തിരുവനന്തപുരം: കളിയിക്കാവിളയില്‍ എസ്ഐയെ കൊല്ലാന്‍ ഭീകരര്‍ക്ക് തോക്ക് എത്തിച്ചു നല്‍കിയത് കഴിഞ്ഞ ദിവസം അറസ്റ്റിലായ ബെംഗളൂരു സ്വദേശി ഇജാസ് പാഷയെന്ന് തമിഴ്നാട് ക്യുബ്രാഞ്ച് സ്ഥിരീകരിച്ചു. ആക്രമണത്തിന് മുന്‍പ് രണ്ട് ദിവസം ഭീകരര്‍ നെയ്യാറ്റിന്‍കര മുസ്ലിം പള്ളിയില്‍ എത്തിയിരുന്നതായും ക്യുബ്രാഞ്ച് കണ്ടെത്തി. ഭീകരര്‍ക്ക് സഹായം ചെയ്ത പള്ളിയിലെ മുക്രി ജാഫറിനെ അറസ്റ്റ് ചെയ്തു.
കര്‍ണാടകയിലെ രാമനഗരിയില്‍ നിന്നാണ് ടാക്സി ഡ്രൈവറായ ഇജാസ് പാഷ ഉള്‍പ്പെടെ അഞ്ചുപേരെ ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് നിരോധിത തീവ്രവാദ സംഘടനയായ അല്‍ ഉമയുമായി ബന്ധമുണ്ടെന്നും സ്ഥിരീകരിച്ചു. മുംബൈയില്‍ നിന്ന് ലഭിച്ച തോക്ക് ബെംഗളൂരുവില്‍ വച്ച് തൗഫീക്കിന് കൈമാറുകയായിരുന്നുവെന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചു. തൗഫീഖിനും അബ്ദുള്‍ സമീമിനും അല്‍ ഉമയുമായുള്ള ബന്ധം നേരത്തെ സ്ഥിരീകരിച്ചിട്ടുണ്ട്.
ഞായറാഴ്ച രാത്രിയാണ് തമിഴ്നാട് പോലീസ് സംഘം നെയ്യാറ്റിന്‍കര പള്ളിയില്‍ നിന്ന് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചത്. ഈ മാസം ഏഴിനും എട്ടിനും ഭീകരര്‍ പള്ളിയിലെത്തിയതിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. അതിനു ശേഷമാണ് പ്രതികള്‍ കളിയിക്കാവിളയിലേക്ക് പോയത്. പള്ളിയിലെ മുക്രി ജാഫറിന് ഭീകരര്‍ ബാഗ് കൈമാറുന്ന ദൃശ്യങ്ങളും പോലീസിന് ലഭിച്ചു. ആക്രമണത്തിനുള്ള എല്ലാ പദ്ധതികളും ആവിഷ്കരിച്ച ശേഷമാണ് പ്രതികള്‍ നെയ്യാറ്റിന്‍കരയില്‍ നിന്ന് പോയതെന്നാണ് ക്യുബ്രാഞ്ചിന്റെ നിഗമനം. ഇതിനുള്ള എല്ലാ സഹായവും ചെയ്തു നല്‍കിയത് വിതുര സ്വദേശി സെയ്ദലി ആണ്. ഇയാള്‍ ഭീകരര്‍ക്ക് നെയ്യാറ്റിന്‍കരയില്‍ വീട് വാടകയ്ക്കെടുത്ത് നല്കി. ആക്രമണത്തിന്റെ പിറ്റേന്നു മുതല്‍ സെയ്ദലി ഒളിവിലാണ്.
പള്ളിയില്‍ ദിവസവും നിരവധി പേര് വന്നുപോകുന്നുണ്ടെന്നും ചിലര്‍ വിശ്രമിച്ച ശേഷം അടുത്ത ദിവസമേ പോകാറുള്ളുവെന്നുമാണ് പള്ളി അധികൃതര്‍ തമിഴ്നാട് പോലീസിനോട് പറഞ്ഞത്. പള്ളിക്ക് എതിര്‍വശത്തുള്ള കടകളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ തമിഴ്നാട് പോലീസിന് ലഭിച്ചിട്ടില്ല. സിസിടിവികള്‍ തകരാറിലെന്നാണ് കടയുടമകള്‍ പറയുന്നതെന്ന് തമിഴ്നാട് പോലീസ് പറഞ്ഞു.
നെയ്യാറ്റിന്‍കര റെയില്‍വേ സ്റ്റേഷനിലെ സിസിടിവികള്‍ തകരാറിലായതിനാല്‍ അവിടത്തെ ദൃശ്യങ്ങളും പരിശോധിക്കാനായില്ല. ഏഴാം തീയതി പള്ളിയിലെത്തിയ ഇവര്‍ കളിയിക്കാവിളയിലേക്ക് പോയെന്നും തങ്കം ലോഡ്ജില്‍ മുറിയെടുത്ത് പകല്‍ മുഴുവന്‍ താമസിച്ചശേഷം വൈകിട്ടോടെ മടങ്ങിയതായും ക്യുബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.
അതിനിടെ ഭീകരരുടെ വിവിധതരത്തിലുള്ള ചിത്രങ്ങള്‍ ഇന്നലെ പോലീസ് പുറത്തുവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: