുത്തിയില്‍നിന്ന് സ്വീകരിച്ച് ആറിന് സന്നിധാനത്തെത്തിച്ചു. പതിനെട്ടാം പടിക്ക് മുകളില്‍ കൊടിമരച്ചുവട്ടില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു, അംഗങ്ങളായ വിജയകുമാര്‍, കെ.എസ്.
രവി, സ്പെഷ്യല്‍ കമ്മീഷണര്‍ മനോജ് എന്നിവര്‍ സ്വീകരിച്ച് സോപാനത്തേക്കാനയിച്ചു. തന്ത്രി കണ്ഠര് മഹേഷ് മോഹനരും മേല്‍ശാന്തി സുധീര്‍ നമ്പൂതിരിയും ചേര്‍ന്ന് തിരുവാഭരണ പേടകം ഏറ്റുവാങ്ങി. ശ്രീകോവില്‍ നട അടച്ച് ആഭരണങ്ങള്‍ അയ്യപ്പന് ചാര്‍ത്തി. തുടര്‍ന്ന് ദീപാരാധനയെ തുടര്‍ന്ന് നടതുറന്നു. ഈ സമയം ആകാശത്ത് മകര നക്ഷത്രം ഉദിച്ചുയര്‍ന്നു. തുടര്‍ന്ന് കിഴക്ക് പൊന്നമ്പലമേട്ടില്‍ മകരജ്യോതിയും തെളിഞ്ഞതോടെ സഹസ്രകണ്ഠങ്ങളില്നിന്ന് ശരണംവിളികള് ഉയര്‍ന്ന് പൂങ്കാവനമാകെ പ്രതിധ്വനിച്ചു.
കാത്തിരിപ്പിന് വിരാമമിട്ട് പതിനെട്ടാംപടി വഴിയുള്ള ദര്‍ശനം അനുവദിച്ചതോടെ വീണ്ടും അണിമുറിയാത്ത ഭക്തജന പ്രവാഹം. പിന്നാലെ അയ്യപ്പന് ജീവസമാധിയായ മാളികപ്പുറത്തെ മണിമണ്ഡപത്തില്‍ നിന്ന് പതിനെട്ടാം പടിയിലേക്ക് അയ്യപ്പന്റെ എഴുന്നള്ളത്തു നടന്നു. മകരജ്യോതി ദര്‍ശനത്തിനായി സന്നിധാനത്തും പരിസരത്തും പതിനായിരക്കണക്കിന് തീര്‍ഥാടകരാണ് തമ്പടിച്ചിരുന്നത്. തിരുമുറ്റം, മാളികപ്പുറം അന്നദാനമണ്ഡപത്തിന് സമീപം, പാണ്ടിത്താവളം, കൊപ്രാക്കളം, ജീപ്പ്റോഡിന് സമീപം, ശരംകുത്തി, നീലിമല, പമ്പ, പുല്ലുമേട്, പാഞ്ചാലിമേട് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് തീര്‍ത്ഥാടകര്‍ മകരജ്യോതി കണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: