ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ വ്യാപാര ഭീമന്മാരായ ആമസോണിനും ഫ്ലിപ് കാർട്ടിനുമെതിരെ കേന്ദ്ര അന്വേഷണം. ആമസോണും ഫ്ലിപ്പ്കാർട്ടും സ്മാര്‍ട് ഫോണ്‍ വില്‍പ്പനയില്‍ അനാരോഗ്യകരമായ മത്സരം നടത്തിയെന്ന ആരോപണം അന്വേഷിക്കണമെന്ന് കോംപറ്റീഷന്‍ കമ്മിഷന് ഓഫ് ഇന്ത്യ (സിസിഐ.) നിര്‍ദേശിച്ചു. സിസിഐയുടെ അന്വേഷണ വിഭാഗത്തിന്റെ ഡയറക്ടര്‍ ജനറലിനോടാണ് ഇക്കാര്യം നിര്‍ദേശിച്ചത്.
വമ്പന്‍ ഡിസ്കൗണ്ടുകള്‍ക്ക് പുറമെ എക്സ്ക്ലൂസീവ് ബ്രാന്‍ഡ് ലോഞ്ചുകള്‍, അതത് പ്ലാറ്റ് ഫോമുകളില്‍ തിരഞ്ഞെടുത്ത മൊബൈല്‍ വില്‍പ്പനക്കാര്‍ക്ക് ലഭിക്കുന്ന പ്രത്യേക പരിഗണന എന്നിവയെല്ലാം സിസിഐ നിയോഗിക്കുന്ന സമിതി അന്വേഷിക്കും. അനാരോഗ്യകരമായ മത്സരമുണ്ടെന്നാണ് കോംപറ്റീഷന്‍ കമ്മിഷന് ഓഫ് ഇന്ത്യയുടെ വിലയിരുത്തല്‍. വില്‍പ്പനക്കാരുമായി ആമസോണും ഫ്ലിപ്പ്കാർട്ടും നേരിട്ട് കരാറുണ്ടാക്കുന്നതും ചിലര്‍ക്ക് മുന്‍ഗണന നല്‍കുന്നതും പരാതിയില്‍ ചോദ്യം ചെയ്യുന്നു. വിഷയത്തില്‍ അറുപതു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് അന്വേഷണ സമിതിയോട് സിസിഐ ആവശ്യപ്പെട്ടിട്ടുണ്ട്.
കോംപറ്റീഷന്‍ കമ്മിഷന് ഓഫ് ഇന്ത്യയുടെ ഡയറക്ടര്‍ ജനറലാവും കമ്പനികള്‍ക്ക് എതിരെയുള്ള അന്യേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കുക. ഇതിനുപുറമെ സ്മാര്‍ട്ട് ഫോണുകള്‍ക്ക് വലിയ വിലക്കിഴിവ് നല്കല്, വിപണിയിലെ മുന്‍നിരസ്ഥാനം ദുരുപയോഗം ചെയ്യല്‍ എന്നിവയും അന്വേഷിക്കും. 2002-ലെ കോംപറ്റീഷന്‍ നിയമത്തിലെ വിവിധ വകുപ്പുകളുടെ ലംഘനമാണ് കമ്പനികള്‍ നടത്തുന്നതെന്നും പരാതിയുണ്ട്. അതേസമയം, ആമസോണും ഫ്ലിപ്പ്കാർട്ടും അന്വേഷണത്തിനോട് പൂര്‍ണമായും സഹകരിക്കുമെന്നും ഇതില്‍ ഭയപ്പെടെണ്ടതില്ലെന്നും വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: