മുംബൈ: ഇന്ത്യയ്ക്കെതിരേ ആദ്യ ഏകദിനത്തില്‍ ഓസ്ട്രേലിയയ്ക്കു 256 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടിയ ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശിഖര്‍ ധവാനും ചേര്‍ന്ന് കരുതലോടെയാണു തുടങ്ങിയത്. എന്നാല്‍, അഞ്ചാം ഓവറില്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ രോഹിത് പുറത്തായി. കവറിലൂടെ ബൗണ്ടറി നേടാനുള്ള രോഹിതിന്റെ ശ്രമം ഫലം കണ്ടില്ല. ഡേവിഡ് വാര്‍ണര്‍ക്ക് ക്യാച്ച് നല്കി പത്തു റണ്‍സോടെ രോഹിത് മടങ്ങി. മൂന്നാം സ്ഥാനത്തേക്ക് മാറ്റപ്പെട്ട കെ.എല്‍. രാഹുല്‍ എത്തിയതോടെ ഇന്ത്യന്‍ സ്കോറിങ്ങിന് മെല്ലെ വേഗത ഏറി. ധവാനോടൊപ്പം ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ രാഹുല്‍ ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തത് 121 റണ്‍സാണ്. ഇന്ത്യന്‍ ഇന്നിങ്സിലെ ഏറ്റവും വലിയ കൂട്ടുകെട്ടും ഇതായിരുന്നു. അര്‍ധസെഞ്ച്വറിക്ക് മൂന്നു റണ്‍സ് അകലെ രാഹുല്‍ പുറത്തായി. അഗാറിന്റെ പന്തിന്റെ സ്മിത്തിന് ക്യാച്ച് നല്കി 47 റണ്‍സിന് രാഹുല്‍ മടങ്ങി. പിന്നീട് ക്യാപ്റ്റന്‍ വിരാട് കോഹ്ലി എത്തിയതോടെ കാണികള്‍ ആവേശത്തിലായി.
ധവാന് അര്‍ധസെഞ്ച്വറി പിന്നിട്ടതോടെ റണ്‍റേറ്റ് ഉയര്‍ത്താനുള്ള ശ്രമത്തില്‍ കമ്മിന്‍സിന്റെ പന്തില്‍ അഗാറിനു ക്യാച്ച് നല്കി പുറത്തായി. 91 പന്തില്‍ 74 റണ്‍സ് നേടിയ ധവാനാണ് ഇന്ത്യയുടെ ടോപ്സ്കോറര്‍. 16 റണ്‍സിന് സാംപയുടെ പന്തില്‍ ക്യാച്ച് ആന്‍ഡ് ബൗള്‍ഡ് ആയി കോഹ്ലി പുറത്താകുമ്പോള്‍ 31 ഓവറില്‍ നാലു വിക്കറ്റിന് 156 റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യ. തൊട്ടുപിന്നാലെ ശ്രേയസ് അയ്യറും പുറത്തായതോടെ ഇന്ത്യ തകര്‍ച്ച മുന്നില്‍ കണ്ടു തുടങ്ങി. എന്നാല്‍, വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തും രവീന്ദ്ര ജഡേജയും ചേര്‍ന്ന് ഭേദപ്പെട്ട കൂട്ടുകെട്ട് പടുത്തിയര്ത്തയതോടെയാണു മാന്യമായ സ്കോറിലേക്ക് ഇന്ത്യയെത്തിയത്. പന്ത 28 റണ്‍സും ജഡേജ 25 റണ്‍സുമാണ് നേടിയത്. പിന്നാലെ ശ്രദ്ധുല്‍ ഠാക്കൂര്‍ 13 റണ്‍സ് നേടി പുറത്തായി. അവസാന ഓവറില്‍ കുല്‍ദീപ് യാദവിന്റെ ബൗണ്ടറികള്‍ കൂടി എത്തിയതോടെയാണു സ്കോര്‍ 250 കടന്നത്. ഓസ്ട്രേലിയ്ക്കു വേണ്ടി സ്റ്റാര്‍ക്ക് മൂന്നു വിക്കറ്റും കമ്മിന്‍സും റിച്ചാര്‍ഡ്സണും രണ്ടു വിക്കറ്റ് വീതവും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: