കഴിഞ്ഞ ഡിസംബര്‍ 12ന്ലോക്സഭ ഒന്നായി അനുകൂലിച്ച ഒരു വിഷയത്തിലാണ് ചര്‍ച്ച നടന്നത്.31 പേര് ചര്‍ച്ചയില്‍ പങ്കെടുക്കുകയും സംസ്കൃതത്തിലും ഹിന്ദിയിലും ഇംഗ്ലീഷിലും മറ്റു ഭാഷകളിലുമായി ഭാരതത്തിന്റെ മഹത്വവും സംസ്കൃതത്തിന്റെ പ്രാധാന്യവും ഉദ്ഘോഷിച്ച അസുലഭ സന്ദര്‍ഭമായിരുന്നു അത്. വളരെക്കാലമായി ചര്‍ച്ച ചെയ്തു വരുന്ന- സംസ്കൃത പഠനത്തിന് എന്ത് ചെയ്യണമെന്ന- വിഷയത്തില്‍ (1956-57 ലെ സംസ്കൃത കമ്മീഷന് മുതല്‍ 1994 സുപ്രീംകോടതി വിധി വരെ) അനവധി സന്ദര്‍ഭങ്ങളില്‍ തീരുമാനങ്ങളും നിര്‍ദ്ദേശങ്ങളും വന്നെങ്കിലും അവയെല്ലാം വെള്ളത്തിലെ വരകളായി മാറി എന്ന് മാത്രം. ഒരു പുതിയ പരിഹാരം കേന്ദ്ര സര്‍ക്കാരിന്റെ പക്ഷത്തുനിന്നും വന്ന സന്ദര്‍ഭത്തിലാണ് സംസ്കൃതത്തിനനുകൂലമായി ഇപ്പോള്‍ ഭാരതഹൃദയം സ്പന്ദിച്ചിരിക്കുന്നത്.
വൈദിക ഋഷിമാര്‍ കണ്ടതും ആദിശങ്കരാചാര്യര്‍ മുതലായവര്‍ അനുഭവിച്ചതും സ്വാമിവിവേകാനന്ദന്, മഹര്‍ഷി അരവിന്ദന്, ഗാന്ധിജി, അംബേദ്കര്‍ തുടങ്ങിയ ദേശീയ മനീഷികള്‍ വിഭാവനം ചെയ്തതുമായ ഭാരതീയ വിചാരധാരയുടെ മാധ്യമവും ഭാഷാ ദൃഷ്ടിയില് ഭാരതത്തെ ഒന്നാക്കാന്‍ അസാമാന്യ സാമര്‍ത്ഥ്യം ഉള്ളതുമായ സംസ്കൃതഭാഷ വീണ്ടും സജീവമാകുന്നതിന്റെ ദൃശ്യമായിരിക്കാം ഈചര്ച്ചയ്ക്ക് വഴിതെളിച്ചത്.സ്വാതന്ത്ര്യ സമരകാലം മുതല്‍ മുഴങ്ങിയിരുന്നആശയും ആവശ്യവുമായിരുന്നു സംസ്കൃതപഠനത്തിനുള്ള അവസര നിര്‍മ്മാണം.
1961 മുതല്‍ തിരുപ്പതിയില്‍ തുടങ്ങിയ രാഷ്ട്രീയ സംസ്കൃത വിദ്യാപീഠം മുതലിങ്ങോട്ട് 17 സംസ്കൃത സര്‍വ്വകലാശാലകള്‍ ഉണ്ടായെങ്കിലും ദിശാബോധത്തിന്റെ അഭാവമോ അധികാരികളുടെ അലംഭാവമോ കാരണമായി വെറും യൂണിവേഴ്സിറ്റികള്‍ ആയി നടന്നുവരുന്നു.സംസ്കൃതവിദ്യാഭ്യാസം ഇന്ന് നേരിടുന്ന പ്രശ്നങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനോ, ഭാരതീയ വിജ്ഞാനശാഖകളെയഥോചിതം പരത്താനോ, വളര്‍ത്താനോ ഇവയ്ക്കായില്ല. ഈയൊരു ഘട്ടത്തിലാണ് കേന്ദ്രീയ സംസ്കൃത സര്‍വകലാശാല എന്ന ആശയം ഉയര്‍ന്നു വരുന്നത്. ദേശീയമായ കാഴ്ചപ്പാടിലൂടെ ഭാരതത്തിലും വിദേശങ്ങളിലും സംസ്കൃതപഠന-ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കുക എന്നുള്ളതാണ് ഇവയുടെ കര്‍ത്തവ്യം.
സംസ്കൃതം ഒരു ഭാഷയായും ശാസ്ത്രമായും അഥവാ വിഷയമായും പഠിപ്പിയ്ക്കണം. കാരണം മറ്റേതൊരു ഭാഷയെ പോലെയും ആശയവിനിമയത്തിനും അതിലൂടെ ഭാഷാനിയമങ്ങള്‍ പഠിക്കുന്നതിനും കഴിയണം.ഒരു കാലത്ത് ഇത്തരം പ്രയോഗം ഉണ്ടായിരുന്നെങ്കിലും ക്രമേണ പ്രാദേശിക ഭാഷകള്‍ ഈ വിനിമയ കാര്യം ഏറ്റെടുക്കുകയും ഇംഗ്ലീഷിന്റെ ആധിപത്യം അടിച്ചേല്‍പ്പിക്കുകയും ചെയ്തതോടെ ഭാരതത്തിന്റെ പൊതുഭാഷ എന്ന രീതിയില്‍ നിന്നും സംസ്കൃതം തഴയപ്പെട്ടു.അതോടെ സംസ്കൃതമെന്നാല്‍ വ്യാകരണം എന്ന രീതിയില്‍ മാത്രം വ്യവഹരിക്കാനും പഠിപ്പിക്കാനും തുടങ്ങി.ക്രമേണശാസ്ത്രങ്ങള് പോലും, വിശിഷ്യ വേദാന്തം, ആയുര്‍വേദം,യോഗം, ജ്യോതിഷം, വാസ്തു തുടങ്ങിയ അത്യന്തം പ്രചാരത്തിലുള്ള വിഷയങ്ങള്‍ പോലും അനുവാദരീതിയില് മറ്റുഭാഷകള്‍ വഴി പഠിപ്പിക്കാന്‍ തുടങ്ങി. എന്തിന്, സംസ്കൃതവും കൂടി ഭാഷാന്തരേണ വ്യാകരണാനുവാദപദ്ധതി വഴി പഠിപ്പിച്ചുതുടങ്ങി. ഇത് സംസ്കൃതത്തിന്റെ അടിവേര് തന്നെ പിഴുന്ന രീതിയില്‍ ശക്തിപ്രാപിച്ചു. ഇതിനെ മാറ്റി സംസ്കൃതത്തിന്റെ ഭാഷാപ്രയോഗം ദൃഢീകരിക്കാന്‍ സംസ്കൃതഭാരതി പോലുള്ള സന്നദ്ധസംഘടനകള്‍ പ്രവര്‍ത്തനം തുടങ്ങി.ഏതാണ്ട് 40 പതിറ്റാണ്ടുകളുടെ തുടര്‍ച്ചയായ പ്രവര്‍ത്തനം മൂലംസരളമാനക സംസ്കൃതം എന്നസംസ്കൃതത്തിന്റെ ഭാഷാപ്രയോഗകൗശലത്തിന്റെ ആധാരമായ ഭാഗം സര്‍വ്വകലാശാലകളും പണ്ഡിതലോകവും സംസ്കൃത സംഭാഷണ ശിബിരങ്ങളുടെഅനുഭവ ബലത്താല്‍ അംഗീകരിച്ചു.
ബ്രിട്ടീഷ് ഭരണം 1800കളില്‍ തുടങ്ങിവെച്ച പാരമ്പര്യ പഠനരീതികളുടെ ബദല്‍ സംവിധാനത്തിന്റെ ദൂഷ്യവശങ്ങളെ മാറ്റാനും 1956ലെയും തുടര്‍ന്നുമുണ്ടായ സംസ്കൃതകമ്മീഷനുകളുടെയും നിര്‍ദ്ദേശങ്ങളെ ഫലപ്രദമായി നടപ്പിലാക്കുന്നതിനും സമയാസമയങ്ങളില്‍ ഉണ്ടായ കോടതിവിധികളുടെ യോഗ്യമായ നടത്തിപ്പിനും അതിലുപരിയായി ദേശീയ മാനവീയകാഴ്ചപ്പാടുകളുള്ള മഹാമനീഷികളുടെ അഭിപ്രായങ്ങളെമാനിക്കുന്നതിനുമുള്ള ഒരു നീക്കമായി ഈ കേന്ദ്രീയ സംസ്കൃതസര്‍വകലാശാലാ ബില്ലിനെ നമുക്ക് കാണാം.
ഇപ്പറഞ്ഞ എല്ലാ നിര്ദ്ദേശങ്ങളിലുംസംസ്കൃത ഭാഷയും സാഹിത്യശാസ്ത്രാദികളും ഭാരതത്തിന്റെ സാംസ്കാരികതയ്ക്ക്, ഐക്യത്തിന്, പാരമ്പര്യത്തിന് എന്തിനേറെ സര്‍വോന്നതമായ മാനവികതയ്ക്ക്, മനുഷ്യന്റെ ആദര്‍ശപരമായ വികാസത്തിന് ഒഴിച്ചുകൂടാനാവാത്ത ഒന്നാണെന്നും കാണാം. അതുകൊണ്ടുതന്നെ ദേശ-വിദേശവ്യാപകമായി സംസ്കൃതം പഠിപ്പിക്കാനും പ്രചരിപ്പിക്കാനും ധാരാളം പ്രയത്നം വേണമെന്നുമുള്ള പ്രബലമായ അഭിപ്രായം കാണാവുന്നതാണ്. സാങ്കേതികവിദ്യ ശക്തമായിരിക്കുന്ന ഈ സന്ദര്ഭത്തില്മൊത്തം ഭാഷകള്‍ തന്നെ അപ്രസക്തമായി കൊണ്ടിരിക്കുകയാണെന്ന് ഓരോ ഭാഷയുടേയും പ്രയോഗങ്ങള്‍ അവലോകനം ചെയ്താല്‍ കാണാവുന്നതാണ്. ആശയവിനിമയം മാത്രമാണ് ഭാഷയുടെ പ്രയോജനം എന്നു വന്നാല്‍ മുറിശബ്ദങ്ങളെകൊണ്ടും മിശ്രഭാഷകളെ കൊണ്ടും നടക്കുന്ന എസ്എംഎസ് ഭാഷയെന്നോ താന്ത്രികഭാഷയെന്നോ യാന്ത്രിക ഭാഷയെന്നോ എന്ത് വിളിക്കണമെന്നറിയാത്ത ഇന്ന് പ്രചാരത്തിലുള്ള മൊബൈല്‍ സന്ദേശ ഭാഷ മാത്രം അവശേഷിക്കും.
വ്യക്തിത്വ രൂപകല്പനയ്ക്കും സംസ്കാരങ്ങളുടെ സംരക്ഷണത്തിനും, വികാസത്തിനും മറ്റും ഭാഷ ഉപകരിക്കും എന്ന വസ്തുത അംഗീകരിക്കുമ്പോള്‍ ഈ സ്ഥിതിയില്‍ നിന്നും ഒരു ഭാവാത്മകമായ മാറ്റം അനിവാര്യമാണ്.ഭാരതത്തിലെ വൈവിധ്യങ്ങളെ (വിശിഷ്യ ഭാഷാ വൈവിധ്യത്തെ) സംരക്ഷിച്ചുകൊണ്ട് ദേശീയമായ ദൃഷ്ടിയോടെ ദ്രുതവും ശക്തവുമായ വികാസത്തിന് (അതും ലോകഹിതത്തിന് ചേര്‍ന്ന വിധത്തില്‍) യോഗ്യമായ രീതിയിലും സാര്‍വത്രികവുമായ സംസ്കൃത പഠനം ആവശ്യമാണ്.
ഇന്ന് നമ്മുടെ നാട്ടില്‍ പോലും അനുകരിക്കാന്‍ ശ്രമിക്കുന്ന അശാസ്ത്രീയമായ ഭാഷാനുവാദപദ്ധതിയും ഭണ്ഡാര്‍ക്കര്‍ പദ്ധതിയും പാശ്ചാത്യദൃഷ്ടികോണോടെ തയ്യാറാക്കി ഉപയോഗിക്കുന്ന ഓക്സ്ഫോര്‍ഡ്,കേംബ്രിഡ്ജ് പദ്ധതികള്‍ മാത്രം അവശേഷിക്കുകയും വികലമായ രീതിയില്‍ നമ്മുടെ ഗ്രന്ഥങ്ങളെ വിശകലനം ചെയ്യുകയും വിമര്‍ശിക്കുകയും മാത്രം ചെയ്യുന്ന ഒരു ഭാരതീയസമൂഹം മാത്രമായി നാം അവശേഷിക്കും. ഇതുമാത്രമല്ല ,ആദ്യകാല മാക്സ്മുള്ളറെ പോലെ(കൂടുതല്‍ കൂടുതല്‍ സംസ്കൃതപഠനത്തോടെ അവസാനകാലത്ത് മാക്സ്മുള്ളര്‍ വളരെ വ്യത്യസ്തനായിരുന്നു) ഷൊള്ഡന്പോള്ളോക്ക് പോലുള്ള പാശ്ചാത്യ ബുദ്ധിജീവികള്‍ മനസ്സിലാക്കിയ കാര്യങ്ങള്‍ മാത്രം അംഗീകരിക്കാന്‍ വിശിഷ്യ പാശ്ചാത്യലോകം നിര്‍ബന്ധിതമാകുന്ന അവസ്ഥാവിശേഷവും സംഭവിച്ചേക്കാം.
പാശ്ചാത്യവത്ക്കരണത്തെക്കുറിച്ചും ബൗദ്ധിക ആക്രമണത്തെ കുറിച്ചും നാം വിലപിക്കവെ നമ്മുടെ ബുദ്ധിബലത്തെ എന്തുകൊണ്ട് നാം അവഗണിക്കുന്നു? എതിര്‍പക്ഷത്തിന്റെ വാദങ്ങളെ, സംശയങ്ങളെ എതിര്‍പ്പുകളെ സ്വയം വിഭാവനം ചെയ്ത് പൂര്‍വ്വപക്ഷത്തെ അവതരിപ്പിച്ച് പ്രതിവാദങ്ങളും ഉത്തരങ്ങളും, ഉദാഹരണങ്ങളും, ശൈലികളും നിര്‍മ്മിച്ചിരുന്ന ഭാരതീയബുദ്ധിവൈഭവത്തെ ശിക്ഷണരീതിയെ ഗ്രന്ഥശൈലിയെ പ്രായോഗികമായ ശാസ്ത്രപരമ്പരയെ അറിയാന്‍ വളര്‍ത്താന്‍ നാം എത്രകണ്ട് പരിശ്രമിച്ചു എന്നതും ചിന്തിക്കേണ്ടതാണ്. ഇതിനെല്ലാം പരിഹാരമെന്ന നിലയില്‍ ഒരു ചുവടുവെപ്പായി ഈ കേന്ദ്രീയ സര്‍വകലാശാല ബില്ലിനെ നമുക്ക് കാണാം.ഇത്തരം ആവശ്യവും ആശയും ഇന്നും നമ്മുടെ സമൂഹത്തില്‍ നിലനില്ക്കുന്നു എന്നതിന്റെ ഉദാഹരണമായി സംസ്കൃതഭാഷയെ സംബന്ധിച്ച് ലോകസഭയില്നടന്ന ചര്‍ച്ചയെ നമുക്ക് വിലയിരുത്താം. പൂര്‍ണ ഭൂരിപക്ഷത്തോടെ ബില്ല് പാസാക്കുകയും ചെയ്തു എന്നതും സംസ്കൃതത്തിന്റെ മഹത്വം വെളിവാക്കുന്നു. ദേശീയ ഇച്ഛാശക്തിയാല്‍ ഉണ്ടായ ഈ ബില്ലിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ മാനവവിഭവശേഷി മന്ത്രാലയത്തിന് കീഴില്‍ 1961ല്‍ തുടങ്ങിയ തിരുപ്പതിയിലെ രാഷ്ട്രീയസംസ്കൃത വിദ്യാപീഠം 1969 ല്‍ ആരംഭിച്ച ലാല്‍ ബഹദൂര്‍ ശാസ്ത്രി രാഷ്ട്രീയസംസ്കൃത വിദ്യാപീഠം 1970 ല്‍ ആരംഭിച്ച കേന്ദ്ര സര്‍ക്കാരിന്റെ സംസ്കൃതപരിപോഷണത്തിനുള്ള സ്വതന്ത്ര സംഘടനയായി ആരംഭിച്ച രാഷ്ട്രീയ സംസ്കൃത സംസ്ഥാന് (രണ്ടായിരത്തില്‍ ഇത് മാനിത സര്‍വകലാശാലയായി) എന്നീ മൂന്നു സ്ഥാപനങ്ങളും കേന്ദ്രീയ സംസ്കൃത സര്‍വ്വകലാശാലകളായി മാറി.സംസ്കൃത പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം നല്‍കുന്നതിനാണ് ഈ ബില്ല് അവതരിപ്പിച്ചിരിക്കുന്നത്. ഭാരതത്തില്‍ നിലനില്‍ക്കുന്ന വിവിധ പാരമ്പര്യപാഠശാലകളുംപദ്ധതികളും ശക്തിപ്പെടുത്തുക, കാലാനുസൃതമായ രീതിയില്‍ സംസ്കൃതം പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനുള്ള സംവിധാനങ്ങള്‍ തുടങ്ങുക എന്നിവയാണ് മുഖ്യ ലക്ഷ്യങ്ങള്‍. അനൗപചാരികമായും ഔപചാരികമായും താല്‍പ്പര്യമുള്ളവര്‍ക്കൊക്കെ സംസ്കൃതം പഠിക്കാനുള്ള അവസരം ഇതുവഴി ലഭ്യമാകും.മാനേജുമെന്റും, സയന്‍സും, കൊമേഴ്സും മറ്റും പഠിക്കുന്നവര്‍ക്കും വിവിധ തൊഴിലുകളില്‍ ഏര്പ്പെട്ടിരിക്കുന്നവര്ക്കുമെല്ലാം ഈ പുതിയ വ്യവസ്ഥ വഴി ഓണ്‍ലൈനായും തപാല്‍ വഴിയും മറ്റും സംസ്കൃതം പഠിക്കാനും ഡിഗ്രികള്‍ സമ്പാദിക്കാനും കഴിയും. കൂടാതെ വിദേശങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന സംസ്കൃതപഠനതാല്പര്യത്തെ കൂടുതല്‍ ഫലപ്രദമാക്കി മാറ്റാനും
സാധിക്കും. അതിനനുസരിച്ച് അവിടങ്ങളിലെ സര്‍വകലാശാലകളുമായി ധാരണയിലേര്‍പ്പെട്ട് കോഴ്സുകള്‍ നടത്താനും ഇവയുടെ തന്നെ ചില കേന്ദ്രങ്ങള്‍ തുടങ്ങാനും ഇതുവഴി കഴിയും. ഇന്ന് വിദേശങ്ങളില്‍ ഉള്ളവര്‍ക്ക് ഔപചാരിക സംസ്കൃതപഠനത്തിന് വളരെ ബുദ്ധിമുട്ടുകള്‍ നിലവിലുണ്ട്. സര്‍ക്കാരുകളുടെ അനുമതിയും വിദേശങ്ങളിലെ വ്യവസ്ഥകളുമെല്ലാം അത്യന്തം വിഷമം പിടിച്ചതാണ്. എന്നാല്‍ കേന്ദ്രീയ സര്‍വകലാശാല എന്ന രീതിയില്‍ ചിലപ്രത്യേക അവകാശങ്ങള്‍ വഴി രാഷ്ടീയസംസ്കൃതസംസ്ഥാനും മറ്റും ഈ കഷ്ടപ്പാടുകളെ തരണം ചെയ്യാനും വ്യാപകമായി ആവശ്യാനുസാരം ആകര്‍ഷകമായ കോഴ്സുകള്‍ തുടങ്ങുന്നതിനും കഴിയട്ടെ.
(സംസ്കൃതഭാരതി അഖിലഭാരതീയ
സമ്പര്‍ക്ക പ്രമുഖാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: